കൊറോണക്ക് ശേഷമുള്ള ലോകം
Opinion
കൊറോണക്ക് ശേഷമുള്ള ലോകം
യുവാൽ നോഹ ഹരാരി
Wednesday, 25th March 2020, 1:03 pm

വിവര്‍ത്തനം: ആദര്‍ശ് ഓണാട്ട്

ഈ കൊടുങ്കാറ്റും കടന്നുപോകും. എന്നാൽ നമ്മൾ ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങളാകും വരും കാലത്ത് നമ്മുടെ ജീവിതത്തെ നിർണയിക്കുക.

മാനവരാശി ഇന്ന് ഒരു ആഗോള പ്രതിസന്ധി നേരിടുകയാണ്. ഒരുപക്ഷെ, നമ്മുടെ തലമുറ നേരിടേണ്ടി വന്നതിൽ വെച്ച് ഏറ്റവും വലിയ പ്രതിസന്ധി. അടുത്ത കുറച്ച് ആഴ്ചകളിൽ മനുഷ്യരും ഭരണകൂടങ്ങളും കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ നമ്മുടെ ലോകത്തെ തന്നെ രൂപപ്പെടുത്താൻ പോന്നതാണ്.

അവ നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, സംസ്‌കാരം എന്നിവയെല്ലാം രൂപപ്പെടുത്തും. നാം വേഗത്തിലും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്.

നമ്മൾ ഈ പ്രവർത്തനങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങളും കണക്കിലെടുക്കണം. ബദൽ മാർഗങ്ങൾ തേടുമ്പോൾ, പെട്ടെന്നുള്ള ഭീഷണിയെ എങ്ങനെ മറികടക്കാമെന്ന് മാത്രമല്ല, ഈ കൊടുങ്കാറ്റ് ശമിക്കുമ്പോൾ നാം ഏതുതരം ലോകത്ത് ജീവിക്കുമെന്നും സ്വയം ചോദിക്കണം. അതെ, ഈ കൊടുങ്കാറ്റ് കടന്നുപോകുക തന്നെ ചെയ്യും, മനുഷ്യവർഗം നിലനിൽക്കും. നമ്മളിൽ മിക്കവരും ജീവിക്കും. പക്ഷേ അത് ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായ ഒരു ലോകമായിരിക്കും.

ഹ്രസ്വകാലത്തേക്കെന്ന് കരുതി നമ്മൾ എടുത്ത പല അടിയന്തര നടപടികളും ജീവിതത്തിന്റെ തന്നെ ഭാഗമായി മാറും. അടിയന്തരാവസ്ഥയുടെ സ്വഭാവം അതാണ്. ചരിത്രപരമായ പ്രക്രിയകളെ അത് അതിവേഗം മുന്നോട്ട് കൊണ്ടുപോകും. സാധാരണയായി വർഷങ്ങൾ ആലോചിച്ചേടുത്തേക്കാവുന്ന തീരുമാനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ നടപ്പാക്കപ്പെടും.

പൂർണ്ണതയില്ലാത്തതും അപകടകരവുമായ സാങ്കേതികവിദ്യകൾ പോലും പല സേവനങ്ങൾക്ക് നമ്മുക്ക് ഉപയോഗിക്കേണ്ടി വരും. അതെന്തെന്നാൽ ഒന്നും ചെയ്യാതിരുന്നാൽ അത് അപകടസാധ്യതകൾ വലുതാക്കും.

വലിയ തോതിലുള്ള സാമൂഹിക പരീക്ഷണങ്ങളിൽ ലോകത്തെ മുഴുവൻ രാജ്യങ്ങളും ഗിനി പന്നികളായി തീരും. എല്ലാവരും വീട്ടിൽ നിന്ന് ജോലിചെയ്യുകയും അകലം പാലിച്ച്‌ ആശയവിനിമയം നടത്തുകയും ചെയ്യുമ്പോൾ എന്തുസംഭവിക്കും? മുഴുവൻ സ്കൂളുകളും സർവ്വകലാശാലകളും ഓൺ‌ലൈനിൽ പോകുമ്പോൾ എന്തുസംഭവിക്കും? സാധാരണ സമയങ്ങളിൽ, ഗവൺമെന്റുകളും ബിസിനസ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം പരീക്ഷണങ്ങൾ നടത്താൻ വിസ്സമ്മതിക്കും. എന്നാൽ ഇത് അത്തരം ഒരു സാധാരണ സമയമേയല്ല.

ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ, പ്രത്യേകിച്ച് രണ്ട് പ്രധാന തിരഞ്ഞെടുപ്പിനെ നമ്മൾക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്നു. ഒന്നാമത്തേത് ഏകാധിപത്യ സ്വഭാവത്തിലുള്ള നിരീക്ഷണവും പൗരന്മാരുടെ ശാക്തീകരണവും തമ്മിലാണ്. അതിർത്തികൾ അടച്ചു ഒറ്റപ്പെട്ട് നിൽക്കുന്ന രാജ്യങ്ങളും ആഗോളസഹോദര്യവും തമ്മിലുള്ളതാണ് രണ്ടാമത്തെ വഴി.

അസ്വസ്ഥമാക്കുന്ന നിരീക്ഷണം

പകർച്ചവ്യാധി തടയുന്നതിന്, മുഴുവൻ ജനങ്ങളും ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത് നടപ്പിലാക്കുന്നതിന് രണ്ട് പ്രധാന വഴികളുണ്ട്. ആളുകളെ നിരീക്ഷിക്കുക, നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുക എന്നിവയാണ് ഒരു രീതി.

ഇന്ന്, ചരിത്രത്തിൽ ആദ്യമായി, സാങ്കേതികവിദ്യയുടെ സഹായത്തോടെ എല്ലാവരേയും എല്ലായ്പ്പോഴും നിരീക്ഷിക്കാൻ കഴിയും. അമ്പത് വർഷങ്ങൾക്ക് മുമ്പ്, സോവിയറ്റ് റഷ്യയിലെ രഹസ്യ പോലീസ് ആയ കെ‌ജി‌ബിയ്ക്ക് 24 മണിക്കൂറിൽ 240 മില്യൺ സോവിയറ്റ് പൗരന്മാരെ നീരിക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ശേഖരിച്ച എല്ലാ വിവരങ്ങളും ഫലപ്രദമായി പരിശോധിക്കാനും അവർക്കു ആയില്ല. കെ‌ജി‌ബി മനുഷ്യ ഏജന്റുമാരെയും വിശകലന വിദഗ്ധരെയും ആശ്രയിച്ചിരുന്നുവെങ്കിലും ഓരോ പൗരനെയും പിന്തുടരാൻ അവർക്ക് കഴിഞ്ഞില്ല.

എന്നാൽ ഇപ്പോൾ സർക്കാരുകൾക്ക് ഓരോ പൗരനേയും നിരീക്ഷിക്കാൻ ചാരന്മാർക്കു പകരം സർവ്വവ്യാപികളായ സെൻസറുകളും ശക്തമായ അൽഗോരിതങ്ങളും കൊണ്ട് കഴിയുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ നിരവധി ഭരണകൂടങ്ങൾ ഇതിനകം തന്നെ പുതിയ നിരീക്ഷണ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്.

അതിൽ ശ്രദ്ധേയമായത് ചൈനയയുടേതാണ്. ആളുകളുടെ സ്മാർട്ട്‌ഫോണുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയും, ദശലക്ഷക്കണക്കിന് മുഖം തിരിച്ചറിയുന്ന ക്യാമറകൾ ഉപയോഗിക്കുന്നതിലൂടെയും, ഓരോരുത്തരുടെയും ശരീര താപനിലയും വൈദ്യാവസ്ഥ പരിശോധിക്കാനും റിപ്പോർട്ടുചെയ്യാനും ആളുകളെ നിർബന്ധിക്കുന്നതിലൂടെ, ചൈനീസ് അധികാരികൾക്ക് സംശയാസ്പദമായ കൊറോണ വൈറസ് വാഹകരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്ന് മാത്രമല്ല, ഓരോരുത്തരുടെയും ചലനങ്ങൾ ട്രാക്കുചെയ്യാനും കഴിയുന്നു. അവർ ആരെല്ലാമായി ഇടപെടുന്നുവെന്ന് അറിയാൻ സാധിക്കുന്നു. രോഗബാധിതരുടെ സാമീപ്യത്തെക്കുറിച്ച് നിരവധി മൊബൈൽ അപ്ലിക്കേഷനുകൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നു.

ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം കിഴക്കൻ ഏഷ്യയിൽ മാത്രമായി ഒതുങ്ങുന്നില്ല. കൊറോണ വൈറസ് രോഗികളെ കണ്ടെത്തുന്നതിന് സാധാരണയായി തീവ്രവാദികളോട് പോരാടുന്നതിന് കരുതിവച്ചിരിക്കുന്ന നിരീക്ഷണ സാങ്കേതികവിദ്യ വിന്യസിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തിടെ ഇസ്രായേൽ സുരക്ഷാ ഏജൻസിയെ അധികാരപ്പെടുത്തിയിരുന്നു. ബന്ധപ്പെട്ട പാർലമെന്ററി ഉപസമിതി ഈ നടപടികൾക്ക് അംഗീകാരം നൽകാൻ വിസമ്മതിച്ചപ്പോൾ, നെതന്യാഹു “അടിയന്തര ഉത്തരവ്” ഇറക്കി അത് മറികടന്നു.

ഇതത്ര പുതിയതല്ല എന്നുവേണമെങ്കിൽ നിങ്ങൾക്ക് വാദിക്കാം. അടുത്ത കാലത്തായി സർക്കാരുകളും കോർപ്പറേറ്റുകളും ആളുകളെ പിന്തുടരാനും നിരീക്ഷിക്കാനും കൃത്രിമമായി അവരെ ഉപയോഗിക്കാനും ഇത്തരം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. എന്നിട്ടും നാം ഇതിനെ ജാഗ്രതയോടെ കാണുന്നില്ലെങ്കിൽ , നിരീക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന ഘട്ടത്തെയാകും ഈ പകർച്ചവ്യാധി അടയാളപ്പെടുത്തുക.

നാളിതുവരെ നിരീക്ഷണ ഉപകരണങ്ങൾ ഏർപ്പെടുത്തുവാൻ വിസമ്മതം കാട്ടിയ രാജ്യങ്ങളിൽ പോലും ഈ ബഹുജന നിരീക്ഷണ സംവിധാനങ്ങൾ സാധാരണ ഉപകരണങ്ങളാകുമെന്നത് മാത്രമല്ല, അതിലും ഉപരിയായി “ചർമ്മത്തിന് മുകളിൽ” നിന്ന് “ചർമ്മത്തിന് ഉള്ളിലേക്കുള്ള” നിരീക്ഷണത്തിലേക്കുള്ള മാറ്റത്തിന് ഇത് വഴി വെക്കും.

നിങ്ങളുടെ വിരൽത്തുമ്പ് തട്ടി സ്മാർട്ട്‌ഫോണിന്റെ സ്‌ക്രീനിൽ നിന്ന് ഒരു ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ വിരൽ കൃത്യമായി എന്താണ് ക്ലിക്കുചെയ്തത് എന്ന് അറിയാൻ നിങ്ങളുടെ ഭരണകൂടത്തിന് താൽപ്പര്യമുണ്ട്. കൊറോണ വൈറസിന്റെ വരവോടെ ആ താൽപ്പര്യത്തിൽ ചില്ലറ മാറ്റം വരുന്നു എന്ന് മാത്രം. നിങ്ങളുടെ വിരലിന്റെ താപനിലയും രക്തസമ്മർദ്ദതോതുമാണ് ഇപ്പോൾ അവർക്കു വേണ്ടത്.

അടിയന്തിരാവസ്ഥയിലെ പുഡ്ഡിങ്

ഭരണകൂട നീരീക്ഷണത്തെക്കുറിച്ചു നമ്മൾ ഇപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് എന്ന് ചിന്തിച്ചാൽ. നമ്മൾ നേരിടാവുന്ന ചോദ്യങ്ങൾ നമ്മൾ എങ്ങനെയൊക്കെയാണ് നിരീക്ഷിക്കപെടുന്നത് എന്നാണ്. വരും നാളുകളിൽ അത് എങ്ങനയായിരിക്കുമെന്നും നമ്മളിൽ ആർക്കും ഒരു നിശ്ചയമില്ല

നിരീക്ഷണ സംബന്ധിയായ സാങ്കേതികവിദ്യ ലക്കും ലഗാനുമിലാതെ, അതിവേഗതയിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. 10 വർഷം മുമ്പ് സയൻസ് ഫിക്ഷൻ എന്ന് തോന്നിയത് പലതും ഇന്ന് പഴഞ്ചനായിരിക്കുന്നു. ഒരു പരീക്ഷണമെന്ന നിലയിൽ, ഓരോ പൗരനും ശരീര താപനിലയും ഹൃദയമിടിപ്പും 24 മണിക്കൂറും അളക്കാൻ കഴിയുന്ന ഒരു ബയോമെട്രിക് ബ്രേസ്‌ലെറ്റ് ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു സർക്കാരിനെ സങ്കല്പിച്ചു നോക്കൂ. തുടർന്ന് ലഭ്യമാകുന്ന ഡാറ്റ ഭരണകൂട അൽ‌ഗോരിതം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.

നിങ്ങൾ‌ക്കറിയുന്നതിനുമുമ്പു തന്നെ നിങ്ങൾ‌ക്ക് അസുഖമുണ്ടെന്ന് അൽ‌ഗോരിതത്തിന് അറിയാം, മാത്രമല്ല നിങ്ങൾ എവിടെയായിരുന്നുവെന്നും ആരെയാണ് കണ്ടതുമെന്നൊക്കെ അവർ അറിഞ്ഞിരിക്കും. അങ്ങനെ അണുവ്യാപനത്തെ ഗണ്യമായി ചെറുതാക്കാം, മാത്രമല്ല മൊത്തത്തിൽ‌ ആ ചങ്ങലയെ മുറിക്കുകയും ചെയ്യാം. അത്തരമൊരു സംവിധാനത്തിന് പകർച്ചവ്യാധിയെ ദിവസങ്ങൾക്കുള്ളിൽ അതിന്റെ പഥത്തിൽ തടയാൻ കഴിയും. അത്ഭുതകരമായി തോന്നുന്നു, അല്ലേ?

എന്നാൽ അതിന്റെ മറുവശം എന്തെന്നാൽ ഇത് ഒരു ഭയാനകമായ ഒരു പുതിയ നിരീക്ഷണ സംവിധാനത്തിന് നിയമസാധുത നൽകുമെന്നതാണ്. ഉദാഹരണത്തിന്, ഞാൻ സി‌എൻ‌എൻ ലിങ്കിന് പകരമായി ഫോക്സ് ന്യൂസ് ലിങ്കിൽ ക്ലിക്കു ചെയ്തുവെന്ന് ഇരിക്കട്ടെ അത് എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും ഒരുപക്ഷേ എന്റെ വ്യക്തിത്വത്തെക്കുറിച്ചും നിങ്ങൾക്ക് പറഞ്ഞു തരും. ഞാൻ ഒരു വീഡിയോ ക്ലിപ്പ് കാണുമ്പോൾ എന്റെ ശരീര താപനില, രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് എന്നിവയ്ക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് നിരീക്ഷിക്കാൻ കഴിയും. എന്നെ ചിരിപ്പിക്കുന്നതും എന്നെ കരയിപ്പിക്കുന്നതും എന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നതും എന്തൊക്കെയാണ് എന്ന് നിങ്ങൾക്ക് അറിയാൻ കഴിയും.

കോപം, സന്തോഷം, വിരസത, സ്നേഹം എന്നിവ പനിയും ചുമയും പോലെ തന്നെ ജൈവിക പ്രതിഭാസങ്ങളാണ്. ചുമയെ തിരിച്ചറിയുന്ന അതേ സാങ്കേതികവിദ്യയ്ക്ക് ചിരികളെയും തിരിച്ചറിയാൻ കഴിയും. കോർപ്പറേറ്റുകളും സർക്കാരുകളും നമ്മുടെ ബയോമെട്രിക് ഡാറ്റ കൂട്ടത്തോടെ വിളവെടുക്കാൻ തുടങ്ങിയാൽ, അവർക്ക് നമ്മളെ നമുക്ക് അറിയുന്നതിനേക്കാൾ നന്നായി അറിയാൻ സാധിക്കും. അവർക്ക് നമ്മുടെ വികാരങ്ങൾ പ്രവചിക്കാൻ മാത്രമല്ല, നമ്മുടെ വികാരങ്ങൾ കൈകാര്യം ചെയ്യാനും അവർക്ക് ആവശ്യമുള്ളതെന്തും അങ്ങനെ വിൽക്കാനും കഴിയും. അത് എന്ത് തന്നെയായാലും- ഒരു ഉൽപ്പന്നമോ ഒരു രാഷ്ട്രീയ നേതാവോ ആകട്ടെ

ഈ ബയോമെട്രിക് നിരീക്ഷണം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഡാറ്റ ഹാക്കിംഗ് തന്ത്രങ്ങൾ കാലഹരണപെട്ടതാക്കും . ഓരോ പൗരനും 24 മണിക്കൂറും ബയോമെട്രിക് ബ്രേസ്‌ലെറ്റ് ധരിക്കേണ്ടിവരുന്ന 2030 ലെ ഉത്തര കൊറിയയെ ഒന്ന് സങ്കൽപ്പിക്കുക. മഹാനായ നേതാവിന്റെ ഒരു പ്രസംഗം നിങ്ങൾ ശ്രദ്ധിക്കുകയും നിങ്ങള്‍ക്കുണ്ടാകുന്ന ദേഷ്യം നിങ്ങളുടെ ശരീരത്തിലെ ബയോമെട്രിക് ഉപകരണം പിടിച്ചെടുത്താല്‍, അതോടെ നിങ്ങളുടെ കഥ തീര്‍ന്നു.

<

അടിയന്തിരമായൊരു സാഹചര്യത്തെ നേരിടുന്നതിനായി ഭരണകൂടം കൈക്കൊണ്ട ഒരു താൽക്കാലിക നടപടിയായി ബയോമെട്രിക് നിരീക്ഷണത്തിനെ കാണാവുന്നതാണ്. അടിയന്തരാവസ്ഥ കഴിഞ്ഞാൽ അത് ഇല്ലാതാകേണ്ടതാണ്. എന്നാൽ ഇത്തരം താൽക്കാലിക നടപടികൾ അടിയന്തിര സാഹചര്യങ്ങളെ മറികടന്ന് സ്ഥിരസംവിധാനമായി മാറുന്ന ഒരു മോശം അവസ്ഥയുണ്ട്. പ്രത്യേകിച്ചും തരം കാത്ത് പതുങ്ങിയിരിക്കുന്ന ചില അടിയന്തര സാഹചര്യങ്ങൾക്കാകും അത്തിന്റെ പ്രയോജനം ഉണ്ടാകുക.

ഉദാഹരണത്തിന്, എന്റെ ജന്മനാടായ ഇസ്രായേൽ 1948 ൽ സ്വാതന്ത്ര്യയുദ്ധത്തിനോട് അനുബന്ധിച്ചു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രസ് സെൻസർഷിപ്പ്, ഭൂമി കണ്ടുകെട്ടൽ എന്നിവയിൽ നിന്ന് പുഡ്ഡിംഗ് പലഹാരം ഉണ്ടാക്കുന്നതിനെ വരെ നിയന്ത്രിക്കുന്ന (ഞാൻ കളിയായി പറയുന്നതല്ല) താൽക്കാലിക നടപടികളായാണ് അവതരിപ്പിച്ചത്. ഇസ്രായേൽ സ്വാതന്ത്ര്യയുദ്ധം വിജയിച്ചുവെങ്കിലും അന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചില്ല. 1948 ൽ ഏർപ്പെടുത്തിയ പല “താൽക്കാലിക” നടപടികളും നിർത്തലാക്കുന്നതിൽ ഭരണകൂടം ഒഴിഞ്ഞു നിന്ന്. (അടിയന്തരാവസ്ഥ കാലത്ത് ഏർപ്പെടുത്തിയ ആ പുഡ്ഡിംഗ് ഉത്തരവ് പോലും 2011 ൽ മാത്രമാണ് അവർ നിർത്തലാക്കിയത് ).

കൊറോണ വൈറസ് വ്യാപനം പൂജ്യമായി കുറയുമ്പോഴും, ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങൾ നിലനിർത്തേണ്ടത് ആവശ്യമാണെന്ന് ചില ഡാറ്റാ തീനികളായ സർക്കാരുകൾ വാദിക്കാം. അതിന് കാരണമായി അവർ പറയുക കൊറോണ വൈറസിന്റെ രണ്ടാമതൊരു തരംഗത്തെ ഭയപ്പെടുന്നു എന്നോ , അല്ലെങ്കിൽ മദ്ധ്യാഫ്രിക്കയിൽ ഒരു പുതിയ എബോള വൈറസ് വികസിക്കുന്നുവെന്നോ , അല്ലെങ്കിൽ മറ്റ് കാരണങ്ങൾ പറയും. .

ഒരു പക്ഷേ അത് നിങ്ങൾക്ക് മനസിലായിട്ടുണ്ടാകുമല്ലോ? നമ്മളുടെ സ്വകാര്യതയെച്ചൊല്ലി അടുത്ത കാലത്തായി ഒരു വലിയ യുദ്ധത്തിന് ലോകത്താകമാനം കോപ്പ് കുട്ടുന്നുണ്ട്. ഈ കൊറോണ വൈറസ് പ്രതിസന്ധി ഒരു പക്ഷെ ആ യുദ്ധത്തിന്റെ നിർണായക സന്ധിയിലാകാം. സ്വകാര്യതയോ ആരോഗ്യമോ എന്ന തിരഞ്ഞെടുപ്പ് വരുമ്പോൾ, ആളുകൾ സ്വാഭാവികമായും ആരോഗ്യം തിരഞ്ഞെടുക്കും.

സോപ്പ് പോലീസ്

ആളുകളോട് സ്വകാര്യതയാണോ ആരോഗ്യമാണോ വേണ്ടത് എന്ന് ചോദിക്കുന്നത് തന്നെ തെറ്റാണ്. സ്വകാര്യതയും ആരോഗ്യവും നമുക്ക് ഒരേ പോലെ അനുഭവിക്കാൻ കഴിയണം. നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും കൊറോണ വൈറസ് പകർച്ചവ്യാധി തടയാനും നമുക്ക് ചില തീരുമാനങ്ങൾ കൈക്കൊള്ളാം. പക്ഷേ അത് ഭരണകൂടങ്ങൾഏകാധിപത്യ നിരീക്ഷണ സ്ഥാപിക്കുന്നതിലൂടെയാകരുത്, മറിച്ച് പൗരന്മാരെ ശാക്തീകരിച്ചാകണം.

കഴിഞ്ഞ ആഴ്ചകളിൽ, കൊറോണ വൈറസ് പകർച്ചവ്യാധി തടയാനുള്ള ഏറ്റവും വിജയകരമായ ചില ശ്രമങ്ങൾ നടത്തിയ രാജ്യങ്ങളാണ് ദക്ഷിണ കൊറിയ, തായ്‌വാൻ, സിംഗപ്പൂർ എന്നിവ. ഈ രാജ്യങ്ങൾ ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, വിപുലമായ പരിശോധന, സത്യസന്ധമായ റിപ്പോർട്ടിംഗ്, പൊതുജനങ്ങളുടെ സഹകരണം എന്നിവ ഉപയോഗപ്പെടുത്തിയാണ് അത്തരം ശ്രമങ്ങളെ വിജയിപ്പിച്ചത്.

ആളുകളെ കൊണ്ട് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിപ്പിക്കുന്നതിനുള്ള ഏക മാർ‌ഗ്ഗം കേന്ദ്രീകൃത നിരീക്ഷണവും കഠിനമായ ശിക്ഷണ രീതികളും അല്ല. മറിച്ച് ആളുകളോട് ശാസ്ത്ര വസ്‌തുതകൾ പറയുമ്പോൾ, ഈ വസ്തുതകൾ പറഞ്ഞു തരുന്ന പൊതു അധികാരികളെ അവർ വിശ്വസിക്കുമ്പോൾ, ഒരു ബിഗ് ബ്രദറിന്റെ മേൽനോട്ടമില്ലാതെ തന്നെ പൗരന്മാർക്ക് ശരിയായി കാര്യങ്ങൾ നിർവഹിക്കാൻ കഴിയും. പോലീസിനാൽ നിയന്ത്രിക്കപ്പെട്ട, അജ്ഞരായ ജനസമൂഹത്തെക്കാൾ സ്വയം പ്രചോദിതവും വിജ്ഞാനമുള്ളവരുമായ ഒരു സമൂഹത്തിന് ഇത്തരം വൈറസ് വ്യാപനത്തെ ശക്തവും ഫലപ്രദവുമായി നേരിടാൻ കഴിയും.

ഉദാഹരണത്തിന്, സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് മനുഷ്യ ശുചിത്വത്തിലെ എക്കാലത്തെയും വലിയ മുന്നേറ്റമാണ്. ഈ ലളിതമായ പ്രവർത്തനം ദശലക്ഷക്കണക്കിന് ജീവനുകളെയാണ് പ്രതിവർഷം രക്ഷിക്കുന്നത്. 19-ആം നൂറ്റാണ്ടിലാണ് ശാസ്ത്രജ്ഞർ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിന്റെ പ്രാധാന്യം കണ്ടെത്തിയത്. അതിനു മുൻപ് , ഡോക്ടർമാരോ നഴ്സുമാരോ ഒരു ശസ്ത്രക്രിയയിൽ നിന്ന് മറ്റൊന്നിലേക്ക് കൈ കഴുകാതെയാണ് ഏർപ്പെട്ടിരുന്നത്.

ഇന്ന് കോടിക്കണക്കിന് ആളുകൾ കൈകഴുകുന്നത് സോപ്പ് പോലീസിനെ ഭയപ്പെടുന്നതു കൊണ്ടല്ല, മറിച്ച് വസ്തുതകൾ മനസ്സിലാക്കുന്നതിനാലാണ്. വൈറസുകളെയും ബാക്ടീരിയകളെയും കുറിച്ച് കേട്ടിട്ടുള്ളതിനാൽ ഞാൻ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നു, ഈ ചെറിയ ജീവികൾ രോഗങ്ങൾക്ക് കാരണമാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു, സോപ്പിന് അവ നീക്കംചെയ്യാൻ കഴിയുമെന്നും എനിക്കറിയാം.

എന്നാൽ അത്തരം അനുസരണയും സഹകരണവും നേടാൻ പൊതുജനങ്ങളുടെ വിശ്വാസം ആവശ്യമാണ്. ആളുകൾ ശാസ്ത്രത്തെ വിശ്വസിക്കണം, പൊതു അധികാരികളെ വിശ്വസിക്കണം, മാധ്യമങ്ങളെ വിശ്വസിക്കണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാഷ്ട്രീയക്കാർ മനപൂർവ്വം ശാസ്ത്രത്തിലും പൊതുഅധികാരികളിലും മാധ്യമങ്ങളിലും ഉള്ള പൊതുജനത്തിന്റെ വിശ്വാസത്തെ ദുർബലപ്പെടുത്തി. ഇപ്പോൾ ഈ രാഷ്ട്രീയക്കാർ തന്നെ ഭരണകൂടത്തെ സ്വേച്ഛാധിപത്യത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണ്. അതിന് അവർ പറയുന്ന ന്യായം കാര്യനിർവഹണം ശരിയായ നടത്താൻ പൊതുജനങ്ങളെ വിശ്വസത്തിൽ എടുത്തു കൊണ്ട് കഴിയില്ലെന്നതാണ്.<

സാധാരണഗതിയിൽ വർഷങ്ങൾ കൊണ്ട് താറുമാറായ വിശ്വാസം പൊതു ജനങ്ങളിൽ ഒറ്റരാത്രികൊണ്ട് പുനർനിർമിക്കാൻ കഴിയില്ല. എന്നാൽ ഈ കടന്നു പോകുന്നത് സാധാരണ സമയമല്ല. പ്രതിസന്ധിയുടെ നിമിഷത്തിൽ, മനുഷ്യമനസ്സും വേഗത്തിൽ മാറിക്കൊണ്ടിരിക്കും. നിങ്ങളുടെ സഹോദരങ്ങളുമായി നിങ്ങൾക്ക്വർഷങ്ങളായി കടുത്ത തർക്കങ്ങൾ ഉണ്ടാകാം.

എന്നാൽ ചില അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, നിങ്ങൾ പെട്ടെന്ന് വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും മറഞ്ഞിരിക്കുന്ന ഒരു സംഭരണി കണ്ടെത്തുന്നു. നിങ്ങൾ പരസ്പരം സഹായിക്കാൻ തിരക്കുകൂട്ടുന്നു. ഒരു നിരീക്ഷണ ഭരണം കെട്ടിപ്പെടുക്കുന്നതിനുപകരം, ശാസ്ത്രത്തിലും പൊതു അധികാരികളിലും മാധ്യമങ്ങളിലും ആളുകളുടെ വിശ്വാസം പുനർനിർമ്മിക്കണം.

നാം തീർച്ചയായും പുതിയ സാങ്കേതികവിദ്യകളുടെ പ്രയോജനം ഉപയോഗപ്പെടുത്തണം, പക്ഷേ ഈ സാങ്കേതികവിദ്യകൾ പൗരന്മാരെ ശാക്തീകരിക്കുന്നതായിരിക്കണം. എന്റെ ശരീര താപനിലയും രക്തസമ്മർദ്ദവും നിരീക്ഷിക്കുന്നതിന് ഞാൻ അനുകൂലമാണ്, പക്ഷേ ഒരു മേധാവിത്വ ഗവൺമെന്റിനെ സൃഷ്ടിക്കാൻ വേണ്ടി ആ ഡാറ്റ ഉപയോഗിക്കരുത്. മറിച്ച്, മെച്ചപ്പെട്ട വ്യക്തിഗത തീരുമാനങ്ങൾ കൈക്കൊള്ളാനും അവരവരുടെ സർക്കാരുകളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റാനുമാകണം ആ ഡാറ്റ ഉപയോഗിക്കേണ്ടത്.

എന്റെ സ്വന്തം ആരോഗ്യസ്ഥിതി 24 മണിക്കൂറും ട്രാക്ക് ചെയ്യുന്നത് വഴി, ഞാൻ മറ്റുള്ളവരുടെ ആരോഗ്യത്തെ ഹനിക്കുന്നുണ്ടോ എന്നും, എന്റെ ഏതൊക്കെ ശീലങ്ങളാണ് ആരോഗ്യത്തെ ബാധിക്കുന്നതെന്ന് അറിയാൻ കഴിയും. കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകൾ എനിക്ക് ലഭിക്കുകയും അത് വിശകലനം ചെയ്യാൻ കഴിയുമെങ്കിൽ, സർക്കാർ എന്നോട് സത്യം പറയുന്നുണ്ടോ എന്നും പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ശരിയായ നയങ്ങൾ അവർ സ്വീകരിക്കുന്നുണ്ടോ എന്നും എനിക്ക് മനസ്സിലാക്കാൻ കഴിയും.നിരീക്ഷണത്തെക്കുറിച്ച് വാചാലരാകുമ്പോൾ നമ്മൾ ഒന്ന് മനസിലാക്കുക , ഇതേ നിരീക്ഷണ സാങ്കേതികവിദ്യ കൊണ്ട് സർക്കാരുകളെ നിരീക്ഷിക്കാൻ വ്യക്തികൾക്കും കഴിയുമെന്ന്.

നിലവിലെ കൊറോണ വൈറസ് പകർച്ചവ്യാധി ഒരു വലിയ പരീക്ഷണമാണ് ഓരോ പൗരന്മാർക്കും. അടിസ്ഥാനരഹിതമായ ഗൂഢാലോചന സിദ്ധാന്തങ്ങളെയും സ്വന്തം കാര്യം മാത്രം നോക്കുന്ന രാഷ്ട്രീയക്കാരെയും ഒഴിവാക്കി വരും നാളുകളിൽ, ശാസ്ത്രീയ ഡാറ്റയെയും ആരോഗ്യ വിദഗ്ധരെയും വിശ്വസിക്കാൻ നാം ഓരോരുത്തരും തയ്യാറാകണം. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടാൽ, നമ്മുടെ വിലയേറിയ പല സ്വാതന്ത്ര്യങ്ങളും നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി നമ്മൾ തീറെഴുതി കൊടുക്കേണ്ടി വരും.

നമ്മുക്ക് വേണ്ടത് ഒരു ആഗോള പദ്ധതിയാണ്

നമ്മൾ നേരിടുന്ന രണ്ടാമത്തെ സുപ്രധാന തിരഞ്ഞെടുപ്പ് രാജ്യങ്ങൾ ഏർപ്പെടുത്തുന്ന സ്വയം ഒറ്റപ്പെടലും അതിനെ തുടർന്ന് ഉണ്ടാകേണ്ട ആഗോള സഹകരണവും തമ്മിൽ ഉള്ളതാണ്. പകർച്ചവ്യാധിയും അതിന്റെ ഫലമായുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയും ആഗോള പ്രശ്‌നങ്ങൾ തന്നെയാണ്.

ആഗോള സഹകരണത്തിലൂടെ മാത്രമേ അവ ഫലപ്രദമായി പരിഹരിക്കാൻ കഴിയൂ.ഒന്നാമതായി, വൈറസിനെ പരാജയപ്പെടുത്തുന്നതിന് ആഗോളതലത്തിൽ വിവര കൈമാറ്റം ഉണ്ടാകേണ്ടതുണ്ട്. മനുഷ്യർക്ക് വൈറസുകളുടെമേൽ ഉള്ള അനുകൂല ഘടകം അത് മാത്രമാണ്. ചൈനയിലെ ഒരു കൊറോണ വൈറസിനും യു.എസിലെ ഒരു കൊറോണ വൈറസിനും മനുഷ്യരെ എങ്ങനെ ബാധിക്കാം എന്നതിനെക്കുറിച്ചുള്ള നുറുങ്ങു വിവരങ്ങൾ പരസ്പരം കൈമാറാൻ കഴിയില്ല.

കൊറോണ വൈറസിനെക്കുറിച്ചും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും വിലപ്പെട്ട നിരവധി പാഠങ്ങൾ ചൈനക്ക് പക്ഷേ അമേരിക്കക്ക് കൈമാറാൻ കഴിയും. ഒരു ഇറ്റാലിയൻ ഡോക്ടർ അതിരാവിലെ മിലാനിൽ കണ്ടെത്തിയ കാര്യങ്ങൾ വൈകുന്നേരത്തോടെ ടെഹ്‌റാനിലെ നിരവധി ജീവനുകൾ രക്ഷിച്ചേക്കാം.

ഇത്തരം ഒരു പ്രതിസന്ധിയിൽ പല നയങ്ങളും അടിയന്തിരമായി നടപ്പാക്കാൻ യുകെ സർക്കാർ മടിച്ചു നിൽകുമ്പോൾ , ഒരു മാസം മുമ്പ് സമാനമായ പ്രതിസന്ധി നേരിട്ട കൊറിയക്കാരിൽ നിന്ന് ഇതിനുള്ള ഉപദേശം തേടാവുന്നതാണ്. ഇങ്ങനെയൊക്കെ സംഭവിക്കണമെങ്കിൽ, നമ്മൾക്ക് ആഗോള സഹകരണത്തിന്റെയും വിശ്വാസത്തിന്റേതുമായ ഒരു മനോഭാവം അത്യാവശ്യമാണ്.

രാജ്യങ്ങൾ തമ്മിൽ വിവരങ്ങൾ പങ്ക് വെക്കുകയും ഉപദേശങ്ങൾ സ്വീകരിക്കാനും തയ്യാറാകണം. കൂടാതെ ഡാറ്റയെയും അതിലൂടെ അവർക്ക് ലഭിക്കുന്ന അറിവുകളേയും വിശ്വസിക്കാൻ കഴിയണം.

മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാനും വിതരണം ചെയ്യാനുമുള്ള ഒരു ആഗോള ശ്രമവും നമ്മൾക്ക് ആവശ്യമാണ്, പ്രത്യേകിച്ച് പരിശോധനാ കിറ്റുകളും ശ്വസനയന്ത്രങ്ങളും. ഓരോ രാജ്യവും പ്രാദേശികമായി അത് ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിക്കുന്നതിനു പകരം, ഏകോപനത്തിലൂടെയുള്ള ഒരു ആഗോള ശ്രമം ഉൽപാദനത്തെ വളരെയധികം ത്വരിതപ്പെടുത്തുകയും അത് വഴി ജീവൻ രക്ഷിക്കാനുള്ള ഉപകരണങ്ങൾ കൂടുതൽ ന്യായമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുവാനും കഴിയും.

ഒരു യുദ്ധസമയത്ത് രാജ്യങ്ങൾ പ്രധാന വ്യവസായങ്ങളെ ദേശസാൽക്കരിക്കുന്നതുപോലെ, കൊറോണ വൈറസിനെതിരായ മനുഷ്യയുദ്ധത്തിൽ നിർണായകമായ ഉൽപാദന ലൈനുകളെ “മനുഷ്യവൽക്കരിക്കാൻ” ആവശ്യപ്പെടാം. നിലവിൽ കുറവ് കൊറോണ വൈറസ് കേസുകളുള്ള ഒരു സമ്പന്ന രാജ്യം നിരവധി കേസുകളുള്ള ഒരു ദരിദ്ര രാജ്യത്തേക്ക് വിലയേറിയ ഉപകരണങ്ങൾ അയയ്ക്കാൻ തയ്യാറാകണം, അവർക്ക്‌ പിന്നീട് സഹായം വരുമ്പോൾ മറ്റ് രാജ്യങ്ങൾ അവരുടെ സഹായത്തിന് എത്തുമെന്ന് വിശ്വസിക്കുകയും വേണം.മെഡിക്കൽ ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്നതിന് സമാനമായ ആഗോള ശ്രമം നമ്മൾ പരിഗണിക്കണം.<

നിലവിൽ വൈറസ് ബാധ കുറവുള്ള രാജ്യങ്ങൾ മെഡിക്കൽ സ്റ്റാഫുകളെ ലോകത്തിലെ ഏറ്റവും മോശം പ്രദേശങ്ങളിലേക്ക് അയയ്ക്കാൻ കഴിയണം. ഇത് ഒരേ സമയം അവരെ സഹായിക്കുന്നതിനും തങ്ങൾക്ക് വിലയേറിയ അനുഭവം നേടുന്നതിനും സഹായകമാകും. പകർച്ചവ്യാധിയിൽ നിന്ന് മുക്തമാകുന്നതോടെ, സഹായം വിപരീത ദിശയിലേക്ക് ഒഴുകിയെത്തും.

സാമ്പത്തിക രംഗത്തും ആഗോള സഹകരണം വളരെ പ്രധാനമാണ്. സമ്പദ്‌വ്യവസ്ഥയുടെയും വിതരണ ശൃംഖലയുടെയും ആഗോള സ്വഭാവം കണക്കിലെടുക്കുമ്പോൾ, ഓരോ സർക്കാരും മറ്റുള്ളവരെ പൂർണമായും അവഗണിച്ച് സ്വന്തം കാര്യം ചെയ്താൽ, ഫലം കുഴപ്പവും കഠിനമായ പ്രതിസന്ധിയും ആയിരിക്കും. നമ്മൾക്ക് ഒരു ആഗോള പ്രവർത്തന പദ്ധതിയാണ് വേണ്ടത്. അത് വളരെ വേഗം വേണം താനും.

യാത്രകളുമായി ബന്ധപ്പെട്ട ഒരു ആഗോള കരാറിലെത്തുകയാണ് മറ്റൊരു ആവശ്യം. എല്ലാ അന്താരാഷ്ട്ര യാത്രകളും മാസങ്ങളോളം നിർത്തിവയ്ക്കുന്നത് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും കൊറോണ വൈറസിനെതിരായ യുദ്ധത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.<

എണ്ണത്തിൽ ചെറുതായ അവശ്യയാത്രക്കാർക്ക് അതിർത്തി കടന്നു പോകാൻ അനുവദിക്കുന്നതിന് രാജ്യങ്ങൾ തമ്മിൽ സഹകരിക്കേണ്ടതുണ്ട്: ശാസ്ത്രജ്ഞർ, ഡോക്ടർമാർ, പത്രപ്രവർത്തകർ, രാഷ്ട്രീയക്കാർ, ബിസിനസുകാർ എന്നിവരാണ് ആ യാത്രക്കാർ. ഈ യാത്രക്കാരെ അവരുടെ സ്വന്തം രാജ്യം പ്രീ-സ്ക്രീനിംഗ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കണം. ഒരു ആഗോള കരാറിലെത്തിക്കൊണ്ട് ഇത് സാധിക്കും. ശ്രദ്ധാപൂർവ്വം സ്‌ക്രീനിംഗ് ചെയ്ത യാത്രക്കാരെ മാത്രമേ വിമാനത്തിൽ അനുവദിച്ചിട്ടുള്ളൂവെന്ന് മനസിലാക്കുമ്പോൾ അവരെ സ്വീകരിക്കാൻ മറ്റു രാജ്യങ്ങൾ തയ്യാറാകും.

നിർഭാഗ്യവശാൽ, നിലവിൽ നമ്മൾ ഇവയൊന്നും ചെയ്യുന്നില്ല. ഒരു കൂട്ടായ പക്ഷാഘാതം പിടിപെട്ടപോലെയാണ് അന്താരാഷ്ട്ര സമൂഹം പെരുമാറുന്നത്. അനുഭവപരിചയമുള്ള രാഷ്ട്രത്തലവന്മാരുടെ അഭാവമാണ് ഇത് കാണിക്കുന്നത്. പൊതുവായ ഒരു പ്രവർത്തന പദ്ധതി ആവിഷ്‌കരിക്കുന്നതിന് ആഗോള നേതാക്കളുടെ അടിയന്തര യോഗം ഇതിനകം നടക്കേണ്ടതായിരുന്നു. അത് ആളുകൾ പ്രതീക്ഷിച്ചിട്ടുണ്ട് താനും.. ജി 7 നേതാക്കൾക്ക് ഒരു വീഡിയോ കോൺഫറൻസ് സംഘടിപ്പിക്കാൻ കഴിഞ്ഞുവന്നതാണ് അതിലെ പുരോഗതി. എന്നാൽ അത് പ്രത്യേകിച്ച് എന്തെങ്കിലും പദ്ധതിക്കോ തീരുമാനത്തിനോ കാരണമായുമില്ല.

2008-ലെ സാമ്പത്തിക പ്രതിസന്ധിയിൽ, 2014 എബോള പകർച്ചവ്യാധിയുടെസമയത്തു അങ്ങനെ പല ആഗോള പ്രതിസന്ധി ഘട്ടങ്ങളിൽ യു.എസ് നെടുനായകത്വം ഏറ്റെടുത്തിരുന്നു. എന്നാൽ നിലവിലെ യുഎസ് ഭരണകൂടം അത്തരമൊരു നിർണായക നായക പ്രാധാന്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതായാണ് കാണുന്നത്. മനുഷ്യരാശിയുടെ ഭാവിയെക്കാൾ അമേരിക്കയുടെ മഹത്വത്തെക്കുറിച്ചാണ് അവർ ഇപ്പോൾ കരുതുന്നതെന്ന് ഇത്തരമൊരു പെരുമാറ്റം കാട്ടിത്തരുന്നു.

നിലവിലെ യു എസ് ഭരണം അതിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളെ പോലും ഈ പ്രതിസന്ധി ഘട്ടത്തിൽ കൈവിട്ടിരിക്കുകയാണ്.

ഒരു മുന്നറിയിപ്പ് പോലും നൽകാതെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എല്ലാ യാത്രകളും അമേരിക്ക നിരോധിച്ചു. അത്തരമൊരു കടുത്ത തീരുമാനത്തെക്കുറിച്ചു യൂറോപ്യൻ യൂണിയനുമായി അവർ ആലോചിക്കുക പോലും ഉണ്ടായില്ല. പുതിയ കോവിഡ് -19 വാക്സിന് കുത്തകാവകാശം വാങ്ങുന്നതിന് ഒരു ജർമ്മൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് 1 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തുകൊണ്ട് ജർമ്മനിയെ അവർ അപമാനിച്ചു.

നിലവിലെ അമേരിക്കൻ ഭരണകൂടം ഒടുവിൽ തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുകയും ഒരു ആഗോള പ്രവർത്തന പദ്ധതി ആവിഷ്‌കരിച്ചു മുന്നോട്ടു വരികയും ചെയ്താൽ പോലും ഉത്തരവാദിത്തം ഏറ്റെടുക്കാത്ത, തെറ്റുകൾ സമ്മതിക്കാത്ത, എല്ലാ ന്യൂനതയും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയും എന്നാൽ എല്ലാ ക്രെഡിറ്റും സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു നേതാവിനെ വളരെ കുറച്ചു പേർക്ക് മാത്രമേ പിന്തുടരാൻ കഴിയുകയുള്ളൂ

യു.എസ് അവശേഷിപ്പിച്ച ശൂന്യത മറ്റ് രാജ്യങ്ങളിൽ നികത്തിയില്ലയെങ്കിൽ, നിലവിലെ പകർച്ചവ്യാധി തടയുന്നത് വളരെ ബുദ്ധിമുട്ടാകും. മാത്രമല്ല, അത് വരും കാലത്ത് അന്താരാഷ്ട്ര ബന്ധങ്ങളെ വഷളാക്കുകയും വിഷലിപ്തമാക്കുകയും ചെയ്യും. എന്നിരുന്നാലും എല്ലാ പ്രതിസന്ധികളും ഒരു അവസരം തുറന്ന് തരുന്നു. ആഗോള അനൈക്യം മൂലം ഉണ്ടാകുന്ന കടുത്ത അപകടം മനസ്സിലാക്കാൻ നിലവിലെ പകർച്ചവ്യാധി മനുഷ്യരാശിയെ സഹായിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

മാനവികത ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നാം അനൈക്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമോ അതോ ആഗോള ഐക്യദാർഢ്യത്തിന്റെ പാത സ്വീകരിക്കുമോ എന്നതാണ് അത്. നമ്മൾ അനൈക്യം തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് പ്രതിസന്ധി നീട്ടുക മാത്രമല്ല, ഭാവിയിൽ ഇതിലും മോശമായ ദുരന്തങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. ആഗോള ഐക്യദാർഢ്യംനമ്മൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് കൊറോണ വൈറസിനെതിരെ മാത്രമല്ല, 21-ാം നൂറ്റാണ്ടിൽ മനുഷ്യരാശിയെ ബാധിച്ചേക്കാവുന്ന ഭാവിയിലെ എല്ലാ പകർച്ചവ്യാധികൾക്കും പ്രതിസന്ധികൾക്കും എതിരായിട്ടുള്ള വിജയമായിരിക്കും.

കടപ്പാട്: ഫിനാന്‍ഷ്യല്‍ ടൈംസ്

യുവാൽ നോഹ ഹരാരി
ഇസ്രായേലി ചരിത്രകാരനും ജറുസലേം ഹീബ്രൂ സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറുമാണ്