തിരുവനന്തപുരം: മഹാത്മാവ് എന്ന വാക്ക് സംസ്‌കൃതമാണെന്ന് റാപ്പര്‍ വേടന്‍. അയ്യങ്കാളിയെ താന്‍ മഹാത്മാവെന്ന് വിളിക്കില്ലെന്നും അദ്ദേഹം മഹാവീരനാണെന്നും വേടന്‍ പറഞ്ഞു.
തിരുവനന്തപുരം വെങ്ങാനൂരില്‍ നടന്ന അയ്യന്‍കാളി സ്മൃതി ദിനത്തില്‍ സംസാരിക്കുകയായിരുന്നു വേടന്‍. അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വേടന്‍ വേദിയിലെത്തിയത്.
‘അയ്യങ്കാളിയെ ഞാന്‍ ഒരിക്കലും മഹാത്മാവ് എന്ന് പറയില്ല. അങ്ങനെയൊരു സംസ്‌കൃതം വാക്ക് ഞാന്‍ ഉപയോഗിക്കില്ല മഹാവീരന്‍ എന്നെ പറയൂ. മാ വീരനാണ് അദ്ദേഹം. അടുത്ത വര്‍ഷം ഞാനില്ലെങ്കില്‍ കൂടി ഇതേ ജനത്തിരക്ക്, ഇത്രയധികം ജനങ്ങള്‍ തന്നെ മഹാവീരന്‍ അയ്യങ്കാളിയെ കാണാന്‍ ഉണ്ടാകണം,’ വേടന്‍ പറഞ്ഞു.
പട്ടികജാതി, ദളിത്, ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഒത്തൊരുമയില്ലാത്തതാണെന്നും വേടന്‍ പറഞ്ഞു. നമ്മളുടെ സാഹോദര്യമില്ലായ്മ ഇവിടെയുള്ള സനാതനധര്‍മ വാദികള്‍ വലിയ രീതിയില്‍ നമ്മെ വിഭജിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും വേടന്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യം ഇന്നത്തെ യുവതലമുറ മനസിലാക്കണമെന്നും നമ്മള്‍ എപ്പോഴും യുണൈറ്റഡ് ആയിരിക്കാന്‍ ശ്രമിക്കണമെന്നും വേടന്‍ പറഞ്ഞു. ഒരു വലിയ രാഷ്ട്രീയ ശക്തിയായി മാറാന്‍ നമുക്ക് സാധിക്കട്ടെയെന്നും താനില്ലെങ്കില്‍ കൂടി അടുത്ത വര്‍ഷം ഇതേ വേദിയില്‍ ഇതേ രീതിയില്‍ തിരക്കുണ്ടാകണമെന്നും വേടന്‍ പറഞ്ഞു.
ഇതിനുപുറമെ പ്രഥമ വില്ലുവണ്ടി പുരസ്‌കാരത്തിനും വേടന്‍ അര്‍ഹനായി. സാധുജന പരിപാലന സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യമായാണ് സാധുജന പരിപാലന സംഘം ‘പ്രഥമ വില്ലുവണ്ടി പുരസ്‌കാരം’ എന്ന പേരില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങ് നടത്തുന്നത്.
വലിയ സുരക്ഷാ സന്നാഹങ്ങളോട് കൂടിയാണ് വെങ്ങാനൂരിലെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയില്‍ നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, തിരുവനന്തപുരം എം.പി ശശി തരൂര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് പരിപാടിയിലെ അതിഥികള്‍.