പ്രേമം എന്ന വാക്ക് ഇപ്പോഴധികം ഉപയോഗിക്കാറില്ല, പകരം മറ്റൊരു വാക്ക് വന്നു: റഫീഖ് അഹമ്മദ്
Malayalam Cinema
പ്രേമം എന്ന വാക്ക് ഇപ്പോഴധികം ഉപയോഗിക്കാറില്ല, പകരം മറ്റൊരു വാക്ക് വന്നു: റഫീഖ് അഹമ്മദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd August 2025, 12:39 pm

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമ. ശ്വേത മേനോന്‍, ആസിഫ് അലി, ലാല്‍, മൈഥിലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കരം ലഭിച്ചു. ചിത്രത്തിലെ പാട്ടുകള്‍ക്ക് വരികളെഴുതിയത് റഫീഖ് അഹമ്മദ് ആയിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ പാട്ടിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

‘ചിത്രത്തില്‍ ‘ചെമ്പാവ് പുന്നെല്ലിന്‍ ചോറോ’ എന്ന പാട്ടും പ്രേമിക്കുമ്പോള്‍ നീയും ഞാനും എന്ന പാട്ടുമാണ് ഞാന്‍ എഴുതിയത്. പ്രേമിക്കുമ്പോള്‍ നീയും ഞാനും എന്ന പാട്ട് കുറച്ച് വ്യത്യസ്തമായിരുന്നു’ റഫീഖ് അഹമ്മദ് പറഞ്ഞു.

മലയാളത്തില്‍ അതുവരെ കണ്ട് വന്നതില്‍നിന്നു വ്യത്യസ്തമായ, മധ്യ വയസ്‌കരായ രണ്ടുപേരുടെ പ്രണയമായിരുന്നു ആ പാട്ടിന്റെ പശ്ചാത്തലമെന്നും പ്രേമം എന്ന വാക്ക് ഇപ്പോള്‍ അധികം ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ പണ്ട് പ്രേമം എന്ന വാക്ക് വളരെ സാധാരണമായിരുന്നുവെന്നും പ്രേമത്തിന് പകരം പ്രണയം എന്ന വാക്ക് പ്രചാരത്തില്‍ വന്നുവെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.

‘കഥാപാത്രങ്ങളുടെ പ്രായവും മറ്റും കണക്കിലെടുത്താണ് പ്രേമം എന്ന വാക്ക് ഞാനവിടെ ഉപയോഗിച്ചത്. ബിജിബാലിന്റെ സംഗീതം പാട്ടിനു ജീവന്‍ കൊടുത്തു. ജയചന്ദ്രന്‍ പാടിയപ്പോള്‍ അതിന്റെ ഭംഗി കൂടി,’ റഫീഖ് അഹമ്മദ് പറയുന്നു.

വ്യത്യസ്തമായ വല്ലതും എഴുതാന്‍ കഴിയുമ്പോഴാണ് ശരിക്കും സന്തോഷം തോന്നുന്നതെന്നും സിനിമയില്‍ എപ്പോഴും പാട്ടുകള്‍ക്ക് സ്ഥിരം ചില ഴോണറുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പ്രണയം, വിരഹം, ദുഃഖം, താരാട്ട്, അതുമല്ലെങ്കില്‍ അടിച്ചുപൊളി ആഘോഷങ്ങള്‍ എന്നിവയൊക്കെ വിഷയമാക്കുന്ന പാട്ടുകള്‍. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ തീമില്‍ എഴുതാന്‍ അവസരം ലഭിക്കുന്നത് ഒരു പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ ഒരേസമയം വെല്ലുവിളിയും സന്തോഷവുമാണ്,’ റഫീഖ് അഹമ്മദ് പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിൽ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: The word love is not used much these days, another word has come to replace it: Rafeeq Ahemmad