കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലുതകര്‍ത്ത യുവതിയുടെ വീഡിയോയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്.
വീഡിയോയിലുള്ള സ്ത്രീ തന്റെ ഭാര്യയാണെന്ന തരത്തില്‍ മുസ്‌ലിം ലീഗും ബി.ജെ.പിയും ചേര്‍ന്ന് വ്യാപകമായി നുണപ്രചാരണം നടത്തുകയാണെന്ന് വസീഫ് ആരോപിച്ചു. നുണകള്‍ പ്രചരിപ്പിച്ച് പൊതുബോധം സൃഷ്ടിക്കാനാണ് യു.ഡി.എഫ്-ബി.ജെ.പി സഖ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന UDF -BJP തന്ത്രങ്ങള്‍ തുടരുന്നു. ഇന്നലെ മാധ്യമങ്ങളില്‍ വൈറല്‍ ആയ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോ വെച്ച് അത് എന്റെ ഭാര്യ ആണെന്നും പറഞ്ഞു ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ച് ലീഗും ബി.ജെ.പിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് തുടങ്ങി, പിന്നീട് മുഖമുള്ളതും ഇല്ലാത്തതുമായ അക്കൗണ്ടുകളിലൂടെ ഈ പ്രചരണം വ്യാപകമായി നടത്തുകയാണ്. സത്യം അറിയാന്‍ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയട്ടെ, ‘ആ വീഡിയോയില്‍ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലെന്ന് മാത്രമല്ല, എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല’.
കേരളത്തില്‍ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. ഒന്നോര്‍ത്തോളൂ… ഇതു പോലുള്ള അധമ വൃത്തികള്‍ക്ക് മുമ്പില്‍ തോല്‍ക്കുന്നവരല്ല ഞങ്ങള്‍. ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യും.’ വസീഫ് എഴുതി.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് യുവതി അടിച്ചുതകര്‍ത്തത്. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണം എന്ന യുവതിയുടെ ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെയായിരുന്നു സംഭവം.
യുവതിക്ക് കോഴിക്കോട് മിംസ് ഹോസ്പിറ്റലിന് സമീപമുള്ള സ്റ്റോപ്പിലിറങ്ങണമായിരുന്നു. എന്നാല്‍ സൂപ്പര്‍ഫാസ്റ്റ് ബസിന് അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ ജീവനക്കാര്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായ യുവതി ബസിന്റെ ചില്ല് അടിച്ച് പൊട്ടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് വൈറലായി മാറി.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി വീഡിയോയിലുള്ള യുവതിയും രംഗത്തെത്തിയിട്ടുണ്ട്. തനിക്കുണ്ടായ തെറ്റ് ഏറ്റുപറഞ്ഞ് കെ.എസ്.ആര്‍.ടി.സി.ക്ക് വരുത്തിയ നഷ്ടത്തിന് കൃത്യമായി പിഴയടച്ച് തീര്‍ത്തതാണെന്ന് യുവതി പറഞ്ഞു.
എന്നിട്ടും ആ സംഭവം വീണ്ടും വീണ്ടും ഉയര്‍ത്തിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ തന്നെ തെറ്റായി ചിത്രീകരിക്കാനും ക്രൂരമായ സൈബര്‍ ആക്രമണം നടത്താനും ചിലര്‍ ശ്രമിക്കുകയാണെന്നും യുവതി ആരോപിച്ചു.
തനിക്കെതിരെ നടക്കുന്ന ഈ സൈബര്‍ വേട്ടയ്‌ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും യുവതി അറിയിച്ചു.
അടിയന്തിരമായി ശുചിമുറിയില്‍ പോകേണ്ട ആവശ്യം വന്നതുകൊണ്ടാണ് ബസ് നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടതെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
‘ശുചിമുറിയില്‍ പോകാന്‍ വേണ്ടിയാണ് താന്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. മിംസ് സ്റ്റോപ്പില്‍ നിര്‍ത്തണം എന്നായിരുന്നു എന്റെ ആവശ്യം. പക്ഷേ സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ബസ് ജീവനക്കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല’, യുവതി വ്യക്തമാക്കി.
Content Highlight: The woman who broke the KSRTC bus window is not my wife; IUML and BJP are widely spreading lies: Vaseef