മെസി ലോകകപ്പ് നേടണമെന്ന് ലോകം മുഴുവൻ ആഗ്രഹിച്ചു; എല്ലാവരും ഫ്രാൻസിനെതിരായിരുന്നു; യുവന്റസ് സൂപ്പർ താരം
football news
മെസി ലോകകപ്പ് നേടണമെന്ന് ലോകം മുഴുവൻ ആഗ്രഹിച്ചു; എല്ലാവരും ഫ്രാൻസിനെതിരായിരുന്നു; യുവന്റസ് സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th January 2023, 4:02 pm

2022 ഖത്തർ ലോകകപ്പിലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ വിജയിച്ച് അർജന്റീന ലോക ചാമ്പ്യൻമാരായിരുന്നു.
അടിമുടി ആവേശം നിറഞ്ഞ മത്സരത്തിൽ വിജയിച്ച് ലോകകപ്പിൽ മുത്തമിടാൻ സാധിച്ചതോടെ മെസിക്ക് തന്റെ കരിയറിൽ പ്രധാനപ്പെട്ട എല്ലാ ടൈറ്റിലുകളും സ്വന്തമാക്കാൻ സാധിച്ചു.

എന്നാൽ ലോകകപ്പുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ ലോകകപ്പ് സ്‌ക്വാഡ് അംഗവും യുവന്റസ് സൂപ്പർ താരവുമായ ഏഞ്ചൽ ഡി മരിയ.

ഓലെ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.
” ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ ലോകം മുഴുവൻ അർജന്റീനക്ക് ഒപ്പമായിരുന്നു. കാരണം മെസിയാണ്. ലോകകപ്പ് തുടങ്ങുന്നത് മുഴുവൻ അവസാനിക്കുന്നത് വരെ മെസി ഒരു ലോകകപ്പ് കിരീടം നേടുന്നത് കാണാൻ അവർ ആഗ്രഹിച്ചു. കാരണം അദ്ദേഹം അത് അർഹിച്ചിരുന്നു,’ ഡി മരിയ പറഞ്ഞു.

ലോകകപ്പ് ഫൈനലിൽ രണ്ട് ഗോളുകളാണ് അർജന്റൈൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ലയണൽ മെസി സ്വന്തമാക്കിയത്. ഇതോടെ ഖത്തർ ലോകകപ്പിൽ നിന്നും സ്വന്തം ഗോൾ നേട്ടം ഏഴായി വർധിപ്പിക്കാനും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.

ഖത്തറിൽ ഗോൾഡൻ ബോൾ നേടിയതോടെ രണ്ട് തവണ പ്രസ്തുത പുരസ്കാരം നേടുന്ന താരം എന്ന ബഹുമതിയും മെസിയെ തേടിയെത്തി.

അതേസമയം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ ഈ സീസണോടെ മെസിയുടെ കരാർ അവസാനിക്കുകയാണ്. തുടർന്ന് ഫ്രീ ഏജന്റ് ആയി മാറുന്ന താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണ, ഇന്റർ മിയാമി, അൽ ഹിലാൽ എന്നീ ക്ലബ്ബുകൾ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ താരത്തെ പി.എസ്.ജി നിലനിർത്തും എന്ന് ക്ലബ്ബ്‌ അധികൃതർ തീരുമാനിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

 

Content Highlights:The whole world wanted Messi to win the World Cup; All were against France; said di maria