നടി ആക്രമിക്കപ്പെടുമ്പോള്‍ ദിലീപ് അഡ്മിറ്റായിരുന്നുവെന്ന മൊഴി തിരുത്താന്‍ ഡോക്ടറെ സ്വാധീനിക്കുന്നതിന്റെ സംഭാഷണവും പുറത്ത്
Kerala News
നടി ആക്രമിക്കപ്പെടുമ്പോള്‍ ദിലീപ് അഡ്മിറ്റായിരുന്നുവെന്ന മൊഴി തിരുത്താന്‍ ഡോക്ടറെ സ്വാധീനിക്കുന്നതിന്റെ സംഭാഷണവും പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2022, 9:46 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം പുറത്ത്. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സുരാജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുന്ന സമയത്ത് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നുവെന്നാണ് ദിലീപ് പറഞ്ഞിരുന്നത്.

എന്നാല്‍ ദിലീപ് പറഞ്ഞത് കളവായിരുന്നുവെന്ന് അന്വേഷണ സംഘം പിന്നീട് കണ്ടെത്തുകയായിരുന്നു. ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലിയും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സുരാജ് ഡോക്ടറോട് ആവശ്യപ്പെടുന്നത്.

രേഖകള്‍ പൊലീസിന്റെ കയ്യിലുണ്ടെന്ന് പറയുമ്പോള്‍ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നാണ് ഡോക്ടറോട് പറയുന്നത്, പ്രശ്‌നങ്ങളൊന്നുമില്ലാതെ വക്കീല്‍ നോക്കും. ഡോക്ടര്‍ വക്കീല്‍ പഠിപ്പിക്കുന്നതുപോലെ പറഞ്ഞാല്‍ മതിയെന്നും സംഭാഷണത്തിലുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയെന്ന് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സ്ഥലം കാവ്യ മാധവന് തന്നെ തെരഞ്ഞെടുക്കാമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

കേസില്‍ സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യം നല്‍കുന്നുവെന്ന് വ്യക്തമാക്കിയാണ് കാവ്യ മാധവനോട് ക്രൈംബ്രാഞ്ച് ഇക്കാര്യം പറഞ്ഞതെന്നാണ് സൂചന.

എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന സമയമോ ദിവസമോ മാറ്റില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിലെത്താനാവശ്യപ്പെട്ടാണ് അന്വേഷണ സംഘം കാവ്യ മാധവന് നോട്ടീസ് അയച്ചത്.

സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്.

Content Highlights: The Voice note that trying to change Doctor’s statement in actress attack case is out