വില്ലന്റെ പേരിന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാദൃശ്യം; ‘പേട്രിയറ്റി’ന് സെൻസർ ബോർഡിന്റെ കട്ട്
Malayalam Cinema
വില്ലന്റെ പേരിന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാദൃശ്യം; ‘പേട്രിയറ്റി’ന് സെൻസർ ബോർഡിന്റെ കട്ട്
നന്ദന എം.സി
Wednesday, 22nd April 2026, 10:51 am

മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻലാലും പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായാണ് എത്തുന്നത്.

ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. സെൻസർ ബോർഡ് ചിത്രത്തിൽ ചില നിർണായക രംഗങ്ങളും കഥാപാത്രങ്ങളുടെ പേരുകളും ഒഴിവാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

പേട്രിയറ്റ്, Photo: Mammootty/ Facebook

ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേര് സാമ്മ്യമുണ്ടെന്ന സൂചനയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ഭാവിയിൽ വിവാദങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയായാണ് ഈ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.

സെൻസർ ബോർഡിന്റെ നിർദ്ദേശം അനുസരിച്ച് അണിയറപ്രവർത്തകർ ചിത്രം റീ എഡിറ്റിങ് ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റുഡിയോയിൽ റീ എഡിറ്റിങ് പൂർത്തിയായെന്നാണ് വിവരം. ഈ മാറ്റങ്ങളോടെയാണ് ചിത്രം മേയ് ഒന്നിന് തിയറ്ററുകളിൽ എത്തുക. റിലീസിന് മുമ്പേ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ച ചിത്രം, ബോക്സ് ഓഫീസിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്.

പേട്രിയറ്റ്, Photo: Mammootty/ Facebook

മുമ്പ് ചിത്രത്തിന് തിയറ്റർ റിലീസിൽ തടസം നേരിട്ടിരുന്നു. നിർമാണ-വിതരണ വിഹിതവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ചിത്രം പ്രദർശിപ്പിക്കാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് നടന്ന ചർച്ചകൾക്ക് പിന്നാലെ ഈ വിലക്ക് പിൻവലിക്കുകയും റിലീസിന് വഴിയൊരുങ്ങുകയും ചെയ്തു.

ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം.

Content Highlight: The villain’s name is similar to the name of a political leader’s son; ‘Patriot’ gets cut by the censor board

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.