കാതല്‍ സെറ്റിലെത്തി സൂര്യ; ഇതിലും ഗസ്റ്റ് റോളുണ്ടോ എന്ന് കമന്റ്
Film News
കാതല്‍ സെറ്റിലെത്തി സൂര്യ; ഇതിലും ഗസ്റ്റ് റോളുണ്ടോ എന്ന് കമന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th November 2022, 2:43 pm

പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുള്ള ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍. മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജ്യോതികയാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ഇതിനിടെ നടനും ജ്യോതികയുടെ ജീവിത പങ്കാളിയുമായ സൂര്യ കാതലിന്റെ സെറ്റിലെത്തിയിരിക്കുകയാണ്. സൂര്യ സെറ്റിലേക്ക് വരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സെറ്റില്‍ മമ്മൂട്ടിക്കും ജ്യോതികക്കുമൊപ്പം സൂര്യ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പിന്നാലെ കാതലിലും സൂര്യ ഗസ്റ്റ് റോളിലെത്തുന്നുണ്ടോ എന്ന ചര്‍ച്ചകളും ഉയരുകയാണ്. ഇതിന് മുമ്പ് വന്ന കമല്‍ ഹാസന്‍ ചിത്രത്തിലെ റോളക്‌സ് ഹിറ്റായതോടെ സൂര്യയുടെ ഗസ്റ്റ് അപ്പിയറന്‍സിന് ഡിമാന്‍ഡ് ഉയര്‍ന്നിരുന്നു.

മാത്യു ദേവസി എന്ന കഥാപാത്രത്തെയായിരിക്കും ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുക. ഷൂട്ടിനായി വെച്ചിരിക്കുന്ന ഒരു ഫ്‌ളക്‌സിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.

Content Highlight: The video of Suriya coming to the set of kaathal is circulating on social media