നടിയെ ആക്രമിച്ച കേസിലെ വിധി റദ്ദാക്കണം; അപ്പീല്‍ നല്‍കി പ്രതികള്‍
Kerala
നടിയെ ആക്രമിച്ച കേസിലെ വിധി റദ്ദാക്കണം; അപ്പീല്‍ നല്‍കി പ്രതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th December 2025, 10:17 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ വിചാരണ  കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളായ രണ്ടുപേരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. അഞ്ചാം പ്രതി വടിവാള്‍ സലീമും ആറാം പ്രതി പ്രദീപുമാണ് അപ്പീല്‍ നല്‍കിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിന്യായം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. കേസിലെ ഒന്നാം പ്രതിയെ കുറ്റകൃത്യത്തിന് സഹായിച്ചിട്ടില്ലെന്നും ലഭിച്ചത് അമിത ശിക്ഷയാണെന്നും വാദിച്ചാണ് പ്രതികളുടെ അപ്പീല്‍.

ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കില്ലെന്നും മതിയായ തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നും അപ്പീലില്‍ പറയുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ നാളെ പരിഗണിക്കും.

നടിയെ ആക്രമിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം ഡിസംബര്‍ എട്ടിനാണ് കോടതി വിധി പറഞ്ഞത്. ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവരാണ് ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍.

ഡിസംബര്‍ 12ന് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും ശിക്ഷ വിധിച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കും 20 വര്‍ഷം തടവും പിഴയുമായിരുന്നു കോടതി വിധിച്ചത്.

ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് മൂന്നുലക്ഷവും മാര്‍ട്ടിന്‍ ആന്റണിക്ക് 1,25000വും പിഴ വിധിച്ചിരുന്നു. വടിവാള്‍ സലീം, പ്രദീപ് ഉള്‍പ്പെടെയുള്ള മറ്റ് നാല് പ്രതികള്‍ക്കും പിഴ ഒരു ലക്ഷം വീതമാണ്. പ്രതികള്‍ക്ക് പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വീതം അധികതടവ് അനുഭവിക്കേണ്ടി വരും.

പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും അവരുടെ സ്വര്‍ണമോതിരം തിരികെ നല്‍കണമെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു.

തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലെ ഏറ്റവും കുറഞ്ഞ ശിക്ഷയായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജസ്റ്റിസ് ഹണി എം. വര്‍ഗീസ് പ്രതികള്‍ക്ക് വിധിച്ചത്.

Content Highlight: The verdict in the actress attack case should be cancelled; the accused have filed an appeal