കീഴ്‌വഴക്കം അതായിരുന്നു; കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്: മുൻ ദേവസ്വം ബോർഡ് അംഗം
Kerala
കീഴ്‌വഴക്കം അതായിരുന്നു; കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്: മുൻ ദേവസ്വം ബോർഡ് അംഗം
ശ്രീലക്ഷ്മി എ.വി.
Wednesday, 14th January 2026, 5:08 pm

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കം അങ്ങനെ ആയതുകൊണ്ടാണ് തന്ത്രിക്ക് കൈമാറിയതെന്നും മുൻ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ.

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിലായ സാഹചര്യത്തിലായിരുന്നു വാജി വാഹനം തന്ത്രിയുടെ വീട്ടിൽനിന്നും കണ്ടെടുത്തത്.

ഇതിനുപിന്നാലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നാണ് തങ്ങൾക്ക് കിട്ടിയ റിപ്പോർട്ടെന്നും കീഴ്‌വഴക്കമതാണെന്നും അജയ് തറയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഡ്വക്കേറ്റ് കമ്മീഷൻ എ.എസ്.പി കുറുപ്പിന്റെ നിർദേശത്തോടെയാണ് കൈമാറിയതെന്നും മറ്റു രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊടിമരത്തിന് സ്വർണം സ്പോൺസർ ചെയ്തത് ആന്ധ്രയിൽ നിന്നുള്ള ഫിനിക്സ് ഗ്രൂപ്പാണെന്നും മറ്റാരുടെയും സ്വർണം നിർമാണത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം മാനുവൽ അനുസരിച്ചാണ് നിർമാണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണം പൂശിയ പറകൾ, അഷ്ടദിക് പാലകർ, അടക്കം പഴയ കൊടിമരത്തിന്‍റെ എല്ലാഭാഗങ്ങളും സ്ട്രോങ് റൂമിലേക്കാണ് മാറ്റിയിരുന്നത്. ഇതിന് മഹസർ തയ്യാറാക്കി ഹൈക്കോടതിയിൽ റിപ്പോർട്ടും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌ട്രോങ് റൂമിലേക്ക് മാറ്റിയതെല്ലാം ഇപ്പോഴുണ്ടോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാന്നാറിലെ നിർമാണവേളയിൽ ആചാരപരമായി ചിലർ സ്വർണം സംഭാവന നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപിയും താനുമെല്ലാം സ്വർണം നൽകിയിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു. കൈകള്‍ ശുദ്ധമാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണത്തിന്‍റെ ഭാഗമായി കൊടിമരം മാറ്റി സ്ഥാപിച്ചതും എസ്.ഐ.ടി അന്വേഷിച്ച് വരികയാണ്.

2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്.

അന്നത്തെ ദേവസ്വം ഭരണസമിതിയിലെ അംഗമായിരുന്നു അജയ് തറയിൽ. കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു.

അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ എസ്.ഐ.ടി നൽകും. 1998 മുതൽ 2025വരെയുള്ള കാലഘട്ടങ്ങളിൽ നടന്ന കാര്യങ്ങള്‍ നാലു ഘട്ടമായി അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

നിലവിൽ കട്ടിളപ്പാളി, ദ്വാരപാലക മോഷണ കേസുകളിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലാണ്.

Content Highlight: The Vaji vahanam on the flagpole belonged to the Tantri: Former Devaswom Board member

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.