യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്താന്‍ പാടുപെടുകയാണ് അമേരിക്ക; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍
World
യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്താന്‍ പാടുപെടുകയാണ് അമേരിക്ക; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 28th July 2026, 7:13 am

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയും ഇറാനെതിരെ വീണ്ടും ആക്രമണ ഭീഷണി ഉയര്‍ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോയാല്‍ ഇറാനെതിരായ സൈനിക ആക്രമണം വീണ്ടും ശക്തമാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ പരമാധികാരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും യു.എസ് ആക്രമണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി.

അതേസമയം ഇറാനും യു.എസും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ രണ്ട് ദിവസം മുമ്പുവരെ നടന്നുകൊണ്ടിരുന്ന സൈനിക നടപടികള്‍ വീണ്ടും തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

യു.എസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിനാലാണ് ആക്രമണങ്ങള്‍ നിര്‍ത്തിവച്ചത്. നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.

മാത്രമല്ല മിഷിഗണില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലും ട്രംപ് സമാന നിലപാട് ആവര്‍ത്തിച്ചു. നയതന്ത്ര ശ്രമങ്ങള്‍ വിജയിക്കാതെ വന്നാല്‍ ഇറാനെ നാമാവശേഷമാക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

അതേസമയം യു.എസുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ അഭ്യര്‍ത്ഥിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. യു.എസിനോട് യാതൊരു കാര്യത്തിനും അപേക്ഷിക്കുകയോ യാചിക്കുകയോ ചെയ്യുന്നത് തങ്ങളുടെ നയമല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായി വ്യക്തമാക്കി. കൂടാതെ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്താന്‍ അമേരിക്ക പാടുപെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Content Highlight: The US is struggling to find a way out of the war; Iran responds to Trump’s threat

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ