യു.എസിന്റെ മൂന്ന് എഫ്15 യുദ്ധ വിമാനങ്ങള്‍ കുവൈറ്റിന് മുകളില്‍ തകര്‍ന്നുവീണു; സ്ഥിരീകരിച്ച് യു.എസ്
Iran US Tension
യു.എസിന്റെ മൂന്ന് എഫ്15 യുദ്ധ വിമാനങ്ങള്‍ കുവൈറ്റിന് മുകളില്‍ തകര്‍ന്നുവീണു; സ്ഥിരീകരിച്ച് യു.എസ്
അനിത സി
Monday, 2nd March 2026, 6:03 pm

കുവൈറ്റ് സിറ്റി: ഇറാനെ ആക്രമിക്കാനായി പറന്നുയര്‍ന്ന് യു.എസിന്റെ മൂന്ന് എഫ്15 യുദ്ധ വിമാനങ്ങള്‍ കുവൈറ്റിന് മുകളില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്.

യുദ്ധ വിമാനങ്ങള്‍ കുവൈറ്റ് പ്രതിരോധ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ 11ഓടെ നിരവധി യു.എസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായി കുവൈറ്റ് സ്ഥിരീകരിച്ചിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ ആശുപത്രികളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കുവൈറ്റിന് വിമാനം വെടിവെച്ചിട്ടതില്‍ പങ്കുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നില്ല. അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ അധികാരികള്‍ അന്വേഷണം തുടരുകയാണെന്നും കുവൈറ്റ് അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നരത്തോടെ മൂന്ന് എഫ്15വിമാനങ്ങള്‍ തകര്‍ന്നതായി യു.എസും സ്ഥിരീകരിച്ചു. കുവൈറ്റ് അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്നായിരുന്നു യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്- സെന്റ്‌കോമിന്റെ അവകാശവാദം.

വിമാനങ്ങളിലെ മുഴുവന്‍ ക്രൂ മെമ്പര്‍മാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് യുദ്ധവിമാനങ്ങളിലായി ആറ് പേരാണുണ്ടായിരുന്നത്.

‘ഇറാനിയന്‍ വിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയോടുള്ള സജീവ പോരാട്ടത്തിനിടെ യു.എസ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ കുവൈറ്റ് വ്യോമ പ്രതിരോധസേന അബദ്ധത്തില്‍ വെടിവെച്ചു വീഴ്ത്തി,’ സെന്റ്‌കോം പറഞ്ഞു.

സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുകയാണ്. കുവൈറ്റ് പ്രതിരോധ സേനയുടെ ശ്രമങ്ങള്‍ക്കും നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനില്‍ നല്‍കുന്ന പിന്തുണയ്ക്കും നന്ദിയുണ്ടെന്നും സെന്റ്‌കോം പറഞ്ഞു.

Content Highlight: The US has confirmed that three US F-15 fighter jets have crashed over Kuwait.

 

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.