ന്യൂയോര്‍ക്: അമേരിക്കന്‍ നിയമങ്ങള്‍ പാലിക്കാത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി യു.എസ് എംബസി. നിയമങ്ങള്‍ അനുസരിക്കാത്ത വിദ്യാര്‍ത്ഥികളുടെ വിസ റദ്ദ് ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നുമാണ് മുന്നറിയിപ്പ്.
വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ അവരുടെ വിസ റദ്ദാക്കപ്പെടുമെന്നും ഇത് ഭാവിയില്‍ വിസ ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും വിദ്യാര്‍ത്ഥികളെ തിരിച്ചയക്കുമെന്നും എംബസി വ്യക്തമാക്കി.
‘യു.എസ്. നിയമങ്ങള്‍ ലംഘിക്കുന്നത് നിങ്ങളുടെ സ്റ്റുഡന്റ് വിസയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ഏതെങ്കിലും നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ നിങ്ങളുടെ വിസ റദ്ദാക്കപ്പെടാം. നിങ്ങളെ നാടുകടത്താം. ഭാവിയില്‍ വിസ ലഭിക്കുന്നതിന് നിങ്ങള്‍ അയോഗ്യരാക്കപ്പെടും.
Breaking U.S. laws can have serious consequences for your student visa. If you are arrested or violate any laws, your visa may be revoked, you may be deported, and you could be ineligible for future U.S. visas. Follow the rules and don’t jeopardize your travel. A U.S. visa is a… pic.twitter.com/A3qyoo6fuD
നിയമങ്ങള്‍ പാലിക്കുക, വെറുതെ നിങ്ങളുടെ യാത്രയെ അപകടത്തിലാക്കരുത്. വിസ ഒരു പ്രിവിലേജ് മാത്രമാണ്, അല്ലാതെ നിങ്ങളുടെ അവകാശമല്ല,’ എംബസി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
വര്‍ധിച്ചുവരുന്ന അക്കാദമിക് ഫീസുകള്‍, കര്‍ശനമായ സോഷ്യല്‍ മീഡിയ നിരീക്ഷണം, പുതിയ അച്ചടക്ക നിയമങ്ങള്‍, വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് തങ്ങുന്നതിനുള്ള സമയമപരിധി ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പുതിയ അക്കാദമിക് പ്രവേശനത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് യു.എസ് എംബസിയുടെ മുന്നറിയിപ്പ്.
ഇതാദ്യമായല്ല, ഇതിന് മുമ്പ് പല തവണ അമേരിക്ക ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിയമവിരുദ്ധമായുള്ള ജോലികള്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷവും രാജ്യത്ത് തുടരുന്ന സാഹചര്യം, അക്കാദമിക ആവശ്യകതകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരിക തുടങ്ങിയ സ്റ്റുഡന്റ് വിസ ലംഘനങ്ങള്‍ അധികൃതര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2025 ഡിസംബര്‍ 26 മുതല്‍ ബോര്‍ഡര്‍ പോയിന്റുകളില്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെ യു.എസ് പൗരന്മാരല്ലാത്ത എല്ലാവരുടെയും നിര്‍ബന്ധിത ബയോമെട്രിക് പരിശോധന നടത്തി വരികയാണ്.
പുതിയ നിയമം അനുസരിച്ച് വിമാനത്താവളങ്ങള്‍, ലാന്‍ഡ് ക്രോസിങ്ങുകള്‍, തുറമുഖങ്ങള്‍ എന്നിവയിലുടനീളമുള്ള ഓരോ എന്‍ട്രി-എക്‌സിറ്റ് പോയിന്റിലും യു.എസ് കസ്റ്റംസ്, ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ പൗരന്മാരല്ലാത്തവരുടെ ഫോട്ടോകളെടുക്കും.
14 വയസ്സിന് താഴെയുള്ള കുട്ടികളും 79 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവരും ഉള്‍പ്പെടെ, രാജ്യത്തേക്ക് പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ എല്ലാ നോണ്‍ യു.എസ് പൗരന്മാര്‍ക്കും പുതിയ നിയമം ബാധകമാണ്.
സുരക്ഷ, വിസ കാലാവധി കഴിഞ്ഞുള്ള താമസം എന്നിവ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ബയോമെട്രിക് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
Content Highlight: The US Embassy has issued a stern warning to Indian students who violate American laws.