സോഷ്യലിസ്റ്റുകള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും ഒന്നിക്കാനാവുമോ?
Discourse
സോഷ്യലിസ്റ്റുകള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും ഒന്നിക്കാനാവുമോ?
ന്യൂസ് ഡെസ്‌ക്
Tuesday, 14th August 2012, 7:13 pm

എസ്സേയ്‌സ്/അസിത് ദാസ്


അക്കാദമീയ ലോകത്തെ ജണ്ടര്‍ പഠനമായ ഫെമിനിസം വിശാലമായ ഒരു പഠന മേഖലയാണ്. ഇവിടെ ഞാന്‍ ഫെമിനിസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, പുരുഷ മേല്‍കോയ്മയ്‌ക്കെതിരെയുള്ള സ്ത്രീകളുടെ പോരാട്ടം എന്ന നിലയ്ക്കാണ്. ഫെമിനിസം തന്നെ വിവിധ തരത്തിലുണ്ട്-ഉദാര ഫെമിനിസം (Liberal), റാഡിക്കല്‍ ഫെമിനിസം, സോഷ്യലിസ്റ്റ് ഫെമിനിസം എന്നിങ്ങനെ.[]

റാഡിക്കല്‍ ഫെമിനിസവും സോഷ്യലിസ്റ്റ് ഫെമിനിസവും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള പോരാട്ടമാണ് അടിസ്ഥാന പോരാട്ടമെന്ന് റാഡിക്കല്‍ ഫെമിനിസം വാദിക്കുമ്പോള്‍ മുതലാളിത്തമാണ് പൊതുശത്രുവെന്നും സ്ത്രീ വിമോചനം മുതലാളിത്തത്തിനെതിരായ തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടങ്ങളുമായി കണ്ണിചേര്‍ക്കണമെന്നും സോഷ്യലിസ്റ്റ് ഫെമിനിസം വാദിക്കുന്നു.

സോഷ്യലിസമെന്ന് പറയുന്നതും ഒരു ഭാരിച്ച പദമാണ്. അതിലും വ്യത്യസ്ത ധാരകളുണ്ട്. മാര്‍ക്‌സിന് മുമ്പേ സോഷ്യലിസം എന്ന വാക്കിനെ നമുക്ക് കണ്ടെത്താന്‍ കഴിയും. ഫ്യൂറിയര്‍, സെയ്ന്റ് സിമോണ്‍ മുതലായവര്‍ സോഷ്യലിസത്തിന്റെ പ്രയോക്താക്കളായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സോഷ്യലിസമെന്നത് മാനവിക സാമൂഹ്യക്രമമാണ്. ഏംഗല്‍സ് ഇവരുടെ സോഷ്യലിസത്തെ ഉട്ടോപ്യനെന്ന് പറഞ്ഞ് തള്ളിക്കളയുകയും ശാസ്ത്രീയ സോഷ്യലിസത്തിനുവേണ്ടി വാദിക്കുകയും ചെയ്തു. ഇന്ന് നമുക്ക് നിരവധി സോഷ്യലിസ്റ്റ് ധാരകളും കമ്മ്യൂണിസ്റ്റ് ധാരകളുമുണ്ട്.

കാലാവസ്ഥാ വ്യതിയാനം, പീക്ക് ഓയില്‍, ഭക്ഷണ പ്രതിസന്ധി എന്നിവയിലൊക്കെ സംവാദങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതിശാസ്ത്രമെന്നത് ഇന്ന് മാനവരാശി നേരിടുന്ന സുപ്രധാനമായ ഒരു പ്രശ്‌നമായിത്തീര്‍ന്നിട്ടുണ്ട്. ജോണ്‍ ബല്ലാമിയുടെ “Ecology, Movement of Truth” (പരുസ്ഥിതി ശാസ്ത്രം അഥവാ സത്യപ്രസ്ഥാനം) എന്ന കൃതിയില്‍ ഇതിന്റെ രൂക്ഷത നമുക്ക് മനസ്സിലാകുന്നതാണ്. അതിലദ്ദേഹം പറയുന്നത്, മാനവികത നേരിടുന്ന പരിസ്ഥിതി പ്രശ്‌നത്തെ പര്‍വ്വതീകരിക്കുക അസാധ്യമാണ്. ഏകദേശം പതിനഞ്ച് വര്‍ഷത്തിന് മുമ്പ് ഒരാള്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ; അപരിഹാര്യമായ പാരിസ്ഥിതിക തകര്‍ച്ചയെ ഒഴിവാക്കിയിരുന്നെങ്കില്‍ പ്രമുഖ  പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുമേല്‍ നിയന്ത്രണം നേടാനാവുമായിരുന്ന നാല് പതിറ്റാണ്ടുകള്‍ കടന്നുപോയി. എന്നിരുന്നാലും പ്രതീക്ഷനല്‍കുന്ന കാല്‍ നൂറ്റാണ്ട് ഇനിയുമുണ്ട് (ജോണ്‍ ബെല്ലാമി ഫോസ്റ്റര്‍, “The Vulnerable Planet”, 1994).

ഇന്നത്തെ വ്യാവസായിക രീതിയില്‍ തന്നെ പോകുകയാണെങ്കില്‍ ഒരു ദശകത്തിനുള്ളില്‍ തന്നെ പാരിസ്ഥിതിക മാറ്റവുമായി ബന്ധപ്പെട്ട് തിരിച്ചുവരാനാവാത്ത അവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരും

ഇന്നത്തെ വ്യാവസായിക രീതിയില്‍ തന്നെ പോകുകയാണെങ്കില്‍ ഒരു ദശകത്തിനുള്ളില്‍ തന്നെ പാരിസ്ഥിതിക മാറ്റവുമായി ബന്ധപ്പെട്ട് തിരിച്ചുവരാനാവാത്ത അവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരും എന്നാണ് ലഭ്യമായ തെളിവുകള്‍ പറഞ്ഞുതരുന്നത്. വംശനാശം (പക്ഷികളുടെയും സസ്തനികളുടെയും മത്സ്യ വര്‍ഗങ്ങളുടെയും ശതമാനത്തിലുള്ള അപകടകരമായ വിധമുള്ള കുറവ്), വായു മലിനീകരണം, ജല മലിനീകരണം, ജല ദൗര്‍ലഭ്യം, സമുദ്രവിഭവങ്ങളുടെ വന്‍തോതിലുള്ള കുറവ്, മരുഭൂവല്‍ക്കരണം, മണ്ണ് നശീകരണം, ലോക എണ്ണ ഉല്‍പ്പാദനത്തിന്റെ പെട്ടെന്നുള്ള ഏറ്റവും ഉയര്‍ച്ചയിലേയ്ക്കുള്ള എത്തിപ്പെടല്‍, പുതിയ പാരിസ്ഥിക, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, മാരകമായ ഭക്ഷ്യദൗര്‍ലഭ്യം, ഇവയെല്ലാം തന്നെ ഇന്ന് നമ്മള്‍ മനസ്സിലാക്കുന്നതുപോലെ “ബ്രേക്കിങ്ങ് പോയിന്റു”കളായാണ് പ്രത്യക്ഷപ്പെടുന്നത്. ഭൂമിയുയെയും നാഗരികതയെയും കുറിച്ചുള്ള “വാസ്തവങ്ങളുടെ” നേരമെത്തിയിരിക്കുന്നു.

പാരിസ്ഥിതിക പ്രതിസന്ധിക്ക് ലോകമെങ്ങുമുള്ള ഭരണാധികാരികള്‍ ഭരണപരവും സാങ്കേതികപരവുമായ നടപടികളാണ് സ്വീകരിക്കുന്നത്. മുഖ്യധാരാ പരിസ്ഥിതി പ്രവര്‍ത്തകര്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് മൂന്ന് തരത്തിലുള്ള യാന്ത്രികമായ അടവുകളാണ് സ്വീകരിക്കുന്നത്. 1) സാങ്കേതികപരമായ ഉത്തരങ്ങള്‍ തേടുക, 2) പ്രകൃതിയുടെ ഏല്ലാ ഘടകങ്ങളിലേയ്ക്കും കമ്പോളത്തെ വ്യാപിപ്പിക്കുക 3) പാരിസ്ഥിതിക ആവാസ വ്യവസ്ഥയെ ചൂഷണം ചെയ്യുകയും തര്‍ക്കുകയും ചെയ്യുന്ന ഒരു ലോക സാഹചര്യത്തില്‍ കേവലം സംരക്ഷിത ദ്വീപുകള്‍ സൃഷ്ടിക്കുക.

മുതലാളിത്ത പ്രത്യയശാസ്ത്രം പ്രതിസന്ധികളെ വളരെ സാവധാനം മാത്രമേ തിരിച്ചറിയുന്നുള്ളു എന്നത് അതിന്റെ സ്വഭാവമാണ്.

അപകടകരമായ പ്രവണതകളുടെ ഒരു സമ്മിശ്രമാണ് പാരിസ്ഥിതിക പ്രതിസന്ധി. മുതലാളിത്ത പ്രത്യയശാസ്ത്രം പ്രതിസന്ധികളെ വളരെ സാവധാനം മാത്രമേ തിരിച്ചറിയുന്നുള്ളു എന്നത് അതിന്റെ സ്വഭാവമാണ്. അപ്പോഴേയ്ക്കും പ്രതിസന്ധി അപകടാവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുകയും ചെയ്യും.

പരിസ്ഥിതിയെ പറ്റിയുള്ള ഔദ്യോഗിക പരിജ്ഞാനത്തില്‍ നിന്നും വ്യത്യസ്തമായി ഒരു ന്യൂനപക്ഷം മാനവീയ പരിസ്ഥിതി പ്രവര്‍ത്തകര്‍ നമ്മുടെ അടിസ്ഥാന സാമൂഹ്യബന്ധങ്ങളില്‍ മാറ്റം വരേണ്ടതുണ്ടെന്ന് മനസ്സിലാക്കി. മനുഷ്യര്‍ സ്വന്തം അതിജീവനത്തിന് പരിസ്ഥിതിയുടെ പ്രവര്‍ത്തനത്തെയാണ് ആശ്രയിക്കുന്നത്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതും.

പ്രകൃതി ചരിത്രത്തിലും സാമൂഹ്യചരിത്രത്തിലും സ്വാധീനങ്ങള്‍ ഉണ്ടാക്കുന്നവിധം മനുഷ്യനും ഭൂമിയും തമ്മില്‍ “ജൈവപരമായ” പാരസ്പര്യം (metabolic interaction) അനിവാര്യമായിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകളുടെ (anthropogenic) സ്വാധീനമാണ് ആഗോള പരിസ്ഥിതിയെ മാറ്റുന്നതില്‍ മുമ്പെങ്ങുമില്ലാത്തവിധം പങ്കുവഹിച്ചിരിക്കുന്നതെന്ന പ്രകൃതിയെ കുറിച്ചുള്ള മുതലാളിത്ത വ്യാഖ്യാനം വര്‍ധിച്ചിട്ടുണ്ട്. ജൈവ ഇന്ധനത്തിന്റെ ഉപയോഗവും വനനശീകരണവുമാണ് ആഗോള കാലാവസ്ഥയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുള്ളത്. മനുഷ്യ ഇടപെടല്‍ പ്രതികൂലമായി ബാധിക്കാത്ത ഒരു ഭാഗം പോലും ആഗോള സമുദ്രമണ്ഡലത്തിലില്ല. കാര്‍ബണിന്റെ വര്‍ദ്ധമാനമായ അടിഞ്ഞുകൂടല്‍, ഫലഭൂയിഷ്ടത ഒലിച്ചുപോകല്‍, അമിത മത്സ്യബന്ധനം എന്നിവ ജൈവവൈവിധ്യങ്ങളെ നശിപ്പിക്കുന്നുവെന്ന് മാത്രമല്ല പ്രകൃതിയില്‍ നിന്നുള്ള സംഭാവനകളെ തന്നെ അട്ടിമറിക്കുകയും ചെയ്യുന്നു.

മുതലാളിത്തിന്റെ സാമൂഹിക ജൈവക്രമം (metabolism) ജന്മനാതന്നെ പരിസ്ഥിതി വിരുദ്ധമാണ്.

മൂലധനവും സാങ്കേതിക വിദ്യയും കമ്പോളവും നടപ്പില്ലാക്കിക്കൊണ്ട് സമൂഹത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റത്തിലൂടെല്ലാതെ തന്നെ ഭീഷണികളെയൊക്കെ പരിഹരിക്കാമെന്ന പ്രതീക്ഷ മുഖ്യ സാമ്പത്തിക ശക്തികള്‍ തന്നെ അട്ടിമറിച്ചിരിക്കുകാണ്. ഉദാഹരണത്തിന്, ആഗോള പാരിസ്ഥിതിക പ്രതിസന്ധിക്ക് പരിഹാരമായി നിരവധി സാങ്കേതിക മാര്‍ഗങ്ങളാണ് മുന്നോട്ട് വെയ്ക്കപ്പെടുന്നത്. പാരിസ്ഥിതികമായ വെല്ലുവിളികളെ പരിഹരിക്കുന്ന പ്രക്രിയയില്‍ പോലും മൂലധനസമാഹരണത്തിന്റെ മേഖലകളാണ് കമ്പോളം വാഗ്ദാനം ചെയ്യുന്നത്. ഈ ചിന്താരീതി പാരിസ്ഥിതിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളെ മറക്കുകയാണ് ചെയ്യുന്നത്. മുതലാളിത്തിന്റെ സാമൂഹിക ജൈവക്രമം (metabolism) ജന്മനാതന്നെ പരിസ്ഥിതി വിരുദ്ധമാണ്. കാരണം അനുസ്യൂതമായ മൂലധനസഞ്ചയത്തിന്റെയും വന്‍തോതിലുള്ള ഉല്‍പാദനത്തിന്റെയും കീഴില്‍ പ്രകൃതിയെ കെട്ടിയിടുകയാണ് ഇത് ചെയ്യുന്നത്.

ലോക പാരിസ്ഥിതിക പ്രതിസന്ധികളെ പരിഹരിക്കുന്നതിന് ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമം പടുത്തുയര്‍ത്താന്‍ നമുക്ക് പോരാടിയേ പറ്റൂ.

ഇവിടെയാണ് ആഗോള പാരിസ്ഥിതിക പ്രതിസന്ധിയോടുള്ള സോഷ്യലിസ്റ്റ് പ്രതികരണം പ്രാധാന്യമര്‍ഹിക്കുന്നത്. കൂട്ടുല്‍പ്പാദകരുടെ സമൂഹമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതി സാമൂഹ്യ ജൈവക്രമത്തെ (social metabolism) പ്രകൃതി ജൈവക്രമത്തിന് (natural metabolism) അനുഗുണമായി കൊണ്ടുവരുന്നതിന് അടിസ്ഥാനമായി വര്‍ത്തിക്കുന്നു. മനുഷ്യ തലമുറയ്ക്ക് നിലനില്‍ക്കുന്നതിനും പുനരുല്‍പ്പാദിപ്പിക്കുന്നതിനുമുള്ള ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്.

പ്രകൃതിയുമായി മനുഷ്യസമൂഹം എല്ലായ്‌പ്പോഴും പാരസ്പര്യം നിലനിര്‍ത്തിക്കൊണ്ടിരിക്കണം. അങ്ങനെയെങ്കില്‍ സമൂഹം ഏതുമായിക്കൊള്ളട്ടെ, സാമൂഹ്യ ജൈവക്രമം സ്ഥിരമായി നിലനില്‍ക്കും. അതേസമയം തന്നെ പ്രകൃതിയുടെ പരിമിതികള്‍ അറിഞ്ഞ് അതുമായി ഇടപെടുകയും പ്രകൃതിയുടെ പ്രക്രികളുടെ പുനരുല്‍പ്പാദന ഘടകങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ഉല്‍പ്പാദന രീതിയാണ് പാരിസ്ഥിതികമായി അതിജീവിക്കപ്പെടുന്ന ഒരു സാമൂഹ്യക്രമത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുന്നത്.

അതുകൊണ്ട് ലോക പാരിസ്ഥിതിക പ്രതിസന്ധികളെ പരിഹരിക്കുന്നതിന് ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമം പടുത്തുയര്‍ത്താന്‍ നമുക്ക് പോരാടിയേ പറ്റൂ. ഇത്തരത്തിലുള്ള ചിന്താഗതിയെ ഇക്കോസോഷ്യലിസം എന്നു വിളിക്കുന്നു.

വന്ദനാശിവ, മരിയ മീസ് തുടങ്ങിയവര്‍ ശക്തമായ ഇക്കോഫെമിനിസവും മുന്നോട്ട് വെച്ചിട്ടുണ്ട്. സ്ത്രീയെ അടിച്ചമര്‍ത്തുന്ന ശക്തികളും പ്രകൃതിയെ ചൂഷണം ചെയ്യുന്ന ശക്തികളും ഒന്നാണെന്നാണ് അത് വ്യക്തമാക്കുന്നത്. അതുകൊണ്ട് പുരുഷമേധാവിത്വത്തിനെതിരെയും പ്രകൃതി നാശത്തിനെതിരെയുമുള്ള സമരം സമാനമാണ്.

സ്വാതന്ത്ര്യം നേടിയിട്ട് അറുപത് വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ സമൂഹം എത്തി നില്‍ക്കുന്നത് മൊത്തം രാജ്യവും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കായി വിറ്റു തുലയ്ക്കുക എന്ന പ്രതിസന്ധിയിലേയ്ക്കാണ്. അപ്പോള്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ പ്രതിരോധിക്കുന്നതിനും സമത്വാധിഷ്ഠിത, പ്രകൃതിപരമായി അതിജീവിക്കുന്ന, ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാനായി പോരാടാന്‍ ഫെമിനിസ്റ്റുകളും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും പരിസ്ഥിതി പ്രവര്‍ത്തകരും ഒന്നിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

കടപ്പാട്: countercurrent.org