തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് വോട്ട് കൊള്ളയിലൂടെയെന്ന് സിറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത. കത്തോലിക്ക സഭയുടെ മുഖമാസികയിലെ ലേഖനത്തിലാണ് സഭ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്.
വോട്ടര്‍ പട്ടികയിലെ തട്ടിപ്പ് മറിച്ചുപിടിക്കാന്‍ സുരേഷ് ഗോപിയെ ക്രിസ്ത്യന്‍ പള്ളികളിലേക്കും കരുവന്നൂര്‍ തട്ടിപ്പിന്റെ ഇരകളുടെ വീടുകളിലേക്കും കോളനികളിലേക്കും പറഞ്ഞയച്ചത് ആര്‍.എസ്.എസിന്റെ ഗൂഢതന്ത്രമാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. ചില മെത്രാന്‍മാര്‍ ഈ തന്ത്രത്തില്‍ വീണെന്നും ലേഖനത്തിലുണ്ട്.
തൃശൂരിന് പുറത്തുള്ള ഒരു ലക്ഷത്തോളം ആളുകളെ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റിയാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സംഘടനാ ദൗര്‍ബല്യം മനസിലാക്കി ആര്‍.എസ്.എസ് നടത്തിയ വോട്ടുകൊള്ളയാണെന്നും ലേഖനം പറയുന്നു.
ഇത്തരമൊരു പുകമറയുണ്ടാക്കി ക്രിസ്ത്യന്‍ വോട്ടുകള്‍ ബി.ജെ.പിക്ക് മറിഞ്ഞു എന്ന തെറ്റായ പ്രചരണം ഇപ്പോഴും ആര്‍.എസ്.എസ് നടത്തുകയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ചില മെത്രാന്‍മാരും സാമുദായിക നേതാക്കളും ആര്‍.എസ്.എസിന്റെ കെണിയില്‍ വീണും കാസ കുത്തിവെക്കുന്ന വിഷബീജത്തിന്റെ ഉറവിടം മനസിലാക്കാതെയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് ഹാ കഷ്ടമെന്ന് പറയാന്‍ മാത്രമേ സാധിക്കൂ എന്നും ലേഖനം വിമര്‍ശിക്കുന്നു.
ഇതിന് പുറമെ കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തില്‍ ദീപികക്ക് പുറമെ തൃശൂര്‍ അതിരൂപതയുടെ മുഖപത്രവും വിമര്‍ശനവുമായെത്തി. സംഘപരിവാര്‍ സംഘടനകള്‍ക്ക് വര്‍ഗീയ അന്ധതയാണെന്ന് കത്തോലിക്ക സഭയുടെ മുഖപ്രസംഗം വിമര്‍ശിച്ചു.
ഇന്ത്യയില്‍ ഇന്ന് നിരപരാധികളെ കുടുക്കാന്‍ ഏറ്റവും വലിയ ആയുധമാണ് മാവോയിസ്റ്റ് ബന്ധം. ഇതെടുത്ത് മിഷണറിമാര്‍ക്കെതിരെ ഉപയോഗിക്കുകയാണെന്നും കത്തോലിക്ക സഭ വിമര്‍ശിച്ചു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയും ദാരിദ്ര്യവും കാണാതെ മിഷണറിമാരെ തേടിപ്പിടിച്ച് ആക്രമിക്കുന്നത് എന്തിനെന്നും കത്തോലിക്ക സഭയിലെ മുഖപ്രസംഗത്തില്‍ ചോദ്യമുയര്‍ത്തുന്നുണ്ട്.