നോ ഫ്‌ളൈ സോണ്‍ വേണം; തിരുപ്പതി ക്ഷേത്രത്തിന് മുകളിലൂടെ വിമാനം പറന്നാല്‍ പവിത്രത നഷ്ടപ്പെടുമെന്ന് ഭക്തര്‍
national news
നോ ഫ്‌ളൈ സോണ്‍ വേണം; തിരുപ്പതി ക്ഷേത്രത്തിന് മുകളിലൂടെ വിമാനം പറന്നാല്‍ പവിത്രത നഷ്ടപ്പെടുമെന്ന് ഭക്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd June 2025, 8:43 am

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന് മുകളിലൂടെ വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ പ്രതിഷേധം. ക്ഷേത്രത്തിന്റെ പവിത്രത നഷ്ടപ്പെടുമെന്നാരോപിച്ചാണ് ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ക്ഷേത്ര പരിസരം നോ ഫ്‌ളൈ മേഖലയായി പ്രഖ്യാപിക്കണമെന്നും സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചുവെന്നുമാരോപിച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്.

തിരുപ്പതി ക്ഷേത്രത്തിന് മുകളിലൂടെ വിമാനമോ ഹെലികോപ്റ്ററുകളോ ഡ്രോണുകളോ പറക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നാണ് അഗമ ശാസ്ത്രത്തില്‍ പറയുന്നതെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

വിമാനയാത്രകള്‍ മതപരമായ പാരമ്പര്യങ്ങളെ ലംഘിക്കുന്നുവെന്നും ഗുരുതരമായ സുരക്ഷ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോയില്‍ ക്ഷേത്രത്തിന് മുകളിലൂടെ വിമാനം പറക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നാലെ ഭക്തര്‍ പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.

നേരത്തെ തന്നെ ക്ഷേത്രം നോ ഫ്‌ളൈ മേഖലയാക്കണമെന്നാവശ്യപ്പെട്ട് ടി.ടി.ഡി ചെയര്‍മാന്‍ ബി.ആര്‍ നായിഡു കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിജുവിനെ സമീപിച്ചിരുന്നു.

ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും ആകാശ ചലനങ്ങള്‍ ഉള്‍പ്പെടെ അതിന്റെ പരിസരത്ത് ഉണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും ആത്മീയ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ നിരവധി അഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടെന്നും ഏറ്റവും മികച്ച രീതിയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്കുന്നുണ്ടെന്നുമായിരുന്നു മന്ത്രി അറിയിച്ചത്. ബദല്‍ പാതകള്‍ സ്വീകരിക്കാന്‍ കഴിയുന്ന രീതിയില്‍ നാവിഗേഷനുമായും എയര്‍ ട്രാഫിക് കണ്‍ട്രോളുമായും സംസാരിക്കുമെന്നും നായിഡു പറഞ്ഞിരുന്നു.

Content Highlight: The temple will lose its sanctity; Protest over plane flying over Tirupati temple, demand for no-fly zone strong