കേരളത്തില്‍ ഇടതുപക്ഷമുള്ളത് കൊണ്ടാണ് സംഘപരിവാറിനെ പ്രതിരോധിക്കാനാകുന്നത്; കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് കരുതുന്നില്ല: ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍
Kerala News
കേരളത്തില്‍ ഇടതുപക്ഷമുള്ളത് കൊണ്ടാണ് സംഘപരിവാറിനെ പ്രതിരോധിക്കാനാകുന്നത്; കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് കരുതുന്നില്ല: ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th March 2022, 1:40 pm

കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷമുള്ളത് കൊണ്ടാണ് സംഘപരിവാറിനെ പ്രതിരോധിക്കാനാകുന്നതെന്ന് ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍. യു.പിയില്‍ ഇടതുപക്ഷത്തിന്റെ അഭാവം തന്നെയാണ് അവിടുത്തെ പ്രശ്‌നമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇടത് ആശയങ്ങളെക്കുറിച്ച് കേരളത്തിലെ ജനങ്ങളെ പഠിപ്പിക്കേണ്ടതില്ല. 30 വര്‍ഷത്തോളം ഭരിച്ചതിന് ശേഷം ജനങ്ങളുടെ പള്‍സ് അറിയാന്‍ കഴിയാതെ പോയതാണ് ബംഗാളില്‍ സി.പി.ഐ.എമ്മിന് സംഭവിച്ചത്. ബംഗാളില്‍ 2006ല്‍ വലിയ ഭൂരിക്ഷത്തില്‍ അധികാരത്തിലെത്തിയ സ.പി.ഐ.എമ്മിന് 2009ല്‍ വലിയ തോല്‍വിയുണ്ടാകുമെന്ന് ആരും കരുതിയില്ല. ജനങ്ങളുടെ പള്‍സ് അറിയാതെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ആര്‍. രാജഗോപാല്‍ പറഞ്ഞു.

കെ റെയില്‍ സമരങ്ങളുടെ പശ്ചാതലത്തില്‍ കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. നന്ദിഗ്രാമില്‍ മതപരമായ ഒരു പ്രശ്‌നം കൂടിയുണ്ടായിരുന്നു. നന്ദിഗ്രാം നടക്കുന്ന സമയത്ത് അവിടുത്തെ ഇടതുപക്ഷക്കാര്‍ സര്‍ക്കാരിനെതിരെയായി നിന്നു എന്നതാണ് പ്രധാന പ്രശ്‌നം. അങ്ങനെ സംഭവിക്കുന്നത് സി.പി.ഐ.എം ശരിക്കും പേടിക്കേണ്ടതുണ്ട്.

കെ റെയില്‍ പോലൊരു വിഷയത്തില്‍ തങ്ങളുടെ അണികളെ ബോധ്യപ്പെടുത്താനെങ്കിലും സി.പി.ഐ.എം തയ്യാറാകണമെന്നും ആര്‍. രാജഗോപാല്‍ പറഞ്ഞു. ഇടതു അനുഭാവിയായവര്‍ എന്ന് പറയുന്നവര്‍ വരെ കെ റെയിലിനെതിരെ സംസാരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കതില്‍ സംശയമുണ്ടെന്നാണ് അര്‍ത്ഥമെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരെ സംഭന്ധിച്ചെടുത്തോളം നിഷ്പക്ഷത എന്നത് ബുദ്ധമുട്ടുള്ള വാക്കാണ്. ഒരാളെ തല്ലിക്കൊല്ലുന്നതില്‍ നിഷ്പക്ഷനാകാന്‍ കഴിയില്ലെന്നും അവിടെ കൃത്യമായി പക്ഷം ഉണ്ടാകേണ്ടതുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. ക്ലാരിറ്റിയില്ലാത്ത വിഷയങ്ങളില്‍ മാത്രമാണ് നിഷ്പക്ഷത എന്ന വാക്കിന് പ്രസക്തയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.