'ആദ്യം അണക്കെട്ട് ബലപ്പെടുത്തണം, എന്നിട്ട് മതി സുരക്ഷാ പരിശോധന'; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സുപ്രീം കോടതിയില്‍
national news
'ആദ്യം അണക്കെട്ട് ബലപ്പെടുത്തണം, എന്നിട്ട് മതി സുരക്ഷാ പരിശോധന'; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2024, 9:20 am

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. അണക്കെട്ട് ശക്തിപ്പെടുത്തിയതിന് ശേഷം മാത്രം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് തമിഴ്നാട് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2006ലെയും 2014ലെയും വിധികളിലെ ശുപാര്‍ശകളും മേല്‍നോട്ട സമിതി നല്‍കിയ വിവിധ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളും കേരളം നടപ്പിലാക്കിയിട്ടില്ലെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.

പ്രസ്തുത ശുപാര്‍ശകളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും അതിന് തയ്യാറാകാതെ സമഗ്ര സുരക്ഷാ പരിശോധന നടത്താനാണ് കേരളം ശ്രമിക്കുന്നതെന്നും തമിഴ്‌നാട് പറഞ്ഞു.

എന്നാല്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.

അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സമഗ്ര പരിശോധന നടത്താന്‍, അണക്കെട്ടിന്റെ ഉടമകളായ തങ്ങള്‍ക്കാണ് നിയമപരമായ അധികാരമുള്ളതെന്ന് തമിഴ്നാട് നേരത്തേ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

സമഗ്ര പരിശോധന 2026 ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികള്‍ കേരളം തടസപ്പെടുത്തുന്നുവെന്നാണ് തമിഴ്‌നാട് ഉയര്‍ത്തുന്ന പ്രധാന ആരോപണം.

നേരത്തെ പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ പുതിയ ശ്രമങ്ങള്‍ങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

നിലവിലുള്ള അണക്കെട്ടിന്റെ താഴ്ഭാഗത്ത് പുതിയ അണക്കെട്ട് നിര്‍മിക്കുക എന്നത് മാത്രമാണ് ജനങ്ങളുടെ സുരക്ഷയ്ക്ക് ഒരേയൊരു പരിഹാരമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് പറഞ്ഞിരുന്നു.

അതേസമയം ബലപ്പെടുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കി അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Content Highlight: The Tamil Nadu government has taken a firm stand on the Mullaperiyar dam issue