ന്യൂദല്‍ഹി: അപകീര്‍ത്തി പരാമര്‍ശകേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേന്ദ്ര മന്ത്രി അമിത് ഷായ്‌ക്കെതിരായി അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് നല്‍കിയ കേസിലെ നടപടികളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇനിയൊരു ഉത്തരവ് വരുന്നതുവരെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.
ബി.ജെ.പിക്കും അമിത് ഷായ്ക്കുമെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ നവീന്‍ ഝാ 2018ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ജാര്‍ഖണ്ഡ് ഹൈക്കോടതി മാനനഷ്ടക്കേസ് ചുമത്തിയിരുന്നു.
പിന്നാലെ ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിക്കവേയാണ് സുപ്രീം കോടതി നടപടികള്‍ റദ്ദാക്കിയതായി പ്രസ്താവിച്ചത്.
പരാമര്‍ശം നേരിട്ട വ്യക്തിക്ക് മാത്രമേ ക്രിമിനല്‍ മാനനഷ്ടം അഥവാ അപകീര്‍ത്തിപ്പെടുത്തലിന് പരാതി നല്‍കാന്‍ കഴിയൂ എന്നും പ്രോക്‌സി പാര്‍ട്ടിക്ക് പരാതി നല്‍കാനാകില്ലെന്നുമുള്ള നിയമം നിലനില്‍ക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു സിങ്‌വി പറഞ്ഞു.
അതേസമയം മനു സിങ്‌വിയുടെ വാദത്തോട് പ്രതികരിക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനും പരാതിക്കാരനും കോടതി നാല് ആഴ്ച സമയം നീട്ടിനല്‍കി.
തനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കോടതി ഹരജി തള്ളുകയായിരുന്നു.