അര്‍ണബിന്റെ കേസിന് അടിയന്തിര വാദം, മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില; സുപ്രീം കോടതിയുടെ കൊവിഡ് കാല വിധേയത്വം ഗുരുതരം-പ്രശാന്ത് ഭൂഷണ്‍ എഴുതുന്നു
മാര്‍ച്ച് 24ന് ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് മാര്‍ച്ച് 13 ന് സുപ്രീം കോടതി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ‘അടിയന്തര സ്വഭാവമുള്ള വിഷയങ്ങള്‍ മാത്രം പരിഗണിച്ച് ഉചിതമായ എണ്ണം ബെഞ്ചുകള്‍ ചേര്‍ന്നുകൊണ്ട് നിയന്ത്രിതമായ രീതിയില്‍ ആയിരിക്കും ഇനിമേല്‍ കോടതി പ്രവര്‍ത്തിക്കുക,’ എന്ന സര്‍ക്കുലറോടെ കോടതികള്‍ എല്ലാം ഫലത്തില്‍ അടച്ചിടപ്പെട്ടു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം, കൃത്യമായി മാര്‍ച്ച് 25 ന്, അടിയന്തര സ്വഭാവമുള്ള ചില കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സുപ്രീം കോടതി പരിഗണിച്ചു. എന്നാല്‍ ഏത് കേസുകള്‍ അടിയന്തരമായി പരിഗണിക്കണം എന്ന് തീരുമാനമെടുക്കുവാന്‍ അധികാരമുള്ള ജഡ്ജിയോട് കേസിന്റെ ഗൗരവം നേരിട്ട് ബോധിപ്പിക്കുവാന്‍ നിലവിലുണ്ടായിരുന്ന സംവിധാനങ്ങള്‍ (Oral Mentioning) ഇതിനോടകം നിലച്ചിരുന്നു. അതിനാല്‍ തന്നെ, വളരെ സുപ്രധാനമായ കേസുകള്‍ പോലും പരിഗണിക്കപ്പെടാതെ പോകുന്ന അവസ്ഥയുണ്ടായി.
ഉദാഹരണത്തിന് രാജ്യം അടച്ചിട്ടതോടെ വിവിധ ഭാഗങ്ങളില്‍ നിസ്സഹായരായി ഭക്ഷണവും താമസ സൗകര്യങ്ങളും ഒന്നുമില്ലാതെ കുടുങ്ങിപ്പോയ അന്തര്‍സംസ്ഥാന തൊഴിലാളികളെ സ്വന്തം ദേശത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17ന് ജഗദീപ് ചോക്കര്‍ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കപ്പെടുകയുണ്ടായില്ല. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 27നാണ് കേസ് കോടതിക്ക് മുന്‍പാകെ വന്നത്.
ഈ സന്ദര്‍ഭത്തില്‍ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥകൂടി നമ്മള്‍ കാണേണ്ടത് അത്യാവശ്യമാണ്. യാതൊരു ആസൂത്രണവുമില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം പട്ടിണിയുടെ നടുവിലേക്ക് പറിച്ചെറിയപ്പെട്ടു അവര്‍. ജോലിയോ കൂലിയോ ഭക്ഷണമോ നിലച്ചിട്ട് ദിവസങ്ങളായി. രാജ്യത്തെ എല്ലാ പ്രധാന പത്രങ്ങളും വെബ്‌സൈറ്റുകളും ഇതിനോടകം ഈ ദുരവസ്ഥ ചര്‍ച്ചക്കെടുക്കുകയും ചെയ്തിരുന്നു.
പരമോന്നത കോടതിയുടെ മുന്‍ഗണനകള്‍
ദുരൂഹമെന്ന് പറയട്ടെ, അതേസമയം റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്.ഐ.ആറുകള്‍ക്കെതിരെ രാത്രി എട്ടുമണിക്ക് സമര്‍പ്പിച്ച ഹരജി പിറ്റേന്ന് 10 മണിക്ക് വാദത്തിനെടുക്കുന്നു. മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ കുറ്റമാരോപിച്ചു വാര്‍ത്തകളെ വളച്ചൊടിച്ച് ചര്‍ച്ച നടത്തിയതിനാണ് വിവിധ സംസ്ഥാനങ്ങളിലായി അര്‍ണബിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള വാദം കേള്‍ക്കലുകള്‍ നിരവധി സാങ്കേതിക തടസങ്ങളാണ് നേരിട്ടത്. പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയപ്പോഴും, ശബ്ദം വ്യക്തമല്ലാത്തതും കൃത്യമായ കണക്ടിവിറ്റി ഇല്ലാത്തതും, അതുമൂലം അഭിഭാഷകര്‍ക്ക് വാദമുഖങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ സാധ്യമാകാത്തതും, പശ്ചാത്തല ബഹളങ്ങളും ഒക്കെയായി വലിയ ബുദ്ധിമുട്ടുകളാണ് ഈ സംവിധാനം നേരിട്ടത്.
ഏതു തരത്തില്‍ പരിശോധിച്ചാലും, മുഖാമുഖമുള്ള വാദത്തിന് ബദലാകില്ല വീഡിയോ കോണ്‍ഫെറെന്‍സിങ്. മറുവാദങ്ങളോ, ജഡ്ജ് പറയുന്നതെന്തെന്നു തന്നെയോ കൃത്യമായി അഭിഭാഷകന് മനസിലാക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ കൃത്യമായ വാദമുഖങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാനും കഴിയാതെ പോകുന്നുണ്ട്.
ഈ സ്ഥിതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വ്യവഹാരങ്ങള്‍ പലപ്പോഴും വെട്ടിച്ചുരുക്കപ്പെടുകയും, ഗൗരവമായ വിഷയങ്ങളായിരുന്നാല്‍ക്കൂടി, ഒന്നുകില്‍ കേസ് മാറ്റിവയ്ക്കുകയോ അല്ലെങ്കില്‍ തള്ളിക്കളയുകയോ ചെയ്യുന്ന അവസ്ഥയാണ് നിലവില്‍.
ഇതോടൊപ്പം വിരളമായാണ് സുപ്രീംകോടതി ചേരുന്നത് തന്നെയും. സാധാരണ നിലക്ക് 800ന് മുകളില്‍ ഒരു ദിവസം കേസുകള്‍ പരിഗണിച്ചിരുന്ന പരമോന്നതകോടതിയില്‍ ഇപ്പോള്‍ കോടതി ചേരുന്ന ദിവസങ്ങളില്‍ പോലും 10-15 കേസുകള്‍ കഷ്ടിയാണ് കേള്‍ക്കപ്പെടുന്നത്.
വീഡിയോ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അടുത്തിടെ മുന്നോട്ടുവെച്ച ശ്ലാഘനീയമായ പ്രസ്താവന ശ്രദ്ധേയമാണ്. ‘നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് ഉപയോഗിക്കുന്ന സ്ഥിതിക്ക്, സുപ്രീം കോടതി വ്യവഹാരങ്ങളുടെ ലൈവ് സ്ട്രീമിങ് കൂടി ചെയ്യപ്പെടേണ്ടതാണ്.
അതുവഴി മിറാജ്കര്‍-ത്രിപാഠി വിധിയുടെ സത്തയോട് ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം നിര്‍വ്വഹിക്കപ്പെടും,’ എന്ന് പ്രസ്താവന അടിവരയിടുന്നു. (തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതുമായും കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങുമായും ബന്ധപ്പെട്ട രണ്ട് സുപ്രധാനമായ വിധികളാണ് മിറാജ്കര്‍-ത്രിപാഠി കേസുകള്‍.)
ഇത്തരത്തില്‍ വ്യവഹാരങ്ങള്‍ വെട്ടിച്ചുരുക്കിയുള്ള സുപ്രീംകോടതിയുടെ നടപടി അവിടെ മാത്രം ഒതുങ്ങില്ല. മറിച്ച്, ഹൈക്കോടതികളും ഇതേവഴിക്ക് നീങ്ങും. ചിലയിടങ്ങളില്‍ ഇതിനോടകം തന്നെ സമാനമായ രീതിയില്‍ പ്രവര്‍ത്തന സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കീഴ്‌ക്കോടതികള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത് തന്നെയില്ല. കൊവിഡ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കായി ജാമ്യാപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പോലും മിക്കയിടങ്ങളിലും അഭിഭാഷകര്‍ക്ക് സാധിക്കുന്നില്ല.
ലോക്ക് ഡൗണും അനന്തര ഫലങ്ങളും
ലോക്ക്ഡൗണ്‍ കാലത്ത് സുപ്രധാനമായ കേസുകളോട് സുപ്രീം കോടതിയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് നമുക്ക് പരിശോധിക്കാം. ലോക്ഡൗണിന്റെ ദുരന്തങ്ങള്‍ ഏറ്റവും പേറേണ്ടിവന്ന അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളായിരുന്നു അവയില്‍ ചിലത്. കോടിക്കണക്കിന് മനുഷ്യരാണ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍, ലോക്ക്ഡൗണ്‍ മുഖാന്തിരമായി ജോലിയും പണവും ഭക്ഷണവുമില്ലാതെ നരകിക്കുന്നത്.
അവരില്‍ ഭൂരിഭാഗത്തിനും സ്വന്തം നാടിന്റെ സമാശ്വാസത്തിലേക്ക് മടങ്ങുകയാണ് വേണ്ടത്. ചിലര്‍ അതിന് ശ്രമിക്കുകയും ചെയ്തിരുന്നു. ബസ് ടെര്‍മിനലുകളിലും റെയില്‍വേ കേന്ദ്രങ്ങളിലും അന്തര്‍സംസ്ഥാന അതിര്‍ത്തികളിലും ആയിരങ്ങളാണ് ഒരുമിച്ചുകൂടിയത്. വാഹനങ്ങള്‍ അനുവദിക്കുന്നില്ല എന്നുകണ്ടതോടെ ഗതികേടുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി പോകുവാന്‍ വരെ പലരും തയാറായി.
കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം അവര്‍ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ തടയപ്പെട്ടു. ആയിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയകേന്ദ്രങ്ങളിലേക്ക് നിഷ്‌ക്കരുണം അവര്‍ തള്ളപ്പെട്ടു. അതിദയനീയമാണ് ഈ ക്യാമ്പുകളിലെ അവസ്ഥ. വിതരണം ചെയ്യപ്പെടുന്ന ഭക്ഷണം ഏറ്റവും മോശം നിലവാരത്തിലുള്ളതും. വിവിധ റിപോര്‍ട്ടുകള്‍ പ്രകാരം, മിക്ക ക്യാമ്പുകളിലും ഒരുനേരം മാത്രം, അതും പാകം ചെയ്യാത്ത ഭക്ഷണമാണ് വിതരണം ചെയ്യപ്പെടുന്നത്.
പതിനഞ്ച് ലക്ഷം അന്തര്‍സംസ്ഥാന തൊഴിലാളികളാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. സര്‍ക്കാര്‍ വാദപ്രകാരം അവര്‍ക്കൊക്കെയും ആവശ്യത്തിന് ഭക്ഷണങ്ങളും വിതരണം ചെയ്യപ്പെടുന്നുണ്ട് എന്നാണ്. ഈ കണക്ക് പ്രകാരം തന്നെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് പുറത്തായത്. 2011 സെന്‍സസ് പ്രകാരം ഇന്ത്യയില്‍ നാല് കോടി കുടിയേറ്റ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഈ പതിനഞ്ച് ലക്ഷത്തിന്റെ കണക്കെടുക്കുകയാണെങ്കില്‍ തന്നെ, ക്യാമ്പുകളില്‍ കഴിയുന്ന ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിന് യാതൊരു മാര്‍ഗവുമില്ല.
ഈ പരാതി പരിഗണിക്കുവാനെടുത്തപ്പോള്‍, പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ ധനസഹായ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഈ പാക്കേജിന് കീഴില്‍ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ ഒന്നും തന്നെ സാധാരണ നിലക്ക് കുടിയേറ്റ തൊഴിലാളികളിലേക്ക് എത്താറില്ല എന്ന വാസ്തവം നിലനില്‍ക്കെ, സ്വതന്ത്ര സാമ്പത്തിക വിദഗ്ദ്ധരുടെ പഠനപ്രകാരം മേല്‍പറഞ്ഞ തുകയില്‍ നിന്നും 60000 കോടി രൂപ മാത്രമാണ് ഏതെങ്കിലും തരത്തില്‍ പാവങ്ങളിലേക്കു തന്നെ എത്തുന്നത്. 1.70 ലക്ഷം കോടി കോടി തന്നെ ഇന്ത്യയുടെ ജി.ഡി.പിയുടെ ഒരു ശതമാനം മാത്രമാണെന്നോര്‍ക്കണം.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 10% കൂലി വര്‍ധനയായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച മറ്റൊരു പദ്ധതി. എന്നാല്‍, ഈ വര്‍ദ്ധനവ് വിലക്കയറ്റത്തിന് ആനുപാതികമായ സാധാരണ വര്‍ദ്ധനവ് മാത്രമാണ്. ഇത് അധികമായുള്ള പണമായി കണക്കാക്കാന്‍ കഴിയില്ല.
അതേപോലെ, കെട്ടിടനിര്‍മാണ തൊഴിലാളി സെസില്‍ നിന്നുമുള്ള 52000 കോടി രൂപയുടെ വാഗ്ദാനം നോക്കാം. അതും പുതിയ സാമ്പത്തിക പദ്ധതിയല്ല. മറിച്ച് നേരത്തെ തന്നെ വകയിരുത്തുകയും എന്നാല്‍ ചെലവഴിക്കാതിരിക്കുകയും ചെയ്ത പണം മാത്രമാണ്.
അടുത്ത മൂന്ന് മാസം അഞ്ചു കിലോ അരിയും ഒരു കിലോ പയറുവര്‍ഗങ്ങളും 80 കോടി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയും മുന്നോട്ട് വയ്ക്കുകയുണ്ടായി. ജന്‍ ധന്‍ അക്കൗണ്ട് ഉള്ള 20.4 കോടി സ്ത്രീകള്‍ക്ക് അടുത്ത മൂന്നുമാസം 500 രൂപ പ്രതിമാസം നല്‍കാമെന്ന പ്രഖ്യാപനവും വന്നു.
എന്നാല്‍ തൊട്ടുടനെ വന്ന വിശദീകരണം പ്രകാരം ഒരു കിലോ പയറുവര്‍ഗങ്ങള്‍ നല്‍കുന്നത് ഓരോ റേഷന്‍ കാര്‍ഡിനും മാത്രമാണെന്ന്. പൊതുവിതരണ സമ്പ്രദായത്തിന് കീഴിലുള്ള എല്ലാ വ്യക്തികള്‍ക്കും അത് ലഭിക്കില്ല. അതായത് 80 കോടി ആളുകള്‍ റേഷന്‍ സംവിധാനത്തിന് കീഴില്‍ ഉള്ളപ്പോള്‍ കാര്‍ഡ് ഉടമകളായ 23 കോടി വ്യക്തികള്‍ക്ക് മാത്രമാണ് ഒരു കിലോ പയറുവര്‍ഗങ്ങള്‍ ലഭിക്കുക.
വലിയ പ്രതിസന്ധി
മേല്‍വിലാസം അടിസ്ഥാനമാക്കിയുള്ള സംവിധാനമായതിനാല്‍ പൊതുവിതരണ സമ്പ്രദായത്തിന്റെ ആനുകൂല്യങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. വിവിധ റിപോര്‍ട്ടുകള്‍ പ്രകാരം ശരിയായ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്കുപോലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റേഷന്‍ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
കിലോമീറ്ററുകള്‍ ക്യൂ നിക്കേണ്ടി വരുന്നതിലൂടെയും കടയുടമകള്‍ തന്നെ റേഷന്‍ നിഷേധിക്കുന്നതിലൂടെയും പലര്‍ക്കും പട്ടിണിയാണ് കൂട്ട്. ജന്‍ ധന്‍ ആനുകൂല്യത്തിന്റെ കാര്യമെടുത്താല്‍ തന്നെ കൃത്യമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ക്കു മാത്രമാണ് പണം ലഭിക്കുക. അവയാകട്ടെ ഈ 20.4 കോടിയില്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമായിരിക്കും.
ഇത്തരം പ്രതീകാത്മക സഹായങ്ങള്‍ക്കപ്പുറം, കുടിയേറ്റ തൊഴിലാളികള്‍ക്ക് കുടുംബത്തിന്റെ ആരോഗ്യം, മക്കളുടെ വിദ്യാഭ്യാസം, വാടക മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ തുടങ്ങി തങ്ങളുടെ കൂലി വീതം വെക്കേണ്ട വഴികള്‍ ചില്ലറയല്ല.
തൊഴിലാളികളുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കുന്നതിന് പകരം അത് നിരോധിച്ചുകൊണ്ട് മാര്‍ച്ച് 29ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. അവരുടെ തൊഴിലുടമകളോട് തൊഴിലാളികളുടെ താമസ സ്ഥലങ്ങളുടെ വാടക നല്‍കുവാനും നിര്‍ദേശിച്ചു. എന്നാല്‍ ഈ ഉത്തരവ് എവിടെയും പാലിക്കപ്പെടുകയുണ്ടായില്ല. അത് നടപ്പിലാക്കപ്പെട്ട എന്ന് അന്വേഷണം നടത്താന്‍ പോലും ഗവണ്‍മെന്റ് തുനിഞ്ഞില്ല.
മിക്ക ചെറുകിട തൊഴില്‍ദാതാക്കളും അവരുടെ തന്നെ ബിസിനസ് അടഞ്ഞുകിടക്കുന്ന ഈ അവസരത്തില്‍ തൊഴിലാളികളുടെ പണം നല്‍കാന്‍ കെല്പുള്ളവരല്ല. ഈ തൊഴില്‍ദാതാക്കളുടെ സംഘടന സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പോയിരുന്നു. ഈ ഉത്തരവ് അതേസമയം സ്വയം തൊഴില്‍ നോക്കുന്ന, റിക്ഷ വലിക്കുകയോ റോഡരികില്‍ കച്ചവടം നടത്തുകയോ ചെയ്യുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളെ പരിഗണിക്കുന്നത് തന്നെയില്ല.
പതിനായിരത്തിലധികം കുടിയേറ്റ തൊഴിലാളികളോട് സംസാരിച്ച് വിവരശേഖരണം നടത്തി സ്ട്രാന്‍ഡെഡ് വര്‍ക്കേഴ്‌സ് ആക്ഷന്‍ നെറ്റ്വര്‍ക്ക് എന്ന കൂട്ടായ്മ ആപ്രില്‍ 15ന് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അത്പ്രകാരം, 89% അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കും ലോക്ക്ഡൗണ്‍ സമയത്ത് ശമ്പളം ലഭിച്ചിട്ടില്ല. അവരെ ബന്ധപ്പെട്ടവരില്‍ 44% ആളുകളുടെ പക്കലും പണമോ ഭക്ഷ്യവസ്തുക്കളോ മിച്ചമുണ്ടായിരുന്നില്ല.
78% ആളുകളുടെ പക്കല്‍ 300 രൂപയില്‍ താഴെമാത്രമായിരുന്നു കൈവശമുണ്ടായിരുന്നത്. 96% തൊഴിലാളികള്‍ക്കും സര്‍ക്കാരില്‍ നിന്നും റേഷന്‍ ലഭിച്ചിട്ടുമില്ല. 50% ആളുകളുടെ പക്കല്‍ ഒരു ദിവസത്തേക്കുകൂടി മാത്രമുള്ള ഭക്ഷ്യസാമഗ്രികള്‍ മാത്രമായിരുന്നു മിച്ചം.
എത്രമാത്രം പ്രയാസമേറിയ അവസ്ഥയിലാണ് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അതിജീവനത്തിനായി സാഹസപ്പെടുന്നത് എന്നതാണ് ഈ കണക്കുകള്‍ വെളിവാക്കുന്നത്. ഈ ലേഖനം പ്രസിദ്ധീകരിക്കുമ്പോള്‍ 15000 തൊഴിലാളികളുമായി അവര്‍ സംസാരിച്ചു കഴിഞ്ഞു. എന്നാല്‍ മേല്‍പറഞ്ഞ കണക്കുകളില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. അതായത് 20 ദിവസത്തിന് ശേഷവും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കപ്പെടുകയുണ്ടായില്ല എന്ന് സാരം.
ഈ പശ്ചാത്തലത്തിലാണ് സാമൂഹികപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദറും അഞ്ജലി ഭരദ്വാജും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം കൂലിയെങ്കിലും വിതരണം ചെയ്യാന്‍ ഉത്തരവിടണമെന്ന ഹരജി മുന്നോട്ടുവെക്കുന്നത്. മാര്‍ച്ച് 31നായിരുന്നു ഹരജി ഫയല്‍ ചെയ്തത്. ദുരന്ത നിവാരണ നിയമം അനുശാസിക്കുന്നതുപോലെ ഈ തൊഴിലാളികളുടെയും സമാനമായ മറ്റുള്ളവരുടെയും കഷ്ടസ്ഥിതികള്‍ ലഘൂകരിക്കുന്നതിനായി പദ്ധതികള്‍ തയ്യാറാക്കുവാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും പരാതി ആവശ്യപ്പെട്ടു.
അത്തരത്തില്‍ ഒരു വിദഗ്ധ സമിതിയുടെ യാതൊരു അഭിപ്രായവും ആരായാതെ ആയിരുന്നു ഒന്നാം ലോക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ലോക്ക് ഡോണ്‍ പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുന്‍പ് മാത്രമായിരുന്നു സമിതി രൂപീകരിച്ചത് തന്നെ. മാര്‍ച്ച് 24ന് നരേന്ദ്രമോദി രാജ്യം അടച്ചിടുന്നതായി പ്രഖ്യാപിക്കുന്നതിനു മുന്നേ ആദ്യത്തെ മീറ്റിങ് കൂടാന്‍ പോലും സമിതിക്ക് കഴിഞ്ഞിരുന്നില്ല.
ഏപ്രില്‍ മൂന്നിന് പരാതിയുടെ ആദ്യ വാദം കേട്ടപ്പോള്‍ സര്‍ക്കാരിനോട് പ്രതികരണം ആരാഞ്ഞു സുപ്രീംകോടതി. ഏപ്രില്‍ ഏഴിലേക്ക് അടുത്ത വാദം തീരുമാനിച്ചു. ഈ വാദം നടക്കുമ്പോഴാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച മറുപടി പരാതിക്കാര്‍ക്കു നല്‍കിയിട്ടില്ല എന്ന് ചീഫ് ജസ്റ്റിസ് തിരിച്ചറിയുന്നത്. സര്‍ക്കാരിന്റെ മറുപടിയുടെ പകര്‍പ്പ് പരാതിക്കാര്‍ക്കു കൂടി നല്‍കാന്‍ നിര്‍ദേശിച്ചു ഏപ്രില്‍ 13 നു അടുത്ത വാദം നിശ്ചയിച്ച് കോടതി പിരിഞ്ഞു.
അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച മുന്‍ ഹരജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് ആധാരമാക്കിയാണ് കേന്ദ്രം ഈ കേസിലും സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ശ്രീവാസ്തവയുടെ ഹരജി യഥാര്‍ത്ഥത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്വേണ്ടി ആശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിക്കാനുള്ളതായിരുന്നെങ്കിലും, ഫലത്തില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ടു മാധ്യമ റിപോര്‍ട്ടുകള്‍ നിയന്ത്രിക്കാന്‍ ഉത്തരവിടാന്‍ ആവശ്യപ്പെടുന്ന ഹരജിയായി കോടതിയില്‍ മാറി.
തുടക്കത്തില്‍ ‘അന്തര്‍സംസ്ഥാന തൊഴിലാളികളുടെ ക്ഷേമമാണ് പരാതിക്കാര്‍ ഉന്നയിച്ച വിഷയം’ എന്ന് പറയുന്ന കോടതി വിധി പിന്നീട് പോകുന്നത് ‘യൂണിയന്‍ ഓഫ് ഇന്ത്യ നല്‍കുന്ന നിര്‍ദേശങ്ങള്‍ അതിന്റെ സത്തയില്‍ തന്നെ സംസ്ഥാന സര്‍ക്കാറുകളും പൊതുജനങ്ങളും കൃത്യമായി പിന്തുടരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പരിഭ്രാന്തിയുളവാകുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും വിട്ടുനിന്നു മാധ്യമങ്ങള്‍ ഉത്തരവാദിത്തപൂര്‍ണമായ സമീപനം കാഴ്ച്ചവെക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഈ മഹാമാരിയുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ ചര്‍ച്ചകളില്‍ ഇടപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഔദ്യോഗിക സര്‍ക്കാര്‍ അഭിപ്രായം റിപ്പോര്‍ട്ട് ചെയ്യുവാന്‍ മാധ്യമങ്ങളോട് നിര്‍ദേശിക്കുന്നു’ എന്ന നിലക്കാണ്. പാവങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ പണിയെടുക്കുന്ന സര്‍ക്കാരിന് കയ്യടിക്കുകയും എന്നാല്‍ സ്ഥിതി അങ്ങനെയല്ല എന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ വിലക്കുകയും ചെയ്യുന്ന ഒരു ഉത്തരവായി അത് പരിണമിച്ചു.
ഏപ്രില്‍ 13ന് ഹര്‍ഷ് മന്ദറിന്റെയും ഭരദ്വാജിന്റെയും കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഇത്തവണ സുപ്രീം കോടതി പറഞ്ഞു അവരുടെ പക്കല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഇല്ലായെന്ന്. ഏപ്രില്‍ ഏഴിന് നടന്ന വാദ സമയത്ത് കോടതിയുടെ പക്കല്‍ ഉണ്ടായിരുന്നതാണ് എന്ന് ഓര്‍ക്കണം. അതിനാല്‍ വീണ്ടും കേസ് ഏപ്രില്‍ 20ലേക്ക് മാറ്റി. രാജ്യത്തെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേസ് നേരത്തേയാക്കാനുള്ള പരാതിക്കാരുടെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ സുപ്രീം കോടതി ചെവിക്കൊണ്ടതേയില്ല.
ഏപ്രില്‍ 20നു എന്നാല്‍ കോടതി ചേര്‍ന്നില്ല. ചേരാത്തതിന് കാരണവും പറഞ്ഞില്ല. ഇതിനിടയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ വസ്തുതാവിരുദ്ധതകള്‍ ചൂണ്ടിക്കാട്ടിയും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നേരിട്ടുകൊണ്ടേയിരിക്കുന്ന പൊലീസ് അതിക്രമങ്ങള്‍ ഉള്‍പ്പടെയുള്ള ക്രൂരതകള്‍ ഉദ്ധരിച്ചും മൂന്ന് സത്യവാങ്മൂലവും ഒരു റിജോയിന്‍ഡറും പരാതിക്കാര്‍ സമര്‍പ്പിച്ചിരുന്നു.
ഏപ്രില്‍ 21 ന് തീര്‍ത്തും പുതിയ ഒരു ബെഞ്ചിന് മുന്നില്‍ കേസ് ലിസ്റ്റ് ചെയ്തു. ആ ബെഞ്ചാകട്ടെ ‘പരാതിയില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ പരിശോധിച്ച് പരിഹരിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു’ എന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു.
അങ്ങനെ ഈ ‘വിശ്വാസ-പ്രതീക്ഷ’ ബന്ധിതമായ നീതി വ്യവസ്ഥ കൊവിഡ് കാലത്തെ കേന്ദ്രസര്‍ക്കാര്‍ പോളിസികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ആത്മസംതൃപ്തിയടഞ്ഞു. കൊവിഡ് പ്രതിസന്ധി കാലത്ത് സര്‍ക്കാര്‍ നയങ്ങള്‍ക്കുമേല്‍ കോടതിയുടെ വിവേകം പകരം വെക്കുവാന്‍ സാധ്യമല്ലെന്നു ജഡ്ജിമാര്‍ വാക്കാല്‍ നിരീക്ഷിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ചിന്തയില്ലാത്ത പ്രവര്‍ത്തികളുടെ ഫലമായി ശമ്പളവും ജീവനോപാധിയും ഒക്കെ നഷ്ടമായി ജീവിതം വഴിമുട്ടിനില്‍ക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ഭരണഘടനാ അനുച്ഛേദം 21 പ്രദാനം ചെയ്യുന്ന ജീവിക്കുവാനുള്ള അവകാശത്തിനു വേണ്ടിയാണ് ഈ പരാതിയെന്ന് ആവര്‍ത്തിച്ചു ബോധിപ്പിച്ചിട്ടുമാണ് കോടതി ഈ നിലപാടെടുത്തത്.
സര്‍ക്കാര്‍ തന്നെ തങ്ങളുടെ മാര്‍ച്ച് 29 ഉത്തരവ് പ്രകാരം ഈ തൊഴിലാളികള്‍ക്ക് ശമ്പളം നല്കപ്പെടേണ്ടതാണെന്ന വസ്തുത അംഗീകരിച്ചതാണെന്നും ദല്‍ഹി സര്‍ക്കാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്കും 5000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒക്കെയും, രജിസ്റ്റര്‍ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും, അത്രയെങ്കിലും ധനസഹായം നല്‍കാന്‍ ഉത്തരവിടണമെന്നും പരാതിക്കാര്‍ വാദിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും നിര്‍ദേശങ്ങളും പ്രവര്‍ത്തികളും പുനഃപരിശോധിക്കുവാനുള്ള ജുഡീഷ്യറിയുടെ അധികാരം അടിയറവു വെച്ച സ്ഥിതിക്ക്, ഈ അഭ്യര്‍ത്ഥനകളൊന്നും ഉത്തരമുണ്ടായില്ല. സ്വാമി അഗ്‌നിവേശും മഹുവ മൊയ്ത്രയും നല്‍കിയ പരാതികള്‍ക്കും സമാനമായിരുന്നു വിധി.
തൊഴിലുറപ്പ് തൊഴിലാളികളുടെ പരാതിയും നിഷ്‌കരുണം നിരാകരിച്ചു
മാര്‍ച്ച് 20ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിനു ചുവടുപിടിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുംബങ്ങള്‍ക്കും ശമ്പളം നല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരായ അരുണ റോയിയും നിഖില്‍ ഡെയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവര്‍ ജോലിയില്‍ ആണെന് പരിഗണിച്ച് മുഴുവന്‍ വേതനവും നല്കാന്‍ നടപടി കൈക്കൊള്ളണമെന്നായിരുന്നു തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ മാര്‍ച്ച് 24ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വാഭാവികമായും തൊഴിലാളികള്‍ക്ക് ജോലിക്ക് വരാന്‍ കഴിയാതെയായി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിപ്രകാരം ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസം ജോലി ഉറപ്പാക്കല്‍ സര്‍ക്കാരുകളുടെ ബാധ്യത ആണ്. ഏറ്റവും കുറഞ്ഞ വേതനം നിലവില്‍ 202 രൂപയാണ്. രാജ്യത്തൊട്ടാകെ 12 കോടി കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാണ്. അതില്‍ 1.5 കോടി ആളുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജോലിയില്‍ ഉള്ളവരും ആണ്.
ഏപ്രില്‍ എട്ടിനായിരുന്നു സുപ്രീം കോടതി കേസ് പരിഗണിച്ചത്. വിഷയത്തിന്റെ ഗൗരവത്തിലേക്ക് കടക്കാതെ, ഈ വര്‍ഷം ഇനിയും അവസാനിച്ചിട്ടില്ലെന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ട കുടുംബങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷവും 100 ദിവസം ജോലി ലഭിച്ചേക്കാം എന്നും, അവര്‍ ‘തൊഴിലാളികള്‍’ അല്ല ‘ഗുണഭോക്താക്കള്‍’ മാത്രമാണെന്നും അതിനാല്‍ സര്‍ക്കാരിനോട് പണം നല്‍കാന്‍ ആവശ്യപ്പെടാന്‍ സാധിക്കില്ല എന്നുമാണ് പരമോന്നത കോടതി നിരീക്ഷിച്ചത്.
തൊഴിലുറപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാമെന്ന് മാര്‍ച്ച് 27നു കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ രാജ്യം അടച്ചിട്ട് ആളുകള്‍ പുറത്തിറങ്ങാത്ത അവസരത്തില്‍ അവര്‍ എങ്ങനെ ജോലിക്ക് അപേക്ഷിക്കുമെന്നോ ഹാജരാകുമെന്നോ ചിന്തിച്ചതുകൂടിയില്ല.
2019 ഏപ്രില്‍ മാസം ഏതാണ്ട് 1.6 കോടി കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്തത്. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ അത് വെറും 8 ലക്ഷത്തിലേക്ക് ചുരുങ്ങി. അതായത് സാധാരണ അവസ്ഥയുടെ 1% മാത്രം. തൊഴിലുറപ്പ് നിയമപ്രകാരം പ്രകൃതി ദുരന്തസമയത്ത് ആണെങ്കില്‍പോലും ജോലി ലഭിക്കുവാന്‍ കുടുംബങ്ങള്‍ക്ക് അവകാശമുണ്ട്.
ഈ കുടുംബങ്ങള്‍ രണ്ടു തരത്തില്‍ പ്രയാസമനുഭവിക്കുന്നവരാണ്. ഒന്ന്, കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വില്‍ക്കാനാകാതെ വിളകള്‍ ഒക്കെ നശിച്ചു. രണ്ട്, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വരുമാനവും നിലച്ചു. എല്ലാ അര്‍ത്ഥത്തിലും ദുരിതക്കയത്തിലാണ് ഒരു വലിയ വിഭാഗം ജനത.
ഇതൊക്കെയും കോടതി മുന്‍പാകെ സമര്‍ഥിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ കഴിഞ്ഞ് രണ്ടാഴ്ചക്കു ശേഷം പരിഗണിക്കാമെന്ന് പറഞ്ഞു കോടതി തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിയതായി സംതൃപ്തിയടഞ്ഞു. നിയമാനുസൃതമായി പറഞ്ഞിട്ടുള്ള തൊഴിലില്ലായ്മ വേതനമായി കൂലിയുടെ നാലിലൊന്ന് എങ്കിലും നല്‍കാന്‍ നിര്‍ദേശമുണ്ടാകണമെന്നു ആവശ്യപ്പെട്ട് ഏപ്രില്‍ 20ന് ഫയല്‍ ചെയ്ത അടിയന്തര ഹരജി തീര്‍ത്തും ദുര്‍ഗ്രഹമായ ഈ സംവിധാനപ്രകാരം ഇതുവരേക്കും ലിസ്റ്റ് ചെയ്തിട്ടുപോലുമില്ല.
മനുഷ്യാവകാശ പ്രശ്‌നങ്ങളും ലക്ഷ്യമില്ലാതെ
സാമൂഹ്യ-രാഷ്ട്രീയ അവകാശങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, ദളിത് ചിന്തകനായ ആനന്ദ് തെല്‍തുംദെയും പൗരാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖയും ഭീമ കോറേഗാവ് ഗൂഢാലോചന ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി കുറ്റം ചുമത്തുകയുണ്ടായി. കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ വധിക്കുവാന്‍ പദ്ധതിയുണ്ടായിരുന്നു എന്നാണ് എന്‍.ഐ.എ വാദിക്കുന്നത്.
വിചാരണക്കാലത്ത് അറസ്റ്റില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അവരുടെ ഹരജികള്‍ സുപ്രീം കോടതി തള്ളുകയും കീഴടങ്ങാന്‍ മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അതിനിടയില്‍ കൊറോണ വ്യാപനമുണ്ടാകുകയും രാജ്യം ലോക്ക് ഡൗണിലേക്കു പോകുകയും ചെയ്തു. ഇരുവരും അറുപത് വയസിന് മുകളില്‍ ഉള്ളവരും നിരവധി അസുഖങ്ങള്‍ അലട്ടുന്നവരും ആയതിനാല്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ സമയം നീട്ടിക്കിട്ടുവാന്‍ അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി തന്നെ കൊവിഡ് പശ്ചാത്തലം കണക്കിലെടുത്തു വിവിധ ജയില്‍വാസികളെ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നിട്ട് കൂടി ഇവരുടെ അപേക്ഷക്ക് ചെവികൊടുക്കുകയുണ്ടായില്ല. കീടങ്ങാന്‍ ഒരാഴ്ച സമയം കൊടുത്തു. ഇരുവരും ഇപ്പോള്‍ ജയിലില്‍ ആണ്.
ലോക്ഡൗണ്‍ ലംഘനം തടയുന്നതുമായി ബന്ധപ്പെട്ടുതന്നെ പൊലീസിന്റെ ലഭ്യതക്കുറവനുഭവിക്കുന്ന അവസരത്തില്‍പോലും ഫെബ്രുവരിയില്‍ തലസ്ഥാനത്ത് അരങ്ങേറിയ വര്‍ഗീയ കലാപത്തിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസിനോട് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് മുസ്ലിം ഭവനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തു.
കലാപത്തിന്റെ ഇരകള്‍ മുസ്ലിംങ്ങള്‍ ആയിരുന്നിട്ടും, അവരായിരുന്നു നാടുപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരായത് എന്നിരിക്കെയും ചെറുപ്പക്കാരുള്‍പ്പെടെ നിരവധി മുസ്ലിങ്ങളെയാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. സമാധാനപരമായ പൗരത്വ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്ന യുവതീ യുവാക്കളെ വരെ പൊലീസ് അറസ്‌റ് ചെയ്തു.
ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ 20-30 വയസുള്ള യുവാക്കളെ അകാരണമായി അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിലും യാതൊരു തെളിവുമില്ലാതെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിലും ആശങ്കയറിയിച്ചുകൊണ്ടും ഇടപെടാന്‍ ആവശ്യപ്പെട്ടുകൊണ്ടും ദല്‍ഹി പൊലീസിന് നോട്ടീസയച്ചിരുന്നു.
വര്‍ഗീയതയും കോടതിയും
ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദിനെതിരെ എഫ്.ഐ.ആര്‍ റെജിസ്റ്റര്‍ചെയ്യപ്പെടുകയുണ്ടായി. വാസ്തവത്തില്‍ പൗരത്വ പ്രക്ഷോഭ സമയത് ഉമര്‍ ഖാലിദ് സമാധാനം കൈക്കൊള്ളാനായിരുന്നു വാദിച്ചത്. ‘കലാപത്തെ കലാപം കൊണ്ട് നാം നേരിടില്ല. വിദ്വേഷത്തെ വിദ്വേഷം കൊണ്ടും നാം നേരിടില്ല. മറിച്ച് സ്‌നേഹം കൊണ്ട് നേരിടും. അവര്‍ ലാത്തികള്‍ കൊണ്ട് തല്ലിചതച്ചാലും, പതാകയേന്തി നാം പോരാടും,’ ഇതായിരുന്നു ഉമര്‍ ഖാലിദിന്റെ വാക്കുകള്‍.
തന്റെ പ്രസംഗങ്ങളുടെയൊക്കെ സ്വഭാവം ഇതുതന്നെയായിരിക്കെ, കലാപം ആഹ്വാനം ചെയ്തു എന്നാരോപിച്ചു ഉമര്‍ ഖാലിദിനുമേല്‍ യു.എ.പി.എ ചുമത്തിയിരിക്കുന്നു. ആയിരക്കണക്കിന് പേർ, അവരില്‍ ഭൂരിപക്ഷവും മുസ്ലിംകള്‍, അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ തന്നെ ഇടപെട്ടിട്ടും, രാജ്യ തലസ്ഥാനത്തു മുസ്ലിങ്ങളെ ഇത്തരത്തില്‍ വേട്ടയാടിയിട്ടും സുപ്രീം കോടതി സ്വമേധയാ ഇടപെടാന്‍ തയാറായില്ല.
മിക്ക അറസ്റ്റുകളും അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്നതുള്‍പ്പെടെയുള്ള ക്രിമിനല്‍ നടപടി ക്രമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു നടന്നത്. ലോക്ഡോണ്‍ കാലമായതിനാല്‍ മറ്റുവഴികളിലൂടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിക്കുക അസാധ്യവും.
മാസങ്ങളായി രാജ്യത്ത് മുസ്ലിം വിരുദ്ധതയും ഇസ്ലാമോഫോബിയയും ആളിക്കത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളിലെ വലിയൊരു വിഭാഗം കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍പോലും വ്യാജവാര്‍ത്തകളിലൂടെയും, വളച്ചൊടിക്കപ്പെട്ട പ്രസ്താവനകളിലൂടെയും, കൊവിഡ് ജിഹാദ് പോലെയുള്ള ഹാഷ്ടാഗുകളിലൂടെയും മുസ്ലിംകള്‍ക്കെതിരായ വിദ്വേഷം പടര്‍ത്തുവാനാണ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പരാതി ഉപയോഗിച്ച് മാധ്യമങ്ങള്‍ക്ക് വ്യാജവാര്‍ത്തകള്‍ക്കെതിരായുള്ള സര്‍ക്കാരിന്റെ താക്കീത് നല്‍കിയ കോടതി ഇത്ര വലിയ അളവില്‍ രാജ്യത്തെ മതേതര മൂല്യങ്ങള്‍ തകരുന്ന തരത്തില്‍ ഇസ്ലാമോഫോബിയ ആളിപ്പടര്‍ന്നിട്ടും ഒരക്ഷരം മിണ്ടാനോ ഇടപെടാനോ തയാറായില്ല.
എന്നാല്‍ കോടതി സ്വമേധയാ വിഷയം പരിഗണിച്ച് ശ്രദ്ധേയമായ ഒരു ഉത്തരവ് ഇറക്കിയിരുന്നു. കേസുകളുടെ സ്വഭാവവും കുറ്റ കൃത്യത്തിന്റെ ഗാംഭീര്യവും ഒക്കെ പരിഗണിച്ച് കൊവിഡ് കാലത്ത് ജയിലില്‍ നിന്നും മോചിപ്പിക്കേണ്ട ആളുകളുടെ വിവരങ്ങള്‍ തയ്യാറാക്കുവാന്‍ സംസ്ഥാന തലങ്ങളില്‍ ഹൈ പവേര്‍ഡ് കമ്മിറ്റീ രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദേശം വലിയ അളവില്‍ നടപ്പിലാക്കപ്പെട്ടതുമില്ല അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ സുപ്രീം കോടതി മുതിര്‍ന്നതുമില്ല.
ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പുറത്തിറക്കിയ മറ്റൊരു സുപ്രധാന ഉത്തരവായിരുന്നു കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട്. ഈ ഉത്തരവും വ്യാപകമായി പാലിക്കപ്പെടാതെയിരുന്നിട്ടും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും യാതൊരു ചലനവും ഉണ്ടായില്ല.
മലാവിയില്‍ നിന്നൊരു പാഠം
അടിയന്തരാവസ്ഥക്കാലത് ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരാവസ്ഥ സമയത്തും, മൗലികാവകാശങ്ങള്‍ റദ്ദുചെയ്യപ്പെട്ടിരിക്കുമ്പോഴും, ഹേബിയസ് കോപ്പര്‍പസ് റിട്ടുകള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് പത്തോളം ഹൈക്കോടതികള്‍ അഭിപ്രായപ്പെട്ടു. നിരവധി കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ അവര്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ വിധികള്‍ തിരുത്തി. അടിയന്തരാവസ്ഥക്കാലത് ഹേബിയസ് കോര്‍പസ് ഹരജികള്‍ നിലനില്‍ക്കില്ലെന്ന് വിധിച്ചു. ഈ കേസിലായിരുന്നു ജസ്റ്റിസ് ഖന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വിയോജന വിധി രേഖപ്പെടുത്തിയത്. സസ്പെന്‍ഷന്‍ നേരിടേണ്ടി വന്നെങ്കിലും ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനം അദ്ദേഹം തന്റെ വിയോജന വിധിയിലൂടെ നേടി.
രണ്ടാംലോക മഹായുദ്ധ കാലത്ത് ഇംഗ്ലണ്ടില്‍ സമാനമായ കേസില്‍ ലോര്‍ഡ് അറ്കിന്‍സ് നടത്തിയ വാദം ജസ്റ്റിസ് ഖന്ന കോടതിയെ തന്റെ വിധിയിലൂടെ ഓര്‍മ്മിപ്പിച്ചിരുന്നു. ‘സായുധ പോരാട്ടങ്ങള്‍ക്ക് നടുവിലും നിയമം നിശബ്ദമാകില്ല’, അത്തരം എക്‌സികുട്ടീവ് നടപടികള്‍, അടിയന്തരാവസ്ഥക്കാലത്തും, ജനതയുടെ ഭരണഘടനാപരവും നിയപരവുമായ അവകാശങ്ങളെക്കുറിച്ചുള്ള ആലോചനകളില്‍ പരിഗണനാവിഷയമാകേണ്ടതുണ്ട്.
ഈ അടുത്തിടെ വന്ന വിധിയില്‍ മലാവി ഹൈക്കോടതി പറഞ്ഞത് നോക്കാം:
‘അടിയന്തരാവസ്ഥ സമയത്തും, അതിന് മുന്‍പും പിന്‍പും ഭരണഘടനാനുസൃതമായി നിയമവാഴ്ച നടാപ്പാക്കുന്നുവെന്ന് കോടതികള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ദുരന്ത-അടിയന്തരാവസ്ഥ സമയത്ത് സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നടപടികളുടെ നിയമസാധുത പരിശോധിക്കുവാനുള്ള എല്ലാ അവകാശവും കോടതികള്‍ക്കുണ്ട്.
‘അടിയന്തരാവസ്ഥയുടെ പ്രഖ്യാപനമോ ദുരന്ത സാഹചര്യമോ തരാതരം നോക്കാതെ അധികാരപ്രയോഗം നടത്താനുള്ള അനുമതിയൊന്നും സര്‍ക്കാരുകള്‍ക്ക് നല്‍കുന്നില്ല. അതിനാല്‍ തന്നെ നിയമം അനുശാസിക്കുന്ന പരിധികള്‍ പരിഗണിക്കപ്പെടുക തന്നെ വേണം.’
അടിയന്തര ഘട്ടങ്ങള്‍ പൊതുവെ സുപ്രീം കോടതിക്ക് അധികാരമില്ലാത്ത അവസരങ്ങള്‍ എന്ന തരത്തിലാണ് പൊതുവെ അവതരിപ്പിക്കപ്പെടുന്നത്. ഈ സമയങ്ങളില്‍ എക്‌സിക്യൂട്ടീവിന്റെ അധികാര വലയത്തിലേക്ക് കോടതിയും ഒതുങ്ങിയേക്കാം. എന്നാല്‍, ഭരണഘടനാപരമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതിരുന്നിട്ടുകൂടി, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുമ്പോഴും സര്‍ക്കാര്‍ ചെയ്യുന്നതോ ചെയ്യാത്തതോ ആയ ഒന്നും ചോദ്യം ചെയ്യാന്‍ തയാറാകാത്ത സുപ്രീം കോടതിയുടെ കൊവിഡ് കാലത്തെ വിധേയത്വം അതിഗുരുതരമാണ്.
അടിയന്തരാവസ്ഥക്ക് ശേഷം നിരവധി ഇടപെടലുകളിലൂടെ ഇന്ത്യന്‍ ജുഡീഷ്യറി അതിന്റെ നഷ്ടപ്രതാപം വീണ്ടെടുത്തിരുന്നു. അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതുപോലെയും, അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത വിഷയങ്ങളിലെ വിധികളിലൂടേയുമായിരുന്നു പ്രധാനമായും ഈ നേട്ടം സുപ്രീം കോടതി കൈവരിച്ചത്. എന്നാല്‍ ഇന്ന്, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മലാവിയെപ്പോലുള്ള ചെറിയൊരു രാജ്യത്തെ ഹൈക്കോടതി പോലും ഇന്ത്യന്‍ സുപ്രീം കോടതിയെ നാണംകെടുത്തുന്നു.
ദ വയറില്‍ പ്രശാന്ത് ഭൂഷണ്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.