ദി വയറിനെതിരായ രാജ്യദ്രോഹക്കുറ്റം; കേസില്‍ കടുത്ത നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി
India
ദി വയറിനെതിരായ രാജ്യദ്രോഹക്കുറ്റം; കേസില്‍ കടുത്ത നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th August 2025, 8:32 am

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പേരില്‍ ദി വയര്‍ വാര്‍ത്താപോര്‍ട്ടലിന് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ കടുത്ത നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നെന്ന വാര്‍ത്തയുടെ പേരിലായിരുന്നു ദി വയറിനെതിരെ കേസെടുത്തത്.

എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

അതേസമയം ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 152 പ്രകാരം അസം പൊലീസ് ആയിരുന്നു വാര്‍ത്താ പോര്‍ട്ടലിന് എതിരെ കേസെടുത്തത്.

രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലം വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന ഇന്ത്യന്‍ പ്രതിരോധ അറ്റാഷെയുടെ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു ദി വയറിന്റെ വാര്‍ത്ത. പിന്നാലെ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി ഉയര്‍ത്തിയെന്ന വാദമുന്നയിച്ച് വാര്‍ത്താ പോര്‍ട്ടലിന് എതിരെ കേസെടുക്കുകയായിരുന്നു.

എന്നാല്‍ ഇന്തോനേഷ്യന്‍ സര്‍വകലാശാല സംഘടിപ്പിച്ച സെമിനാറിന്റെ വസ്തുതാപരമായ റിപ്പോര്‍ട്ടും ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകളും മാത്രമാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ദി വയര്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞു.

ഇതേവിഷയം മറ്റ് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ദി വയറിനെ മാത്രം ലക്ഷ്യമിട്ടായിരുന്നു കേസും അറസ്റ്റ് നീക്കവും നടന്നിരുന്നത്. ഈ വിഷയം മുതിര്‍ന്ന അഭിഭാഷക നിത്യ രാമകൃഷ്ണന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 152ന്റെ സാധുത ഹരജിക്കാര്‍ ചോദ്യം ചെയ്തു. സുപ്രീം കോടതി മരവിപ്പിച്ച ഐ.പി.സി സെക്ഷന്‍ 124എ വകുപ്പ് തന്നെയാണ് ഭാരതീയ ന്യായ സംഹിതയില്‍ ഉള്‍പ്പെടുത്തിയ 152ാം വകുപ്പെന്നും അഭിഭാഷക പറഞ്ഞു.

പരമാധികാരത്തിന് വ്യക്തമായ ഭീഷണിയുള്ളപ്പോള്‍ മാത്രമേ വകുപ്പ് ബാധകമാകൂവെന്ന് ബെഞ്ച് ഉറപ്പുനല്‍കി. വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും അസം സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്.

Content Highlight: The Supreme Court has stayed harsh action in the case against The Wire news portal