വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും പാരമ്പര്യ സ്വത്തവകാശമുണ്ട്: സുപ്രീംകോടതി
Kerala News
വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും പാരമ്പര്യ സ്വത്തവകാശമുണ്ട്: സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 2:05 pm

ന്യൂദല്‍ഹി: വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും പാരമ്പര്യ സ്വത്തവകാശമുണ്ടെന്ന നിരീക്ഷണവുമായി സുപ്രീംകോടതി.

സ്ത്രീയും പുരുഷനും ഒരുപാട് കാലം വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചാല്‍ അവരെ വിവാഹിതരായി കണക്കാക്കാമെന്നും കോടതി ചുണ്ടിക്കാട്ടി.

കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രീംകോടതി വിധി. കോഴിക്കോട് സ്വദേശി കെ.ഇ. കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നാസര്‍, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കരുണാകരന്‍ എന്നയാളുടെ നാല് മക്കളില്‍ ചിരുതക്കുട്ടിയെന്ന സ്ത്രീയില്‍ ജനിച്ച മകനാണ് വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചത്. 2009ലാണ് കേരള ഹൈക്കോടതി ഇവരുടെ ഹരജി തള്ളിയത്.

രേഖാ മൂലമുള്ള തെളിവുകളുടെ അഭാവത്തിലും കരുണാകരനും ചിരുതക്കുട്ടിയും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചിരുന്നുവെന്നും അതിനാല്‍ മകന് അച്ഛന്റെ സ്വത്ത് വിഹിതത്തില്‍ അവകാശമുണ്ട് എന്നുമാണ് സുപ്രീംകോടതി വിധി.

കൂടാതെ സ്വത്ത് ഭാഗം വെക്കല്‍ കേസുകളില്‍ വിചാരണക്കോടതിയുടെ പ്രാഥമിക ഉത്തരവ് കേസിന്റെ തീര്‍പ്പിലേക്കുള്ള തുടക്കമായി സ്വമേധയാ മാറുമെന്നും കോടതി നിരീക്ഷിച്ചു.

പ്രാഥമിക ഉത്തരവിന് ശേഷവും കേസ് അനന്തമായി നീട്ടി വെക്കുകയോ പ്രത്യേക വിചാരണയ്ക്ക് അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Content Highlights: The Supreme Court has observed that the children of unmarried couples also have inherited property rights