പോയി ഭരണഘടനയുടെ ആമുഖം വായിക്കൂ; മൈസൂരു ദസറയിലേക്ക് ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെതിരായ ഹരജി തള്ളി സുപ്രീം കോടതി
India
പോയി ഭരണഘടനയുടെ ആമുഖം വായിക്കൂ; മൈസൂരു ദസറയിലേക്ക് ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെതിരായ ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th September 2025, 5:28 pm

ന്യൂദൽഹി: മൈസൂരു ദസറ ഉത്സവത്തിന്റെ ഉദ്ഘാടനത്തിന് അന്താരാഷ്ട്ര ബുക്കർ സമ്മാന ജേതാവായ ബാനു മുഷ്താഖിനെ കർണാടക സർക്കാർ ക്ഷണിച്ചതിനെതിരെ നൽകിയ ഹരജി തള്ളി സുപ്രീം കോടതി.

എച്ച്. എസ് ഗൗരവ് സമർപ്പിച്ച ഹരജി ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് തള്ളിയത്.

ഹരജി ഫയൽ ചെയ്തതിന്റെ ഉദ്ദേശം എന്താണെന്നും ഭരണഘടനയുടെ ആമുഖം എന്താണെന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു. ഇതൊരു സംസ്ഥാന പരിപാടിയാണെന്നും കോടതി കൂട്ടിച്ചേർത്തു.

ഹിന്ദു അല്ലാത്ത ഒരാളെ പൂജകൾ നടത്താൻ അനുവദിക്കില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ക്ഷേത്രത്തിനുള്ളിൽ പൂജ നടത്തുന്നത് മതേതര പ്രവൃത്തിയായി കാണാൻ കഴിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ പി.ബി സുരേഷ് വാദിച്ചു. ഇത് രാഷ്ട്രീയമാണെന്നും മതപരമായ ചടങ്ങുകൾക്ക് ബാനു മുഷ്താഖിനെ കൊണ്ടുവരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് ബാനു മുഷ്താഖ് മതവികാരം വ്രണപ്പെടുത്തുന്ന ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും അത്തരമൊരു വ്യക്തിയെ ക്ഷണിക്കാൻ കഴിയില്ലെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ ഈ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.

നേരത്തെ ദസറ ഉദ്ഘാടനം ചെയ്യാന്‍ ബാനു മുഷ്താഖിനെ ക്ഷണിക്കുന്നതിനെതിരെ ബി.ജെ.പി നേതാവും കുടക് മുന്‍ എം.പിയുമായ പ്രതാപ് സിംഗ, ടി. ഗിരീഷ് കുമാര്‍, ആര്‍. സൗമ്യ, എച്ച്. എസ് ഗൗരവ് എന്നിവർ സമര്‍പ്പിച്ച പൊതു താത്പര്യ ഹരജികൾ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

ഒരു പ്രത്യേക വിശ്വാസമോ മതമോ പിന്തുടരുന്ന ഒരാൾ മറ്റു മതങ്ങളുടെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നത് ഇന്ത്യ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു കർണാടക ഹൈക്കോടതി ഹരജി തള്ളിയത്. ഇതിനെതിരെയായിരുന്നു പുതിയ ഹരജി.

Content Highlight: The Supreme Court has dismissed a petition filed by the Karnataka government Banu Mushtaq to inaugurate the Mysore Dussehra festival