ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏഴ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ അംഗീകാരം.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്തിയതോടെയാണ് വി.സി നിയമനങ്ങള്‍ക്ക് സുപ്രീം കോടതി അംഗീകാരം നല്‍കിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിയമനങ്ങള്‍ അംഗീകരിച്ചത്.
കൊല്‍ക്കത്ത സര്‍വകലാശാല, ബിശ്വ ബംഗ്ലാ ബിശ്വബിദ്യാലയ, ജാര്‍ഗ്രാം സാധു രാം ചന്ദ് മുര്‍മു സര്‍വകലാശാല, ഗൗര്‍ ബംഗ സര്‍വകലാശാല, കാസി നസ്രുള്‍ സര്‍വകലാശാല, ജാദവ്പൂര്‍ സര്‍വകലാശാല, റായ്ഗഞ്ച് സര്‍വകലാശാല, നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാല എന്നീ സ്ഥാപനങ്ങളിലാണ് സ്ഥിരം വി.സി നിയമനം നടന്നത്.
നേരത്തെ സംസ്ഥാനത്തെ 36 സര്‍വകലാശാലകളിലേക്കുള്ള നിയമനങ്ങള്‍ അംഗീകരിക്കുന്നതില്‍ കാലതാമസം വരുത്തിയ ഗവര്‍ണര്‍ സി.വി. അനന്ദ ബോസിന്റെ നടപടിയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2024ല്‍ ബംഗാള്‍ സര്‍വകലാശാലകളിലെ 19 നിയമനങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയാണ് ഈ നിയമനങ്ങള്‍ സംബന്ധിച്ച നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ മമത ബാനര്‍ജി ശുപാര്‍ശ ചെയ്തവരെ നിയമിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതോടെ 17 വി.സി നിയമനങ്ങള്‍ തടസപ്പെട്ടിരുന്നു.
നിലവില്‍ സുപ്രീം കോടതി അംഗീകരിച്ച വൈസ് ചാന്‍സലര്‍മാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അനിശ്ചിതാവസ്ഥയില്‍ തുടരുന്ന അഞ്ച് സര്‍വകലാശാലകളിലെ നിയമനങ്ങളും ചേമ്പറില്‍ പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലാണ് ബംഗാളില്‍ സമവായമുണ്ടാകുന്നത്.
കേരളത്തിലെ വി.സി നിയമനങ്ങള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയുടെ പരിഗണനയിലാണ്. വി.സി നിയമനങ്ങളില്‍ ‘ബംഗാള്‍ മോഡല്‍’ സ്വീകരിക്കണമെന്നാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Content Highlight: The Supreme Court has approved the appointments of VCs in seven universities in Bengal