സംഘപരിവാറിന് തിരിച്ചടി; ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതിയും
Sabarimala Temple
സംഘപരിവാറിന് തിരിച്ചടി; ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th September 2025, 4:32 pm

ന്യൂദല്‍ഹി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതിയും. ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംഘപരിവാര്‍ അനുകൂല അഭിഭാഷകനാണ് ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പരിപാടിയുടെ നടത്തിപ്പിനായി ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതനുസരിച്ച് പരിപാടികള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ കേരള ഹൈക്കോടതിയിലും സംഗമം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹരജിയുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി പരിപാടി നടത്താന്‍ അനുമതി നല്‍കുകയും നടത്തിപ്പിനായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയുമാണുണ്ടായത്. പിന്നാലെയാണ് സംഘപരിവാര്‍ പിന്തുണയുള്ള അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹരജിയാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

സെപ്തംബര്‍ 20നാണ് പമ്പയില്‍ വെച്ച് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3000 പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. 5000 അപേക്ഷകരില്‍ നിന്നാണ് 3000 പേരെ തെരഞ്ഞെടുത്തത്. പരിപാടിയിലൂടെ ശബരിമലയെ ഒരു ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

CONTENT HIGHLIGHTS: The Supreme Court also said that the Global Ayyappa Sangam can be held