ജസ്റ്റിനും ആഷ്‌ലിനും മാത്രമല്ല, ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കയ്യടി ഇവർക്കും
malayalam new movie
ജസ്റ്റിനും ആഷ്‌ലിനും മാത്രമല്ല, ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കയ്യടി ഇവർക്കും
നന്ദന. ടി
Sunday, 23rd August 2026, 10:29 pm

പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയിൽ അവതരിപ്പിക്കുന്നതിൽ പൂർണമായും നീതി പുലർത്തുന്ന സംവിധായകനാണ് ഗിരീഷ് എ.ഡി. സാധാരണക്കാരായ ചെറുപ്പക്കാരുടെ പ്രണയവും സൗഹൃദവും പ്രശ്നങ്ങളുമെല്ലാം വലിയ താരമൂല്യമുള്ള അഭിനേതാക്കളെ വച്ചു ചെയ്യുന്നതിനു പകരം, പുതിയ മുഖങ്ങളെക്കൊണ്ട് വളരെ വ്യത്യസ്തമായി കഥ പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി.

തന്റെ സിനിമകളിലെ പ്രധാന കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സ്‌ക്രീനിൽ എത്തുന്ന മറ്റു സഹകഥാപാത്രങ്ങൾക്കും അർഹിക്കുന്ന സ്‌ക്രീൻ സ്‌പേസ് നൽകുന്നു എന്നത് ഗിരീഷ് എ.ഡി. സിനിമകളുടെ പ്രത്യേകതയാണ്. ഇത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം നിവിൻ പോളി – മമിത കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ്.

അഭിനയത്തിലെ തന്റെ സേഫ് സോണിലേക്ക് തിരിച്ചു ലാൻഡ് ചെയ്ത നിവിൻ പോളിയും, പക്വതയാർന്ന പ്രകടനം കാഴ്ചവച്ച മമിതയും ചിത്രത്തിൽ കയ്യടി നേടി. എന്നാൽ ഇവരോടൊപ്പം കട്ടയ്ക്ക് സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്ത മറ്റു കഥാപാത്രങ്ങളെക്കുറിച്ച് സിനിമ കണ്ടിറങ്ങിയവർ സംസാരിക്കാതിരിക്കില്ല.

ബെത്‌ലഹേം കുടുംബ ബെത്‌ലഹേം കുടുംബ യൂണിറ്റ് . Photo. X.com

അതിൽ ആദ്യമായി എടുത്തുപറയേണ്ടത് ആവേശം സിനിമയിലൂടെ ശ്രദ്ധനേടിയ റോഷൻ ഷാനവാസ് അവതരിപ്പിച്ച ഗ്ലിക്‌സൺ എന്ന കഥാപാത്രമാണ്. ഗ്ലിക്‌സൺ വായ തുറക്കുമ്പോഴൊക്കെ പറയുന്ന കോമഡികൾ കൃത്യമായി വർക്ക് ആയിട്ടുണ്ട്. മമിതാ ബൈജു അവതരിപ്പിച്ച അഷ്ലിൻ എന്ന കഥാപാത്രത്തിന്റെ പുറകെ നടക്കുന്ന പൂവാലനാണ് ഗ്ലിക്‌സൺ. തിയേറ്ററിൽ ഏറ്റവും കൂടുതൽ ചിരിയുണർത്തിയത് റോഷന്റെ സീനുകൾക്കായിരിക്കും.

ഡയലോഗ് ഡെലിവറിക്കൊപ്പം റോഷന്റെ ചില മാനറിസങ്ങളും എടുത്തുപറയേണ്ടതാണ്. ആവേശം ഫെയിം എന്ന രീതിയിൽ പ്രേക്ഷകർക്ക് സുപരിചിതനായ റോഷനിൽ ഇത്രയും മികച്ച കോമഡി ടൈമിംഗ് ഉണ്ടോ എന്ന് അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു അത്. ആൻ ആക്ടർ ഓൺ ദി റൈസ് എന്ന രീതിയിലുള്ള മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം റോഷന് ലഭിക്കുന്നത്.

പിന്നെ പറയേണ്ടത് സുരേഷ് കൃഷ്ണ അവതരിപ്പിച്ച ബൈജു എന്ന കഥാപാത്രത്തെക്കുറിച്ചാണ്. കുറച്ചുകാലമായി മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ എത്തിയിരുന്ന സുരേഷ് കൃഷ്ണയെ ഒരു കോമഡി കഥാപത്രമായി ഇത്രയും പോസിറ്റീവായും രസകരമായും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞത് പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമാണ്.

അനായാസമായി കോമഡി കൗണ്ടറുകൾ ഡെലിവർ ചെയ്യുന്നതിൽ ആരാധകർ ചാർത്തിക്കൊടുത്ത കൺവിൻസിംങ് സ്റ്റാർ എന്ന പേരിനോട് നീതി പുലർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മോഹൻലാൽ റഫറൻസിൽ ഉള്ള പുള്ളിക്കാരന്റെ ഒരു കോമഡി സീനൊക്കെ തിയേറ്ററിൽ വലിയ രീതിയിൽ തന്നെ ചിരിപടർത്തിയിരുന്നു. അദ്ദേഹത്തിന്റെ കൗണ്ടർ ഡയലോഗുകൾ വളരെ നാച്ചുറലായാണ് അനുഭവപ്പെട്ടത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. The New Indian Express

ഈ കൂട്ടത്തിൽ ഷമീർ ഖാന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. അദ്ദേഹം വെറുതെയൊരു കൗണ്ടർ പറഞ്ഞാൽ പോലും അത് തിയേറ്ററിൽ ചിരിക്ക് വഴിയൊരുക്കുന്ന തരത്തിലായിരുന്നു. അദ്ദേഹത്തിന്റെ സ്വാഭാവികമായ പ്രസൻസും സിനിമയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്.

നിവിൻ പോളിയുടെ അനിയനായ ജോയൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത് പ്രതാപിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. അനിയൻ കഥാപാത്രമായി എത്തി നിവിൻ പോളിയുമായി മികച്ചൊരു കെമിസ്ട്രിയാണ് സംഗീത് സൃഷ്ടിച്ചിരിക്കുന്നത്.

പ്രേമലുവിൽ കണ്ടതുപോലെ തന്നെ, തനിക്ക് ലഭിച്ച കോമഡി രംഗങ്ങളെ വളരെ കൃത്യമായി കൈകാര്യം ചെയ്യാനും സംഗീത് സാധിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിം സംവിധായകനായ ജോയൽ ഇടയ്ക്കിടെ പറയുന്ന സിനിമാ റഫറൻസ് ഡയലോഗുകൾക്കും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കഥാപാത്രത്തെ ഓവർ ആക്കാതെ തന്നെ ഓരോ സീനിലും സ്വാഭാവികമായി ചിരിപ്പിക്കാനും സംഗീത് ശ്രദ്ധിച്ചിട്ടുണ്ട്.

പിന്നീട് എടുത്തുപറയേണ്ടത് പ്രേമലുവിലൂടെ ജസ്റ്റ് കിഡിംങ് മച്ചാൻ ആയി ശ്രദ്ധ നേടിയ ശ്യാം മോഹന്റെ പ്രകടനമാണ്. അദ്ദേഹത്തിന്റെ മറ്റു സിനിമകളെ അപേക്ഷിച്ച് കൂടുതൽ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രമാണ് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. ഒരു സ്പൂഫ് ക്യാരക്ടർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന കഥാപാത്രത്തെ തനിക്ക് ലഭിച്ച അവസരത്തിനനുസരിച്ച് മികച്ച രീതിയിൽ ശ്യാം അവതരിപ്പിച്ചിട്ടുണ്ട്.

ഒപ്പം വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന ചൊറിയൻ അമ്മാവൻ കഥാപാത്രവും എടുത്തുപറയേണ്ടതാണ്. ചിത്രത്തിലെ വഴിത്തിരിവായ ഗോവ ട്രിപ്പിനിടയിലും അതിന് ശേഷമുള്ള രംഗങ്ങളിലും കോമഡിക്കും അഭിനയപ്രാധാന്യമുള്ള രംഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി വളരെ കൃത്യതയോടെയാണ് വിനയ് തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

പറഞ്ഞ് ഫലിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഴൊണറുകളിലൊന്നാണ് റോം-കോം. അൽപ്പം പോലും മീറ്റർ തെറ്റിയാൽ പാളിപ്പോകാൻ സാധ്യതയുള്ള ഈ ഴൊണറിൽ, ഗിരീഷ് എ.ഡിയുടെ വ്യത്യസ്തമായ കാസ്റ്റിംഗും അഭിനേതാക്കളുടെ പ്രകടനങ്ങളും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ശക്തികളിലൊന്നായി മാറുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. District

Content Highlight: The supporting characters in Bethlehem Kudumba Unit win praise for their entertaining performances

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം