നിര്‍മാണം നടന്നിട്ട് പത്ത് വര്‍ഷത്തിലധികം; വൈറലായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ ഷെഡ്ഡിന്റെ കഥ ഇങ്ങനെ
Social Media
നിര്‍മാണം നടന്നിട്ട് പത്ത് വര്‍ഷത്തിലധികം; വൈറലായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ ഷെഡ്ഡിന്റെ കഥ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th October 2021, 11:48 pm

അതിരപ്പിള്ളി: വലിയ മലവെള്ളപ്പാച്ചിലില്‍ തകരാതെ നില്‍ക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ കാവല്‍മാടം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയം എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ, ഉദ്ഘാടനം ചെയ്തശേഷം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിയുന്ന പാലവും കെട്ടിടവുമൊക്കെ ഈ കാവല്‍മാടവുമായി താരതമ്യം ചെയ്തുള്ള ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഈ വൈറല്‍ കാവല്‍മാടത്തിന്റെ കഥ ഇങ്ങനെയാണ്.

അതിരപ്പിള്ളി വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പി.കെ. സഹജന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരുടെ പ്രയത്‌ന ഫലമാണ് ഷെഡ്. വെയിലും മഴയുമേല്‍ക്കാതെ കാവല്‍ ജോലിക്കാര്‍ക്ക് വിശ്രമിക്കുന്നതിനുവേണ്ടിയായിരുന്നു ഇതിന്റെ നിര്‍മാണം. ഷെഡിന്റെ നിര്‍മാണം നടന്നിട്ട് പത്ത് വര്‍ഷത്തിലധികമായി.

സഹജനെ കൂടാതെ ടി.പി. ഷാജു, എം.സി. ശിവന്‍ ഉണ്ണി, സി.വി. രാജന്‍, കെ.എം. സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മാണം നടത്തിയത്. സിമന്റ്, കമ്പി, പൈപ്പുകള്‍ തുടങ്ങിയ വസ്തുക്കളൊന്നും ഈ ഷെഡില്‍ ഉപയോഗിച്ചിട്ടില്ല. മുള, ഈറ്റ, തടിക്കഷ്ണങ്ങള്‍ എന്നിവ കൊണ്ടാണ് മേല്‍ക്കൂരയും ബേസ്‌മെന്റും ഉള്‍പ്പെടെ നിര്‍മിച്ചിരിക്കുന്നത്. കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്.

പാറകള്‍ക്കിടയിലെ വിടവുകള്‍ കണ്ടെത്തിയാണ് തൂണുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ഈറ്റയും ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് ബാക്കി ഭാഗങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ ഈറ്റ ഇല മാത്രം മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റിവിരിക്കും. ഇത്തരത്തില്‍ പത്തോളം ഹട്ടുകള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഇവര്‍ നിര്‍മിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: The story of the shed at the viral Athirappilly Falls