'നീയിവിടെ നില്‍ക്ക്, ആവശ്യമുണ്ട്'; WNH വിപ്ലവം ഗ്രാമങ്ങളിലേക്ക്; സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം കമ്മ്യൂണ്‍ കേന്ദ്രം ഉദ്ഘാടനം 19ന്
Kerala News
'നീയിവിടെ നില്‍ക്ക്, ആവശ്യമുണ്ട്'; WNH വിപ്ലവം ഗ്രാമങ്ങളിലേക്ക്; സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം കമ്മ്യൂണ്‍ കേന്ദ്രം ഉദ്ഘാടനം 19ന്
ആദര്‍ശ് എം.കെ.
Sunday, 18th January 2026, 1:44 pm

കൊട്ടാരക്കര: ഐ.ടി-വിജ്ഞാനധിഷ്ഠിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തം വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങള്‍ ഒരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ”കമ്മ്യൂണ്‍” ‘വര്‍ക്ക് നിയര്‍ ഹോം’ (WNH) പദ്ധതിക്ക് തുടക്കമാകുന്നു.

പദ്ധതിയുടെ ഭാഗമായുള്ള കേരളത്തിലെ ആദ്യ പൈലറ്റ് കേന്ദ്രം ജനുവരി 19ന് കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ധനകാര്യ മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ.ബി. ഗണേഷ് കുമാര്‍ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുന്നത്

ആഗോള തൊഴില്‍ വിപണിയിലെ മാറ്റവും കേരളത്തിന്റെ പ്രസക്തിയും ലോകമെമ്പാടും റിമോട്ട് വര്‍ക്കിങ്, ഹൈബ്രിഡ് ജോലി രീതികള്‍ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമാണിത്. വന്‍കിട നഗരങ്ങളിലെ ഉയര്‍ന്ന ജീവിത ചെലവും യാത്രാക്ലേശവും ആഗോളതലത്തില്‍ പ്രൊഫഷണലുകളെ മാറിചിന്തിപ്പിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍, ഗ്രാമീണ സൗന്ദര്യവും നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങളും ഒത്തുചേരുന്ന കേരളത്തിലെ ‘വര്‍ക്ക് നിയര്‍ ഹോം’ കേന്ദ്രങ്ങള്‍ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും.

കമ്പനികള്‍ക്ക് ഓഫീസ് പരിപാലനത്തിനുള്ള ഭീമമായ തുക ലാഭിക്കാമെന്നതും പ്രൊഫഷണലുകള്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാമെന്നതും ഈ പദ്ധതിയെ ആഗോള തൊഴില്‍ വിപണിയില്‍ കേരളത്തിന്റെ തുറുപ്പുചീട്ടാക്കി മാറ്റുന്നു.

മികച്ച തൊഴില്‍ തേടി മെട്രോ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യുവപ്രതിഭകള്‍ കുടിയേറുന്നത് ഒഴിവാക്കി, അവര്‍ക്ക് സ്വന്തം നാട്ടില്‍ത്തന്നെ മികച്ച കരിയര്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം

ആധുനിക സൗകര്യങ്ങളോടെ കൊട്ടാരക്കര കേന്ദ്രം

കൊട്ടാരക്കര ബി.എസ്.എന്‍.എല്‍ മെയിന്‍ ബില്‍ഡിങ്ങില്‍ 9249.97 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രത്തില്‍ 141 പ്രൊഫഷണല്‍ വര്‍ക്ക് സ്‌പേസുകളാണുള്ളത്.

ചെറുകിട നഗരങ്ങളില്‍ ‘പ്ലഗ് ആന്‍ഡ് പ്ലേ’ മാതൃകയിലാണ് ഈ വര്‍ക്ക് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്നത്. അതിവേഗ ഇന്റര്‍നെറ്റ്, എയര്‍കണ്ടീഷന്‍ ചെയ്ത കാബിനുകള്‍., മീറ്റിങ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, കഫറ്റീരിയ എന്നിവയടക്കം ഒരു ഐ.ടി പാര്‍ക്കിന് തുല്യമായ അന്തരീക്ഷം.

റിമോട്ട് ജീവനക്കാര്‍, ഫ്രീലാന്‍സര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച്, കുടുംബ ഉത്തരവാദിത്തങ്ങള്‍ കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതമായ ഈ തൊഴിലിടങ്ങള്‍ വലിയ മുതല്‍ക്കൂട്ടാകും.

K-DISC സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV) ആയി പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിക്ക് കിഫ്ബി ആണ് പലിശരഹിത വായ്പയിലൂടെ മൂലധനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 10 കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ ലക്ഷ്യമിടുന്നത്. കൊട്ടാരക്കരയ്ക്ക് പുറമെ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തല്‍മണ്ണ തുടങ്ങി ഒന്‍പത് കേന്ദ്രങ്ങള്‍ കൂടി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.

പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക, കഴിവുള്ള പ്രൊഫഷണലുകളെ അവരുടെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക, കേരളത്തെ ഒരു ആഗോള ‘സ്‌കില്‍ ഡെവലപ്‌മെന്റ് ഹബ്ബ്’ ആയി ഉയര്‍ത്തുക എന്നിവയാണ് പദ്ധതിയുടെ കാതല്‍. പ്രവാസം, ദീര്‍ഘദൂര യാത്രകള്‍, സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തിന്റെ അഭാവം തുടങ്ങിയ വെല്ലുവിളികള്‍ക്കുള്ള ഫലപ്രദമായ പരിഹാരമാണിത്.

ബി.എസ്.എന്‍.എല്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറും ഒന്നാം നിലയും പൂര്‍ണ്ണമായും ഈ കേന്ദ്രത്തിനായി പ്രയോജനപ്പെടുത്തും. വലിയൊരു തൊഴില്‍ സേനയെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ കെട്ടിടത്തില്‍, ആകര്‍ഷകമായ ഇന്റീരിയര്‍ ഡിസൈനുകളും ആധുനിക ഫര്‍ണിച്ചറുകളും ഉള്‍പ്പെടുത്തി കുറഞ്ഞ ചെലവിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് ചെയ്തിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് വീടിനടുത്ത് തന്നെ ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്ന ഈ പദ്ധതിക്കായി 4.87 കോടി രൂപയാണ് ആകെ ചെലവാക്കിയിരിക്കുന്നത്. വിവരസാങ്കേതിക മേഖലയിലെ പ്രൊഫഷണലുകള്‍ക്കും മറ്റ് വിദഗ്ധര്‍ക്കും യാത്രകള്‍ ഒഴിവാക്കി സ്വന്തം നാട്ടില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജോലി സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ ഈ കേന്ദ്രത്തിലൂടെ സാധിക്കും.

വര്‍ക്ക് നിയര്‍ ഹോം സെന്റര്‍ സജ്ജമാക്കുന്നതിനായി ബിഎസ്എന്‍എല്‍ കെട്ടിടം പത്ത് വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ ഏറ്റെടുതിരിക്കുകയാണ്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും ഈ ശൃംഖല വ്യാപിപ്പിക്കും. ഇതുവഴി 5 ലക്ഷം പേര്‍ക്ക് തൊഴില്‍ സാഹചര്യവും 50,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന 5000 കോടി രൂപയോളം സാമ്പത്തിക മൂല്യം ഇതിലൂടെ കേരളത്തിനുള്ളില്‍ തന്നെ നിലനിര്‍ത്താന്‍ സാധിക്കും.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലേണിങ് ഫെസ്റ്റിവല്‍

ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 18 മുതല്‍ 24 വരെ വിപുലമായ ലേണിങ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്. AR/VR, റോബോട്ടിക്‌സ്, ഡ്രോണ്‍ എക്‌സ്പീരിയന്‍ഷ്യല്‍ സോണുകള്‍, വിദഗ്ദ്ധര്‍ നയിക്കുന്ന ഹാന്‍ഡ്സ് ഓണ്‍ സെഷനുകള്‍. താല്‍പ്പര്യമുള്ളവര്‍ക്ക് ഈ സെഷനുകളില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും കിഫ്ബി വഴി പലിശരഹിത വായ്പ ലഭ്യമാക്കി ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തെ ഒരു ആഗോള സ്‌കില്‍ ഹബ്ബായി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പായിരിക്കും ഈ പദ്ധതി

 

Content Highlight: The state’s first Work Near Home Commune Center to be inaugurated on the 19th

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.