കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം; സംസ്ഥാന സര്‍ക്കാര്‍ സത്യാഗ്രഹ സമരത്തിലേക്ക്
Kerala
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം; സംസ്ഥാന സര്‍ക്കാര്‍ സത്യാഗ്രഹ സമരത്തിലേക്ക്
രാഗേന്ദു. പി.ആര്‍
Sunday, 11th January 2026, 2:43 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമരത്തിലേക്ക്. തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ജനുവരി 12ന് ഒരു സമരമുഖം തുറക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ വിവിധ ജനപ്രതിനിധികളോടൊപ്പം ഈ നാട് അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളെല്ലാം ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടുണ്ട്.

ജനക്ഷേമവും പശ്ചാത്തല വികസനവും പൊതുമേഖലാ വ്യവസായങ്ങളുടെയും സേവനങ്ങളുടെയും ശക്തിപ്പെടുത്തലും അടിസ്ഥാനമാക്കി എല്ലാവര്‍ക്കും സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ പ്രതിജ്ഞാബദ്ധമായ ഇടപെടലുകളുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുമൂലമുണ്ടായ വികസന മുന്നേറ്റത്തെ തടസപ്പെടുത്തി സര്‍ക്കാരിനെയും നാടിനെയും ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ ജനരോഷം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വ്യക്തമാക്കുന്ന കണക്കുകളും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നുമാസത്തേക്ക് ലഭിക്കേണ്ട 12,000 കോടി രൂപയുടെ വായ്പാനുമതിയില്‍ 5,900 കോടി രൂപയാണ് കേന്ദ്രം ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. ബജറ്റിന് പുറത്തെടുത്ത വായ്പകളുടെ പേരുപറഞ്ഞ് ഈ വര്‍ഷം മാത്രം സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയില്‍ 17,000 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ കേരളം നല്‍കിയ 6,000 കോടി രൂപയ്ക്ക് പകരമായി വായ്പ എടുക്കാനുള്ള അനുമതിയും കേന്ദ്രം തടഞ്ഞുവെച്ചു.

ഐ.ജി.എസ്.ടി (IGST) റിക്കവറി എന്ന പേരില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട 965 കോടി രൂപയും കേന്ദ്രം പിടിച്ചെടുത്തിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വരുമാനത്തിന്റെ 73 ശതമാനം വരെ കേന്ദ്ര വിഹിതമായി ലഭിക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്നത് വെറും 25% മാത്രമാണ്. ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരില്‍ 3,300 കോടി രൂപയുടെ വായ്പാനുമതി കൂടി നിഷേധിക്കപ്പെട്ടിട്ടുണ്ട്.

നെല്ല് സംഭരണം, സമഗ്ര ശിക്ഷ കേരള, ജലജീവന്‍ മിഷന്‍, യു.ജി.സി ആനുകൂല്യങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലായി മാത്രം ഏതാണ്ട് 5,784 കോടി രൂപയാണ് സംസ്ഥാനത്തിന് കിട്ടാനുള്ള കുടിശ്ശിക. ഇത്ര വലിയ സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചിട്ടും കേരളം വികസനപാതയില്‍ കരുത്തോടെ മുന്നേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സൂക്ഷ്മവും കാര്യക്ഷമവുമായ ധനമാനേജ്മെന്റ് ആണ് ഇതിന് കാരണം. കേന്ദ്രത്തിന്റെ തന്നെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ തനത് വരുമാനം 2015-16 കാലഘട്ടത്തിലെ 54,000 കോടി രൂപയില്‍ നിന്ന് 1,03,240 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ആളോഹരി വരുമാനം 2016ലെ 1,66,246 രൂപയില്‍ നിന്ന് 3,08,338 രൂപയായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ ആകെ കടം ആഭ്യന്തര ഉല്‍പാദനത്തിന്റെ 24.88 ശതമാനം മാത്രമാണ്. ഇത് ദേശീയ ശരാശരിയായ 26.11 ശതമാനത്തേക്കാള്‍ താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നേട്ടങ്ങളുടെ കരുത്തില്‍ മുന്നേറുന്ന കേരളത്തെ പിന്നോട്ടടിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം രാഷ്ട്രീയപ്രേരിതമാണ്. ജനകീയ വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് കൈവന്ന സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ മുന്നോട്ട് നയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി, കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ഇടപെടലുകളെയും ക്ഷേമ പെന്‍ഷന്‍ വിതരണം പോലുള്ള നടപടികളെയും തടസപ്പെടുത്തുന്ന കേന്ദ്ര നീക്കങ്ങളെ കേരളം ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: The state government is going on a satyagraha strike due to the financial blockade by the center

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.