ന്യൂദല്‍ഹി: നവകേരള സര്‍വേയ്ക്കായി (നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം) ഇതുവരെ 13.04 കോടി രൂപ ചെലവായെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പദ്ധതിക്കായി ആകെ 20 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
സര്‍വേയുടെ ചെലവ് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ നല്‍കിയത്.
സര്‍വേയുടെ ഭാഗമായി തയ്യാറാക്കിയ ബ്രോഷറുകള്‍ക്കായി 5.54 കോടി രൂപ, കത്തുകള്‍ക്ക് ഒരു കോടി രൂപ, വളണ്ടിയര്‍മാരുടെ യാത്ര: 1.45 കോടി രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ കോടതിയില്‍ കണക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 29ലെ മന്ത്രിസഭാ യോഗമാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചത്.
പരിശീലനം നേടിയ അയ്യായിരത്തോളം വളണ്ടിയര്‍മാരിലൂടെ 95 ലക്ഷം വീടുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ അംഗങ്ങളും സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുമാണ് ഇതിനായി രംഗത്തിറങ്ങിയത്.
പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസും അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബജറ്റ് അനുമതിയില്ലെന്നും ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരശേഖരണമാണെന്നും ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരിയില്‍ കേരള ഹൈക്കോടതി സര്‍വേ റദ്ദാക്കി.
എന്നാല്‍, ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും സര്‍വേയുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കുകയും ചെയ്യുകയുമായിരുന്നു.. ക്ഷേമപദ്ധതികളെക്കുറിച്ച് ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Content highlight: The state government informed the Supreme Court that Rs 13.04 crore has been spent so far on the Nava Kerala Survey.