മസാല ബോണ്ടില്‍ നിയമവിരുദ്ധമായി ഒന്നുമില്ല; നിലപാടറിയിച്ച് സര്‍ക്കാര്‍, മറുപടി നല്‍കും
Kerala News
മസാല ബോണ്ടില്‍ നിയമവിരുദ്ധമായി ഒന്നുമില്ല; നിലപാടറിയിച്ച് സര്‍ക്കാര്‍, മറുപടി നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st December 2025, 10:34 am

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വാദം തള്ളി സംസ്ഥാന സര്‍ക്കാര്‍. മസാല ബോണ്ടില്‍ ഒരു തരത്തിലുമുള്ള ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ നിലപാടറിയിച്ചു.

നിയമ വിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും മസാല ബോണ്ടിന്റെ പണം തിരിച്ചു നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇ.ഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മുഖ്യമന്ത്രി ഉടന്‍ മറുപടി നല്‍കും. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് ഇ.ഡി മുഖ്യമന്ത്രിക്ക് നോട്ടീസയച്ചത്.

കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഇ.ഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കാരണം കാണിക്കല്‍ നോട്ടീസയച്ചത്.

ഇ.ഡി അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനം കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് നീക്കം.

കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ വിശദീകരണം നല്‍കാവുന്നതാണ്.

2019ല്‍ 9.72 പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2,150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള തീരുമാനമായത്. 2021ലാണ് ഇ.ഡി അന്വേഷണം ആരംഭിക്കുന്നത്.

ബി.ജെ.പിക്കും യു.ഡി.എഫിനുമായുള്ള പാദസേവയാണ് ഇ.ഡിയുടെ നോട്ടീസ് എന്ന് തോമസ് ഐസക് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേസ് കുത്തിപ്പൊക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പിയെ വെച്ച് കളിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും ആരോപിച്ചു.

 

Content Highlight: The state government has rejected the Enforcement Directorate’s argument in the KIIFB masala bond case.