എന്നാല്‍ കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങുമെന്ന് മനസിലാക്കിയതോടെ മൂവരെയും കപ്പലില്‍ നിന്ന് മാറ്റുകയായിരുന്നു. അപകടത്തില്‍ നിന്ന് കപ്പലിനെ രക്ഷിക്കാനാകില്ല എന്ന് പൂർണമായും ബോധ്യപ്പെടുമ്പോൾ മാത്രമേ ക്യാപ്റ്റന് കപ്പല്‍ വിടാനാകുകയുള്ളു.
നിലവില്‍ കപ്പല്‍ ജീവനക്കാരെ വഹിച്ചുള്ള ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ കൊച്ചി തീരത്തെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ അടക്കമുള്ളവര്‍ ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സുജാതയിലും മറ്റു 21 ജീവനക്കാര്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിലുമാണ് തീരത്തെത്തിയത്.
21 ജീവനക്കാരില്‍ ജോര്‍ജിയ, ഉക്രൈന്‍, റഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ഇവരുടെ എമിഗ്രെഷന്‍ നടപടികള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ചരിഞ്ഞത്. 26 ഡ്രിഗ്രി ചരിഞ്ഞ നിലയിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. ഏകദേശം ഒമ്പത് കാര്‍ഗോകള്‍ ഇന്നലെ തന്നെ കടലില്‍ പതിച്ചിരുന്നു.
പക്ഷെ ഇന്ന് (ഞായര്‍) കാലാവസ്ഥ മോശമായതോടെ കപ്പല്‍ കൂടുതല്‍ ചരിയുകയും 50ഓളം കണ്ടെയ്നറുകള്‍ കടലില്‍ പതിക്കുകയുമായിരുന്നു. പിന്നാലെ കപ്പല്‍ പൂര്‍ണമായും മുങ്ങുകയും ചെയ്തു.
അപകടത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് എണ്ണ ചോര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എണ്ണചോര്‍ച്ചയുണ്ടെന്ന ആശങ്ക വേണ്ടെന്ന് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.
കൂടാതെ കപ്പലില്‍ നിന്ന് അറബിക്കടലില്‍ പതിച്ച കാര്‍ഗോകളില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങുന്നതാണെന്നും കോസ്റ്റ് ഗാര്‍ഡ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാര്‍ഗോകള്‍ കേരളതീരത്ത് അടിയാനാണ് സാധ്യത.
അങ്ങനെയുണ്ടായാല്‍ ജനങ്ങള്‍ കാര്‍ഗോയുടെ അടുത്തേക്ക് പോകുകയോ തൊടാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു.
മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള കാര്‍ഗോ തീരത്ത് അടിയുന്നത് കണ്ടാല്‍ പൊലീസിനെയോ അധികൃതരെയോ അറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്. 112 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്.
Content Highlight: The ship that was involved in the accident completely sank in the Arabian Sea; 24 crew members were brought to Kochi