ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗം പ്രഖ്യാപിച്ചു; നിര്‍മാണം നിവിന്‍ പോളി
Film News
ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗം പ്രഖ്യാപിച്ചു; നിര്‍മാണം നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd June 2022, 4:25 pm

നിവിന്‍ പോളി- എബ്രിഡ് ഷൈന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗം പ്രഖ്യാപിച്ചു. എബ്രിഡ് ഷൈനിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ചാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മിക്കുന്നത്. താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്റ്സ് എന്നിവയാണ് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങള്‍.

2016ല്‍ പുറത്ത് വന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ എന്നിരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജൂലൈ 21നാണ് മഹാവീര്യര്‍ റിലീസ് ചെയ്യുന്നത്. ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ -വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് നിവിന്‍ പോളിയും ആസിഫ് അലിയുമെത്തുന്നത്.

ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, കൃഷ്ണ പ്രസാദ്, സൂരജ് എസ്. കുറുപ്പ്, സുധീര്‍ കരമന, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു, പ്രജോദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സും ഇന്ത്യന്‍ മൂവി മേക്കേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: the second part Action hero Biju has announced starring nivin pauly