ഒരു ഉപതെരഞ്ഞെടുപ്പിൽ വലതുമുന്നണി ജയിച്ചതേയുള്ളു, കേരളത്തിലെ സർവ മത വിഷജീവികളും മാളംവിട്ട് പുറത്തെത്തി: ബെന്യാമിൻ
Kerala News
ഒരു ഉപതെരഞ്ഞെടുപ്പിൽ വലതുമുന്നണി ജയിച്ചതേയുള്ളു, കേരളത്തിലെ സർവ മത വിഷജീവികളും മാളംവിട്ട് പുറത്തെത്തി: ബെന്യാമിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th June 2025, 9:13 am

തിരുവനന്തപുരം: സൂംബ ഡാൻസ് വിവാദത്തിന് പിന്നാലെ വിമർശനവുമായി എഴുത്തുകാരൻ ബെന്യാമിൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം വിമർശനം അറിയിച്ചത്. ഒരു ഉപതെരഞ്ഞെടുപ്പിൽ വലതുമുന്നണി ജയിച്ചതേയുള്ളു, കേരളത്തിലെ സർവ മത വിഷജീവികളും മാളംവിട്ട് പുറത്തെത്തിയെന്നും ശ്രദ്ധിച്ചാൽ കേരളത്തിന് കൊള്ളാമെന്നുമായിരുന്നു പോസ്റ്റ്.

കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ സൂംബ ഡാൻസ് നടപ്പാക്കുമെന്ന സർക്കാർ നടപടിക്ക് പിന്നാലെ പ്രതിഷേധവുമായി ചില മത സംഘടനകളും ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബെന്യാമിന്റെ വിമർശനം.

‘ഒരു ഉപതെരഞ്ഞെടുപ്പിൽ വലതു മുന്നണി ജയിച്ചതേ ഉള്ളു. അപ്പോഴേക്കും കേരളത്തിലെ സർവ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്ന് തിമിർത്താടുകയാണ്. ശ്രദ്ധിച്ചാൽ കേരളത്തിന്‌ കൊള്ളാം,’ അദ്ദേഹം കുറിച്ചു. കുട്ടികൾക്ക് നൽകുന്ന ലഘു വ്യായാമത്തിൽ ഇത്രയധികം അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർക്കെതിരെ കേരളീയർക്ക് മുന്നറിയിപ്പ് നൽകുക കൂടിയാണ് ബെന്യാമിൻ.

കേരളത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ വ്യായാമ രീതിയായ സൂംബ ഡാൻസ് നടപ്പാക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. പിന്നാലെ സൂംബ നൃത്തം അല്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ്, സൂംബ ഡാൻസ് ധാർമികതക്ക് ക്ഷതമേല്പിക്കുന്നതാണ്  തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നത്.

എസ്.എം.എഫ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ, എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി മുസ്‌ലിം സ്റ്റുഡൻസ് ഫെഡറേഷൻ നേതാവ് പി.കെ. നവാസ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് തുടങ്ങിയ നിരവധിപേരായിരുന്നു വിമർശനവുമായെത്തിയത്.

പൂർണ വസ്ത്രം ധരിച്ചുകൊണ്ട് നൃത്തം ചെയ്യാമെങ്കിൽ എന്തിനാണ് അൽപ വസ്ത്രമെന്നും അല്പവസ്ത്രമാണോ പൂർണ വസ്ത്രമാണോ സൂംബ ഡാൻസിന് ഉപയോഗിക്കുകയെന്ന് തനിക്കറിയില്ലെന്നും വി. മുരളീധരൻ പറഞ്ഞു. ഇന്ത്യയിൽ എവിടെയും കണ്ടിട്ടില്ലാത്ത സൂംബയെ എവിടുന്നാണ് പൊക്കിക്കൊണ്ടുവന്നതെന്ന് തനിക്കറിയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സൂംബ അടിച്ചേല്‍പ്പിക്കരുതെന്നും എതിര്‍ക്കുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ പ്രതികരണം.

അതേസമയം സൂംബ ഡാൻസ് വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചിരുന്നു. സ്കൂളുകളിൽ നടത്തുന്നത് ലഘു വ്യായാമമാണെന്നും കുട്ടികൾ യൂണിഫോമിലാണ് നൃത്തം ചെയ്യുകയെന്നും അല്പവസ്ത്രം ധരിക്കാൻ അവരെ ആരും നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സൂംബ തെറ്റാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്ന് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി എം. എ. ബേബി പറഞ്ഞു.

മതം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആജ്ഞാപിക്കരുത്. അഭിപ്രായം പറയാം. ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്നും മാറി നില്‍ക്കണം. മതവിദ്യാഭ്യാസം നടത്താം. അത് പ്രത്യേകം നടത്തണമെന്നും എം.എ. ബേബി നിലപാട് വ്യക്തമാക്കി. അല്‍പ്പവസ്ത്രം ധരിച്ചിട്ടാണ് സൂംബ പരിശീലനം എന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: The Right Front has just won a by-election, and all the religious poisons in Kerala have come out of their hiding places; Benjamin