ന്യൂദല്ഹി: ദല്ഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയില് ഇന്നലെ (ഒക്ടോബര് 15, വ്യാഴം) നടന്ന വാര്ത്താ സമ്മേളനം തടസ്സപ്പെടുത്താന് ശ്രമിച്ച റിപ്പബ്ലിക് ടി.വി റിപ്പോര്ട്ടര് തങ്ങളുടെ വനിതാ അംഗങ്ങളില് ഒരാളെ കൈമുട്ടുകൊണ്ട് ഇടിക്കുകയും ചെയ്തതായി സി.ജെ.പി കണ്വീനര് അഭിജിത് ദീപ്കെ. എക്സ് പോസ്റ്റിലൂടെയാണ് ദീപ്കെ ഈ കാര്യം പറഞ്ഞത്.
ഇതാണ് റിപ്പബ്ലിക് മാധ്യമപ്രവര്ത്തനത്തിന്റെ യഥാര്ത്ഥ നിലവാരമെന്നും ദീപ്കെ കുറിച്ചു. മാധ്യമപ്രവര്ത്തകരുടെ വേഷം ധരിച്ച ഗുണ്ടകളെന്നും റിപ്പബ്ലിക് ടി.വിയുടെ റിപ്പോര്ട്ടര്മാരെ ദീപ്കെ വിശേഷിപ്പിച്ചു.
‘ഇന്നലെ നടന്ന പത്രസമ്മേളനം തടസ്സപ്പെടുത്താന് ശ്രമിച്ച റിപ്പബ്ലിക് റിപ്പോര്ട്ടര്, ഞങ്ങളുടെ വനിതാ അംഗങ്ങളില് ഒരാളെ കൈമുട്ടുകൊണ്ട് ഇടിക്കുകയും ചെയ്തു.
ഇതാണ് റിപ്പബ്ലിക് മാധ്യമപ്രവര്ത്തനത്തിന്റെ യഥാര്ത്ഥ നിലവാരം: മാധ്യമപ്രവര്ത്തകരുടെ വേഷം ധരിച്ച ഗുണ്ടകള്!,’ ദീപ്കെ കുറിച്ചു.
എസ്.ഐ.ആര് ക്രമക്കേടുകള് ചൂണ്ടിക്കാട്ടി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില് വ്യാഴാഴ്ച ‘പ്രസ് ക്ലബ് ഓഫ് ഇന്ത്യ’യില് നടത്തിയ പത്രസമ്മേളനമായിരുന്നു റിപബ്ലിക് ടി.വി റിപ്പോര്ട്ടര് തടസപ്പെടുത്തിയത്. ബഹളം വെച്ചതിനെത്തുടര്ന്ന് റിപ്പോര്ട്ടറെ വാര്ത്താസമ്മേളനത്തില് നിന്ന് ഇറക്കിവിടുകയും ചെയ്തു.
സംയമനം പാലിക്കാന് സാധിച്ചില്ലെങ്കില് പുറത്തേക്കിറങ്ങാന് മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന ഐസ നേതാവ് നേഹ ബോറ ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്ത്തകരും ബഹളം വെച്ചവരോട് ഇറങ്ങിപ്പോകാന് പറഞ്ഞു. തുടര്ന്ന് റിപബ്ലിക് ടി.വി സംഘം ഇറങ്ങിപ്പോവുകയായിരുന്നു.
നേഹ ബോറക്കും അഭിജിത് ദീപ്കെയ്ക്കും പുറമെ നടനും സാമൂഹിക പ്രവര്ത്തകനുമായ പ്രകാശ് രാജ്, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാംഗ് തുടങ്ങിയവര് വാര്ത്താ സമ്മേളനത്തില് പങ്കെടുത്തിരുന്നു. ഇതില് നേഹ ബോറ സംസാരിക്കുമ്പോഴായിരുന്നു റിപ്പബ്ലിക് ടി.വി മാധ്യമപ്രവര്ത്തകന് വാര്ത്താ സമ്മേളനം തടയാന് ശ്രമിച്ചത്. എത്രയൊക്കെ പൊലീസ് തടയാന് ശ്രമിച്ചാലും പ്രതിഷേധം മുന്നോട്ട് തന്നെ പോകുമെന്ന് പറഞ്ഞ നേഹ ബോറ അതിനുശേഷം ഒരു കവിത ചൊല്ലാന് തുടങ്ങവെ സംസാരം തടസപ്പെടുത്തിക്കൊണ്ട് റിപ്പോര്ട്ടര്മാര് സംസാരിക്കാന് തുടങ്ങുകയായിരുന്നു.
ബംഗ്ലാദേശിലെ പോലെ അരാജകത്വം സൃഷ്ടിക്കാന് ശ്രമിക്കുകയാണോ എന്ന് ചോദിച്ച റിപ്പോര്ട്ടര്മാരോട് സംസാരിച്ച ശേഷം ചോദ്യങ്ങള്ക്ക് മറുപടി പറയാമെന്ന് നേഹ ബോറ പറഞ്ഞു. എന്നിട്ടും തുടര്ച്ചയായി ബഹളം വെച്ച റിപ്പോര്ട്ടര്മാരെ പുറത്തേക്കിറക്കാന് പ്രസ് ക്ലബ്ബിനോട് നേഹ ആവശ്യപ്പെടുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്ത്തകര് ബഹളം വെച്ച റിപ്പോര്ട്ടര്മാരോട് സംയമനം പാലിക്കാന് പറഞ്ഞിരുന്നു. അവര് അവരുടെ സ്റ്റുഡിയോയില് ചെയ്യുന്നതാണ് ഇവിടെയും ചെയ്യുന്നതെന്ന് പറഞ്ഞ നേഹ ബോറ പത്രസമ്മേളനം തുടരുകയും ചെയ്തിരുന്നു. ‘രാഷ്ട്രീയ പാര്ട്ടികളുടെ നിര്ദ്ദേശങ്ങള്ക്കനുസരിച്ച് പ്രവര്ത്തിക്കുന്നവര് തങ്ങളുടെ സ്റ്റുഡിയോകളില് ഇരുന്ന് ഉറക്കെ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു,’ എന്നും റിപ്പോര്ട്ടര് ടി.വി അടക്കമുള്ള ഗോദി മീഡിയയെ ലക്ഷ്യമിട്ട് നേഹ പറഞ്ഞിരുന്നു.
Content Highlight: The Republic reporter who tried to disrupt yesterday’s press conference also struck one of our female members with his elbow- Says Dipke
