പത്ത് വര്‍ഷത്തില്‍ അടച്ചുപൂട്ടിയത് ഒരു ലക്ഷം സ്‌കൂള്‍, ഒറ്റ വിദ്യാര്‍ത്ഥി പോലുമില്ലാതെ 8,000 സ്‌കൂള്‍; കുത്തഴിഞ്ഞ് രാജ്യത്തെ വിദ്യാഭ്യാസ മേഖല
national news
പത്ത് വര്‍ഷത്തില്‍ അടച്ചുപൂട്ടിയത് ഒരു ലക്ഷം സ്‌കൂള്‍, ഒറ്റ വിദ്യാര്‍ത്ഥി പോലുമില്ലാതെ 8,000 സ്‌കൂള്‍; കുത്തഴിഞ്ഞ് രാജ്യത്തെ വിദ്യാഭ്യാസ മേഖല
ആദര്‍ശ് എം.കെ.
Saturday, 9th May 2026, 6:58 am

ന്യൂദല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെയും പഠനനിലവാരത്തിന്റെയും ദയനീയാവസ്ഥ വെളിപ്പെടുത്തി നീതി ആയോഗ് റിപ്പോര്‍ട്ട്. കഴിഞ്ഞ പതിറ്റാണ്ടില്‍ രാജ്യത്ത് ഒരു ലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവെന്നും സ്വകാര്യ സ്‌കൂളുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായെന്നും സ്‌കൂള്‍ എജ്യുക്കേഷന്‍ സിസ്റ്റം ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2014-15ല്‍ 11.07 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നത് 2024-25ല്‍ 10.13 ലക്ഷമായി കുറഞ്ഞു. 10 വര്‍ഷം മുമ്പ് ആകെ സ്‌കൂളുകളുടെ 73 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നെങ്കില്‍ 2025ല്‍ അത് 68.9 ശതമാനമായി കുറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിലും കുറവുണ്ടായി.

2014-15ല്‍ രാജ്യത്ത് 83,000 അഥവാ ആകെ സ്‌കൂളുകളുടെ 5.5 ശതമാനം എയ്ഡഡ് സ്‌കൂളുകളുണ്ടായത്. 2024-25ല്‍ 5.4 ശതമാനം കുറഞ്ഞ് 79,000ത്തിലേക്കെത്തി. 2014-15ല്‍ ആകെ 15.16 ലക്ഷം സ്‌കൂളുകളുകളാണ് രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നത്. 10 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് 14.71 ലക്ഷമായി.

സ്വകാര്യ സ്‌കൂളുകളുടെ എണ്ണത്തില്‍ നാല് ശതമാനത്തിന്റെ വര്‍ധനവുമുണ്ടായി. 2014-15ലെ 2.88 ലക്ഷത്തില്‍ നിന്നും 2024-25 ആയപ്പോഴേക്കും സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 3.39 ലക്ഷമായി ഉയര്‍ന്നു. പല സ്വകാര്യ സ്‌കൂളുകളിലുമുള്ളത് യോഗ്യതയില്ലാത്ത അധ്യാപകരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ഒരു വിദ്യാര്‍ത്ഥി പോലും പഠിക്കാനില്ലാത്ത (Zero enrolment) 7,993 സ്‌കൂളുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിലും (3,812), തൊട്ടുപിന്നാലെ തെലങ്കാനയിലുമാണ് (2,245) ഇത്തരത്തില്‍ ഏറ്റവുമധികം ‘പ്രേത സ്‌കൂളുകള്‍’ (Ghost schools).

കൂടാതെ, സെക്കന്‍ഡറി തലത്തില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്നവരുടെ ദേശീയ ശരാശരി 11.5 ശതമാനമാണ്. പശ്ചിമ ബംഗാള്‍ (20%), അരുണാചല്‍ പ്രദേശ് (18.3%), കര്‍ണാടക (18.3%) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്ക് നടക്കുന്നത്.

രാജ്യത്തെ 1.19 ലക്ഷം സ്‌കൂളുകളില്‍ ഇപ്പോഴും വൈദ്യുതി സൗകര്യമില്ല. കഴിഞ്ഞ പതിറ്റാണ്ടില്‍ വൈദ്യുതി ലഭ്യമായ സ്‌കൂളുകളുടെ എണ്ണം 55ല്‍ നിന്ന് 91.9 ശതമാനമായി വര്‍ധിച്ചെങ്കിലും ലക്ഷക്കണക്കിന് സ്‌കൂളുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.

98,592 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേകമായോ പ്രവര്‍ത്തനക്ഷമമായോ ഉള്ള ശൗചാലയങ്ങളില്ല. കൂടാതെ, 61,540 സ്‌കൂളുകളില്‍ ഒരു ശൗചാലയം പോലും ഉപയോഗയോഗ്യമല്ല.

14,505 സ്‌കൂളുകളില്‍ ശുദ്ധജല ലഭ്യതയില്ല. 59,829 സ്‌കൂളുകളില്‍ കൈകഴുകാനുള്ള സൗകര്യം ലഭ്യമല്ല.

രാജ്യത്തെ പകുതിയോളം (51.7%) സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മാത്രമാണ് സയന്‍സ് ലബോറട്ടറികളുള്ളത്.

രാജ്യത്തെ 1,04,125 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് കേവലം ഒരൊറ്റ അധ്യാപകന്റെ കീഴിലാണ്. ഇതില്‍ 89 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

ബീഹാര്‍ (2,08,784), ജാര്‍ഖണ്ഡ് (80,341), മധ്യപ്രദേശ് (47,122) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അധ്യാപക ഒഴിവുകളുള്ളത്.

അധ്യാപകരുടെ ഗുണനിലവാരത്തിലും ആശങ്കയുണ്ട്. ഗണിതശാസ്ത്ര പരീക്ഷയില്‍ രണ്ട് ശതമാനം അധ്യാപകര്‍ക്ക് മാത്രമാണ് 70 ശതമാനത്തിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. അധ്യാപകരുടെ ശരാശരി സ്‌കോര്‍ 46 ശതമാനമാണ്.

വികസിത രാജ്യങ്ങളായ യു.കെ, യു.എസ്.എ, ജര്‍മനി (5.4%) എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത് ജി.ഡി.പിയുടെ 4.6 ശതമാനം മാത്രമാണ്.

 

Content Highlight: The report revealed the deplorable state of infrastructure and quality of learning in the country’s school education sector.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.