ഇറച്ചിയും ഉള്ളിയും കഴുകാത്തത് കൊണ്ട് ബിരിയാണിവെപ്പുകാര്‍ അത് കഴിക്കാറില്ലെന്ന് മതപ്രഭാഷകന്‍; പരാതി നല്‍കി കുക്കിങ് വര്‍ക്കേഴ്‌സ് യൂണിയന്‍
Kerala News
ഇറച്ചിയും ഉള്ളിയും കഴുകാത്തത് കൊണ്ട് ബിരിയാണിവെപ്പുകാര്‍ അത് കഴിക്കാറില്ലെന്ന് മതപ്രഭാഷകന്‍; പരാതി നല്‍കി കുക്കിങ് വര്‍ക്കേഴ്‌സ് യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd June 2023, 7:25 pm

കണ്ണൂര്‍: പാചകത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തില്‍ മതപ്രഭാഷണം നടത്തിയ മതപ്രഭാഷകനെതിരെ പരാതി. പെരിന്തല്‍മണ്ണ സ്വദേശിയായ ടി.എ. ഫൈസിക്കെതിരെയാണ് കുക്കിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.ഹനീഫ കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് മതപ്രഭാഷകന്‍ തങ്ങള്‍ക്ക് തൊഴില്‍ ചെയ്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയെന്ന് പരാതിയില്‍ പറഞ്ഞു. അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറാകണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

പാചകത്തൊഴിലാളികളെ മുഴുവനായും ആക്ഷേപിക്കുന്ന തരത്തിലുള്ള തെറ്റായ വ്യഖ്യാനമാണ് അദ്ദേഹം നടത്തിയതെന്ന് ഹനീഫ കണ്ണൂര്‍ വിഷനോട് പറഞ്ഞു.

‘പാചകത്തൊഴിലാളികളെ മുഴുവനായി അടച്ചാക്ഷേപിക്കുന്ന പ്രഭാഷണമാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മത പ്രഭാഷകന്‍ നടത്തിയത്. തെറ്റായ വ്യാഖ്യാനമാണ് അയാള്‍ കൊടുത്തിരിക്കുന്നത്. ഈ ഉസ്താദ് പുലര്‍ച്ചെ ബാങ്ക് കൊടുത്ത് നേരെ കല്യാണ വീട്ടില്‍ വന്ന് നോക്കിയാല്‍ അറിയാന്‍ പറ്റും. അഞ്ച്-പത്ത് ചെമ്പിനിടയില്‍പ്പെട്ട് നടക്കുന്നത്. ആ സര്‍ക്കസിന്റെ ഇടയില്‍ ചെമ്പിനടിയില്‍പ്പെട്ട് കാലിന്റെ രോമം പോലും കത്തിപ്പോയിട്ടുണ്ടാകും. അതിന്റെയിടയില്‍ എവിടെ നിന്നാണ് ഭക്ഷണം കഴിക്കേണ്ടത്.

ഞങ്ങളും കഴിക്കുന്നുണ്ട് ഭക്ഷണം. ഇതൊക്കെ കഴിഞ്ഞാല്‍ വീട്ടുകാരോട് ചോദിച്ച് കുറച്ച് ഭക്ഷണം ഞങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകും. ഞങ്ങളും ഞങ്ങളുടെ മക്കളും കഴിക്കും.

പച്ച നുണ പറഞ്ഞ് സമൂഹത്തില്‍ പാചകത്തൊഴിലാളികള്‍ക്ക് ഒരു തൊഴിലും കിട്ടാത്ത രീതിയില്‍ ഉണ്ടാക്കുന്ന ഒരു പ്രസംഗമാണിത്. ഇത് വരെ അയാള്‍ മാപ്പ് പറയാന്‍ പോലും തുനിഞ്ഞിട്ടില്ല. വേദനാജനകമായിട്ടാണ് പരാതി നല്‍കിയത്,’ അദ്ദേഹം പറഞ്ഞു.

ബിരിയാണി വെക്കുന്നവര്‍ അത് കഴിക്കാറില്ലെന്നും ഇറച്ചിയും ഉള്ളിയും നല്ലവണ്ണം കഴുകാത്തതാണ് അതിന്റെ കാരണമെന്നുമാണ് ഫൈസി പ്രഭാഷണത്തിനിടെ പറഞ്ഞത്. അജിനോമോട്ടോയൊക്കെ ഒരുപാട് ഭക്ഷണത്തിലിടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഞങ്ങളുടെ നാട്ടിലൊന്നും ബിരിയാണിവെപ്പുകാര്‍ അത് കഴിക്കാറില്ല. എന്താണ് അവര്‍ കഴിക്കാത്തതെന്ന് ഞാന്‍ കുറേയായി അന്വേഷിച്ച് നടക്കുകയായിരുന്നു. അതിന്റെ മണം അടിച്ചാല്‍ വേണ്ടെന്ന് തോന്നുകയാണ്, എപ്പോഴും ബിരിയാണി തന്നെയാണ്, എന്നൊക്കെ അവര്‍ പറയും. ആയിക്കോട്ടേ, അങ്ങനെയെക്കെ ആണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഇറച്ചിയും ഉള്ളിയും നല്ലവണ്ണം കഴുകിയിട്ടില്ലെന്നതാണ് ഞാന്‍ കണ്ടെത്തിയ കാരണം.

ഏതെങ്കിലും ബിരിയാണിവെപ്പുകാര്‍ അങ്ങനെയല്ലെന്നുണ്ടെങ്കില്‍ എന്റെ വണ്ടിയുടെ കാറ്റ് അഴിക്കാനൊന്നും നില്‍ക്കണ്ട. സംഗതി എന്റെ ഒരു നിരീക്ഷണം അനുസരിച്ച് അവനവന് തിന്നാന്‍ പറ്റിയത് വേറൊരാള്‍ക്ക് തിന്നാന്‍ കൊടുക്കണം. അവനവന് തിന്നാന്‍ പറ്റുന്ന സാധനമായിരിക്കണം മറ്റൊരാള്‍ക്ക് തിന്നാന്‍ കൊടുക്കേണ്ടത്.

അതില്‍ അജിനോമോട്ടോ കിലോ കണക്കിനിട്ടുണ്ട്. അതുകൊണ്ട് അവന് വേണ്ട. അകത്ത് നിന്ന് കഞ്ഞിവെള്ളം ലേശം തന്നാല്‍ മതിയെന്ന് പറയും, അതില്‍ അജിനോമോട്ടോ ഇട്ടില്ലല്ലോ,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

content highlight: The religious preacher said that biryani vendors do not eat meat and onions because they are not washed; The Cooking Workers Union filed a complaint