ജന നായകനില്ലാത്ത പൊങ്കലിന്റെ ഒഴിവ് നികത്താന്‍ ഫാലിമി സംവിധായകന്റെ തമിഴ് ചിത്രം ജനുവരി 15 ന് തിയേറ്ററുകളില്‍
Indian Cinema
ജന നായകനില്ലാത്ത പൊങ്കലിന്റെ ഒഴിവ് നികത്താന്‍ ഫാലിമി സംവിധായകന്റെ തമിഴ് ചിത്രം ജനുവരി 15 ന് തിയേറ്ററുകളില്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 12th January 2026, 8:16 am

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പൊങ്കല്‍ ആവേശമാക്കാനിരുന്ന തമിഴ് സിനിമാ പ്രേമികള്‍ക്ക് തിരിച്ചടിയായിട്ടാണ് ജന നായകന്റെ റിലീസ് മാറ്റി വെക്കപ്പെട്ടത്. ജനുവരി 9 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ദളപതിയുടെ അവസാന ചിത്രം വിവാദങ്ങള്‍ക്കൊടുവില്‍ കളം വിടുകയും ക്ലാഷിനെത്തിയ പരാശക്തിക്ക് സമ്മിശ്ര അഭിപ്രായം ഉയരുകയും ചെയ്തതോടെ തണുത്ത മട്ടിലാണ് ഈ പൊങ്കലിന് തമിഴ് സിനിമാ ലോകം.

ജീവ പരിപാടിക്കിടെ. Photo: Laxmi kanth/ x.com

ജന നായകന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പൊങ്കലിന് തിയേറ്ററുകളിലുള്ള മാര്‍ക്കറ്റ് മുന്നില്‍ കണ്ട് റിലീസ് ഡേറ്റ് നേരത്തേയാക്കാനൊരുങ്ങിയിരിക്കുകയാണ് തമിഴ് നടന്‍ ജീവ നായകനായ തലെവര്‍ തമ്പി തലൈമയില്‍. നേരത്തേ ജനുവരി 30 ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച ചിത്രം ജന നായകന്റെ അഭാവത്തോടെ തിയേറ്ററിലുണ്ടായ ഒഴിവിനെത്തുടര്‍ന്ന് റിലീസ് 15ാം തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് റിലീസ് നേരത്തേയാക്കിയ വിവരം ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജീവ അറിയിച്ചത്. ജന നായകന്‍ മാറ്റിവെച്ചതിലുണ്ടായ നിരാശയും അദ്ദേഹം ചടങ്ങിനിടെ പങ്കുവെച്ചു.

‘ജനുവരി 30 നായിരുന്നു ഞങ്ങള്‍ ആദ്യം റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പൊങ്കലിന് തിയേറ്ററുകളിലുള്ള ഒഴിവിനെ തുടര്‍ന്ന് റിലീസ് ജനുവരി 15 ലേക്ക് മാറ്റുകയാണ്. വിജയ് സാറുടെ ജന നായകന്‍ റിലീസ് ചെയ്തില്ല എന്നത് സങ്കടകരമാണ്. ഇന്‍ഡസ്ട്രിയില്‍ ഒരുപാട് പേരെ സഹായിച്ച ആളാണ് അദ്ദേഹം, എല്ലാവരെയും പോലെ ഞങ്ങളും അദ്ദേഹത്തിന്റെ അവസാന സിനിമക്കായി കാത്തിരിക്കുകയാണ്,’ ജീവ പറഞ്ഞു.

ഒരിടവേളക്ക് ശേഷം ജീവ പ്രധാനവേഷത്തിലെത്തുന്ന സിനിമ എന്നതിലുപരി മലയാളത്തിലെ ശ്രദ്ധേയമായ ചിത്രം ഫാലിമിയുടെ സംവിധായകന്‍ നിതീഷ് സഹദേവന്റെ തമിഴിലെ ആദ്യ സംവിധാന സംരംഭം കൂടിയാണ് തലൈവര്‍ തമ്പി തലൈമയില്‍ എന്ന പ്രത്യേകതയുണ്ട്. ജഗദീഷ്, മഞ്ജു പിള്ള, ബേസില്‍ ജോസഫ്, സന്ദീപ് പ്രദീപ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ഫാലിമി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.

തലെവര്‍ തമ്പി തലൈമയില്‍. Photo: Cinema Express

നിതീഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ഫാലിമി യുവനടന്‍ സന്ദീപ് പ്രദീപിനടക്കം കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ്. ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടാനും ചിത്രത്തിനായിരുന്നു.

ജന നായകനും, പരാശക്തിക്കും പിന്നാലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പ്രാര്‍ത്ഥന നാഥന്‍, തമ്പി രാമയ്യ, അനുരാജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: The release date of jiva movie thalaivar thambi thalaimayil changes to january 15

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.