കിഷ്‌കിന്ധാ കാണ്ഡം ടീമിന്റെ എക്കോ ഉടനെ; റിലീസ് തീയതി പുറത്ത്
Malayalam Cinema
കിഷ്‌കിന്ധാ കാണ്ഡം ടീമിന്റെ എക്കോ ഉടനെ; റിലീസ് തീയതി പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th November 2025, 10:17 am

സന്ദീപ്  പ്രദീപ്  പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം എക്കോയുടെ റിലീസ് തീയതി പുറത്ത് വിട്ടു. ചിത്രം നവംബര്‍ 21ന് തിയേറ്ററുകളിലെത്തും. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന്.

ബാഹുല്‍ രമേശ് തന്നെയാണ് ‘എക്കോ’യുടെയും തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടേതായി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ട ടീസര്‍ ശ്രദ്ധ നേടിയിരുന്നു. സിനിമ ഒരു മികച്ച വിഷ്വല്‍ ട്രീറ്റ് തന്നെയാകുമെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

ഒക്ടോബറിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. പടക്കളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സന്ദീപ് നായക വേഷത്തിലെത്തുന്ന സിനിമ കൂടിയാണ് എക്കോ.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് എക്കോ നിര്‍മിക്കുന്നത്. ബാഹുല്‍ രമേശ് തന്നെയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കിഷ്‌കിന്ധ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദും എക്കോയില്‍ ഉണ്ട്.

സൂരജ് ഇ.എസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ഐക്കണ്‍ സിനിമാസ് ആണ് ഡിസ്ട്രിബ്യൂഷന്‍. മിസ്ട്രി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ സന്ദീപ് പ്രദീപിന് പുറമെ വിനീത്, നരേന്‍, ബിനു പപ്പു ബിയാന മോമിന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

ബാഹുല്‍ രമേശിന്റെ രചനയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാ കാണ്ഡം 2024ലാണ് തിയേറ്ററുകളിലെത്തിയത്. സിനിമയില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സിനിമ സൂപ്പര്‍ ഹിറ്റാകുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.

Content highlight: The release date of Eko, the latest film starring Sandeep Pradeep in the lead role, has been announced