റെക്കോഡ് പ്രകടനം തീർന്നു; ഇനി ഇവരോടുള്ള കടം എന്ന് തീർക്കുമെന്ന് ആരാധകർ
football news
റെക്കോഡ് പ്രകടനം തീർന്നു; ഇനി ഇവരോടുള്ള കടം എന്ന് തീർക്കുമെന്ന് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th January 2023, 8:01 am

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൈത്രയാത്രക്ക് കടിഞ്ഞാണിട്ടിരിക്കുകയാണ് മുംബൈ സിറ്റി എഫ്. സി. തുടർച്ചയായി എട്ട് മത്സരങ്ങളിൽ പരാജയമറിയാതെ, അതിൽ തന്നെ ഏഴ് വിജയങ്ങൾ നേടി ബ്ലാസ്റ്റേഴ്‌സ് നടത്തിയ തേരോട്ടമാണ് മുംബൈ സിറ്റിക്ക് മുന്നിൽ അവസാനിച്ചത്.

ഇതോടെ പോയിന്റ് ടേബിളിൽ തങ്ങളുടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാൻ മുംബൈ സിറ്റിക്കായി.

ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിലേക്ക് മുംബൈ അടിച്ചു കയറ്റിയത്.

൨൨ മിനിട്ടിനിടയിലായിരുന്നു മുംബൈയുടെ ഗോളടി മേളം. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയായ പേരേര ഡയസാണ് മറൈനേഴ്സിന് വേണ്ടി ആദ്യത്തെ വെടി പൊട്ടിച്ചത്. മത്സരം വെറും നാല് മിനിട്ട് പിന്നിട്ടപ്പോൾ ഡയസ് ഗോൾ നേടി.

പിന്നീട് പത്താമത്തെ മിനിട്ടിൽ ഗ്രേഗ് സ്റ്റുവർട്ട്, പതിനാറാമത്തെ മിനിട്ടിൽ ബിപിൻ സിങ് എന്നിവർ ഗോളുകൾ നേടിയപ്പോൾ മുംബൈയുടെ അവസാന ഗോൾ മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിട്ടിൽ ഡയസ് നേടി.

എന്നാൽ പിന്നീട് പ്രതിരോധ കോട്ട ശക്തമാക്കിയ ബ്ലാസ്റ്റേഴ്‌സിനെതിരെ സ്കോർ ചെയ്യാൻ മുംബൈക്ക് സാധിച്ചില്ല. മുംബൈയുടെ അക്രമങ്ങളെ തടഞ്ഞു നിർത്തുന്നതിനിടയിൽ ബ്ലാസ്റ്റേഴ്‌സിന് ഗോൾ നേടാനും സാധിച്ചില്ല.

ഈ സീസണിൽ ഇതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് തോൽവി ഏറ്റു വാങ്ങിയതും മുംബൈക്കെതിരെയാണ്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ 2-0 എന്ന സ്കോറിനായിരുന്നു അന്ന് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം.

തങ്ങളെ ഹോം സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തിയ മുംബൈയെ അവരുടെ കോട്ടയിൽ പോയി ബ്ലാസ്റ്റേഴ്‌സ് തകർക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് ഉണ്ടായില്ലെന്ന് മാത്രമല്ല കനത്ത പരാജയം ബ്ലാസ്റ്റേഴ്‌സിന് ഏറ്റു വാങ്ങേണ്ടിയും വന്നു.

അതേസമയം 13 മത്സരങ്ങളിൽ നിന്നും 10 വിജയങ്ങൾ സ്വന്തമാക്കി 33 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാമതാണ് മുംബൈ. 13 മത്സരങ്ങളിൽ നിന്നും എട്ട് ജയങ്ങളോടെ 25 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ടേബിളിൽ ആദ്യ ആറ് സ്ഥാനത്ത് വരുന്ന ടീമുകൾക്കും ഈ സീസൺ മുതൽ സെമി ഫൈനൽ സാധ്യതയുണ്ട്.

 

Content Highlights:The record performance is over;finally blasters lost