ഗസയ്ക്കായി നമ്മളെന്തിന് പ്രതിഷേധിക്കണമെന്ന ചോദ്യം വിഢിത്തം നിറഞ്ഞത്: റസൂല്‍ പുക്കൂട്ടി
Kerala
ഗസയ്ക്കായി നമ്മളെന്തിന് പ്രതിഷേധിക്കണമെന്ന ചോദ്യം വിഢിത്തം നിറഞ്ഞത്: റസൂല്‍ പുക്കൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th August 2025, 3:30 pm

തിരുവനന്തപുരം: ഗസയിലെ വിഷയങ്ങള്‍ നമ്മുടെ പ്രശ്‌നമല്ലെന്ന് പറയുന്ന ആളുകളെ എങ്ങനെയാണ് ബോധവത്കരിക്കുകയെന്ന് സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി.

ഗസയില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ എന്തിനാണ് നമ്മള്‍ ഇവിടെ പ്രതിഷേധം നടത്തുന്നതെന്ന വിഢിത്തം നിറഞ്ഞ ചോദ്യങ്ങളാണ് പലരും ചോദിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു മീഡിയ വണ്ണിനോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിലവില്‍ ഗസാ നഗരം സമ്പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്രഈലിന്റെ നീക്കത്തിനെതിരെ ലോകാവ്യപകമായി പ്രതിഷേധം ഉയരുന്നുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും ഇസ്രഈലിനെതിരെ രംഗത്തുണ്ട്.

എന്നാല്‍ ഈ പ്രതിഷേധങ്ങളെയെല്ലാം മുഖവിലക്കെടുക്കാതെയാണ് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഗസക്കെതിരായ പദ്ധതികളിടുന്നത്. ഇന്നലെ (തിങ്കള്‍) തെക്കന്‍ ഗസയിലെ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

അല്‍ജസീറ ഫോട്ടോ ജേര്‍ണലിസ്റ്റ് മുഹമ്മദ് സലാമയടക്കം നാല് പേരാണ് മരിച്ചത്. മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകരടക്കം 20ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകരുടെ മരണത്തെ തുടര്‍ന്ന് ഗസയില്‍ ഇസ്രഈലിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. ഗസയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 246 പത്രപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

2025 ജൂണ്‍ വരെ 227 മാധ്യമപ്രവര്‍ത്തകരുടെ മരണങ്ങളാണ് ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തിയത്. ഇതില്‍ 197 പേര്‍ പുരുഷന്മാരും 30 പേര്‍ സ്ത്രീകളുമാണ്.

ഇതിനുപുറമെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് പട്ടിണി മരണങ്ങളാണ് ഗസയില്‍ രേഖപ്പെടുത്തുന്നത്. ഇതോടെ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ പട്ടിണി മൂലം മരിച്ചത് കുട്ടികളടക്കം 303 ആളുകളാണ്. 117 കുട്ടികളാണ് പട്ടിണിയെ തുടര്‍ന്ന് മരിച്ചത്.

ഒക്ടോബര്‍ മുതലുള്ള ഇസ്രഈല്‍ ആക്രമണത്തില്‍ 62,819 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 158,629 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 2,140 സന്നദ്ധപ്രവര്‍ത്തകരും ഗസയില്‍ കൊല്ലപ്പെട്ടു.

Content Highlight: The question of why we should protest for Gaza is full of nonsense: Resul Pookutty