വേണ്ടത് കൂറ്റന്‍ ജയം; ജീവന്‍ മരണ പോരാട്ടത്തില്‍ പാകിസ്ഥാന് കടുപ്പമേറെ!
Cricket
വേണ്ടത് കൂറ്റന്‍ ജയം; ജീവന്‍ മരണ പോരാട്ടത്തില്‍ പാകിസ്ഥാന് കടുപ്പമേറെ!
ഫസീഹ പി.സി.
Saturday, 28th February 2026, 12:32 pm

2026 ടി – 20 ലോകകപ്പില്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ അവസാനത്തോട് അടുക്കുകയാണ്. എന്നാല്‍, ഇതുവരെ രണ്ട് ടീമുകള്‍ മാത്രമാണ് സെമി ഫൈനല്‍ സ്‌പോട്ട് ഉറപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വണ്ണില്‍ നിന്ന് സൗത്ത് ആഫ്രിക്കയും ഗ്രൗണ്ട് രണ്ടില്‍ നിന്ന് ഇംഗ്ലണ്ടുമാണ് ഈ ടീമുകള്‍. കഴിഞ്ഞ ദിവസത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ടീം സെമി ഫൈനലിലേക്ക് മുന്നേറിയത്.

ഇംഗ്ലണ്ടിന് മുന്നില്‍ കിവീസിന് അടിപതറിയതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ക്ക് കൂടിയാണ് ജീവന്‍ വെച്ചത്. മെന്‍ ഇന്‍ ഗ്രീനിന് സാധ്യതയുണ്ടെങ്കിലും മുന്‍തൂക്കം ന്യൂസിലാന്‍ഡിന് തന്നെയാണ്. പക്ഷേ, ഇന്ന് പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ശ്രീലങ്ക – പാകിസ്ഥാന്‍ മത്സരമാണ് ഗ്രൂപ്പ് രണ്ടിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുക.

  ന്യൂസിലാൻഡ് ടീം. Photo: BlackCaps/x.com

കിവീസിന് സെമി ഫൈനല്‍ യോഗ്യത നേടാന്‍ ശ്രീലങ്ക പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ മാത്രം മതി. ഇനി പാകിസ്ഥാന്‍ ജയിച്ചാലും ന്യൂസിലാന്‍ഡിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല. അതിന് കാരണം ടീമിന്റെ +1.390 നെറ്റ് റണ്‍ റേറ്റാണ്. പാകിസ്ഥാന്‍ തോറ്റാലും ചെറിയ മാര്‍ജിനില്‍ ജയിച്ചാലും കിവീസിന് സെമിയിലേക്ക് മുന്നേറാം.

എന്നാല്‍, മറുവശത്ത് പാകിസ്ഥാനെ സംബന്ധിച്ച് കാര്യങ്ങള്‍ കുറച്ച് കൂടി കടുപ്പമാണ്. അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ലങ്കന്‍ ടീമിനെതിരെ ഒരു ജയത്തില്‍ മാത്രം പോരാ. വലിയ മാര്‍ജിനിലുള്ള ഒരു വിജയം മാത്രമേ ടീമിന്റെ മുന്നോട്ടുള്ള യാത്രക്ക് തുണയാവുകയുള്ളൂ.

പാകിസ്ഥാൻ ടീം.

ലങ്കയ്ക്ക് എതിരെ ആദ്യം ബാറ്റിങ്ങാണ് പാകിസ്ഥാന് ലഭിക്കുന്നതെങ്കില്‍ കുറഞ്ഞത് 64 റണ്‍സിനെങ്കിലും ജയിക്കണം. ഇനി രണ്ടാമതാണ് ടീമിന് ബാറ്റിങ്ങിന് അവസരമെങ്കില്‍ കുറച്ച് കൂടി കടുക്കും. കാരണം എതിരാളികള്‍ ഉയര്‍ത്തുന്ന വിജയലക്ഷ്യം 13.1 ഓവറില്‍ മറികടക്കണം.

എങ്കില്‍ മാത്രമേ കിവീസിന്റെ നെറ്റ് റണ്‍ റേറ്റിനെക്കാള്‍ മികച്ച റണ്‍ റേറ്റ് മെന്‍ ഇന്‍ ഗ്രീനിന് നേടാന്‍ സാധിക്കുക. നിലവില്‍ ടീമിന് ഒരു പോയിന്റും – 0.461 നെറ്റ് റണ്‍ റേറ്റുമാണുള്ളത്.

Content Highlight: The qualification scenario for Pakistan’s semi final qualification in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി