മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന്‍ എന്നതാണ് ജനവികാരം; പിന്തുണയുമായി മുസ്‌ലിം ലീഗ്
Kerala
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന്‍ എന്നതാണ് ജനവികാരം; പിന്തുണയുമായി മുസ്‌ലിം ലീഗ്
നിഷാന. വി.വി
Thursday, 30th April 2026, 12:14 pm

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പരസ്യ പിന്തുണയുമായി മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്ന എക്‌സിറ്റ് പോളുകളില്‍ വി.ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും ഹൈമാന്‍ഡ് ഈ ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്, ഏതെങ്കിലും ഒന്നോ രണ്ടോ എക്സിറ്റ് പോളായിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ വിശ്വസിക്കേണ്ട. എന്നാല്‍ യു.ഡി.എ.ഫിന് അനുകൂലമെന്നാണ് എല്ലാ ഫലങ്ങളും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലേ കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് കഴിഞ്ഞ തവണത്തേതുപോലെ, യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് നല്ല തീരുമാനത്തിലെത്തും. ലീഗിന് അവകാശപ്പെട്ടത് എല്ലാക്കാലത്തും യു.ഡി.എഫ് അനുവദിച്ചു തന്നിട്ടുണ്ട്. ഇത്തവണയും അതുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച തന്നെ ഉണ്ടായിട്ടില്ല. നല്ല മന്ത്രിസഭ രൂപീകരിക്കണം, നല്ല ഭരണം കാഴ്ചവെക്കണം എന്നു മാത്രമേ ലീഗിനുള്ളൂ. അര്‍ഹതപ്പെട്ടത് ലീഗിന് കിട്ടും. അവകാശവാദം ഉന്നയിക്കാനില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ കെ. മുരളീധരനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റുകള്‍ ലഭിക്കുമെന്നും എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന് മുന്‍തൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്നും കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ആരെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ഫലം വന്ന ശേഷം തീരുമാനം എടുത്താല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു. ജയിച്ചാല്‍ ടീം യു.ഡി.എഫിനാണ് ക്രെഡിറ്റ്. ജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളില്‍ വട്ടിയൂര്‍ക്കാവും ഉണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Content Highlight: The public sentiment is for VD Satheesan to be the Chief Minister; Muslim League supports him

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.