'വാടാ വേടാ' കൈ വിലങ്ങ് പൊട്ടിച്ച് വേടന്‍; നരിവേട്ടയിലെ പ്രൊമോ ഗാനമെത്തി
Film News
'വാടാ വേടാ' കൈ വിലങ്ങ് പൊട്ടിച്ച് വേടന്‍; നരിവേട്ടയിലെ പ്രൊമോ ഗാനമെത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th May 2025, 10:59 pm

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയുടെ പ്രൊമോ ഗാനമെത്തി. ‘വാടാ വേടാ..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് റാപ്പര്‍ വേടനാണ്. കഴിഞ്ഞ ദിവസം റെക്കോഡിങ് പൂര്‍ത്തിയാക്കിയതിന് ശേഷം സംവിധായകന്‍ അനുരാജ് മനോഹര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വേടന്‍ സിനിമയില്‍ പാടുന്ന കാര്യം പുറത്തുവിട്ടിരുന്നു.

വിവാദങ്ങള്‍ക്ക് ശേഷം റാപ്പര്‍ വേടന്‍ വീണ്ടും സിനിമയില്‍ പാടുന്നു എന്നത് അന്നേ വലിയ വാര്‍ത്തയായിരുന്നു. ഇനിയും പാടുമെന്നും ഈ സമയവും കടന്നുപോകുമെന്നും വേടന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ജേക്സ് ബിജോയിയാണ് നരിവേട്ടയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത്. കയ്യില്‍ വിലങ്ങുമായി നടന്നു വരുന്ന വേടനെ കാണിച്ചു കൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. ഒപ്പം സിനിമയിലെ ചില രംഗങ്ങളും പ്രൊമോ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ ‘വാടാ വേടാ..’ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വേടന് സപ്പോര്‍ട്ടുമായി നിരവധി ആളുകളാണ് കമന്റുമായി വന്നത്. വേടന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും പൊള്ളുന്നെങ്കില്‍ അവിടെയാണ് വേടന്റെ വിജയമെന്നും വരികള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്നും കമന്റുകളുണ്ട്.


മെയ് 23നാണ് നരിവേട്ട തിയേറ്ററുകളില്‍ എത്തുന്നത്. സിനിമയിലെ ‘മിന്നല്‍വള’, ‘ആടു പൊന്‍മയിലേ’ എന്നീ ഗാനങ്ങള്‍ നേരത്തെ പുറത്തിറങ്ങുകയും ട്രെന്‍ഡിങ്ങില്‍ ആകുകയും ചെയ്തിരുന്നു. സംവിധായകന്‍ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ചിത്രമാണ് നരിവേട്ട.

വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളായി ടൊവിനോ തോമസ് എത്തുമ്പോള്‍ കൂടെ ആര്യ സലിം, സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഒപ്പം പ്രശസ്ത തമിഴ് സംവിധായകന്‍ ചേരന്‍ ആദ്യമായി ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്.

മെയ് 16നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. പിന്നീട് റിലീസ് തീയതി മാറ്റുകയായിരുന്നു. നരിവേട്ട നിര്‍മിക്കുന്നത് ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlight: The promo song sung by Rapper Vedan from the movie Narivetta has been released