രാജീവ് ചന്ദ്രശേഖരൻ്റെ കോമാളിത്തരത്തേക്കാൾ അധികപ്രസംഗം പ്രധാനമന്ത്രിയുടെ പരിഹാസം: തോമസ് ഐസക്
Kerala News
രാജീവ് ചന്ദ്രശേഖരൻ്റെ കോമാളിത്തരത്തേക്കാൾ അധികപ്രസംഗം പ്രധാനമന്ത്രിയുടെ പരിഹാസം: തോമസ് ഐസക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd May 2025, 6:23 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും വിമർശിച്ച് സി.പി.ഐ.എം നേതാവ് തോമസ് ഐസക്. വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങില്‍ ഗൗതം അദാനിയെ മന്ത്രി വി.എന്‍. വാസവന്‍ ‘പാട്ണർ’ എന്ന് പരാമര്‍ശിച്ചതിനെ മോദി പരിഹസിച്ചിരുന്നു. പിന്നാലെയാണ് മറുപടിയുമായി തോമസ് ഐസക് എത്തിയത്.

ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ്റെ കോമാളിത്തരത്തേക്കാൾ തനിക്ക് അധികപ്രസംഗമായി തോന്നിയത് കമ്മ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രി അദാനിയെ പാർട്ണർ എന്നു വിശേഷിപ്പിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരിഹാസമാണെന്ന് പറഞ്ഞ അദ്ദേഹം മോദിക്ക് കേരളത്തിൻ്റെ ചരിത്രം അറിയില്ലെന്ന് വിമർശിച്ചു.

മോദിക്ക് കേരളത്തിന്റെ ചരിത്രമറിയില്ല. അദാനിയെ എതിര്‍ത്തതുപോലെ മുന്‍പ് ബിര്‍ളയെയും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ വികസന കാര്യത്തില്‍ ഇവരുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

‘ഏതാനും ശിങ്കിടി മുതലാളിമാരെ ആഗോള കമ്പനികളായി വളർത്തുന്നതാണ് രാജ്യത്തിൻ്റെ വികസനത്തിനുള്ള കുറുക്കുവഴിയായി മോദി കാണുന്നത്. രാജ്യത്തെ പൊതുമേഖലയും പൊതുസ്വത്തും ഇവർക്ക് തീറെഴുതുന്നു. വിദേശ രാജ്യങ്ങളിൽ ഇവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മുൻകൈയെടുക്കുന്നു. ഈ സമീപനത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് അദാനി. അത് ഇനിയും തുറന്നുകാണിക്കും.
പക്ഷേ, മേൽപ്പറഞ്ഞ ശിങ്കിടിമുതലാളിത്തം നയമായി അംഗീകരിച്ചുള്ള ഫെഡറൽ സംവിധാനത്തിനുള്ളിലാണ് കേരളം പ്രവർത്തിക്കുന്നത്. ആ യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് കേരളത്തിനു നേട്ടമുണ്ടാക്കാൻ എന്താണോ വേണ്ടത് അതു ചെയ്യും. ഫെഡറൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധ്യമായൊരു ബദൽ വികസനപാത സ്വീകരിക്കുകയും ചെയ്യും.

വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ ഒരു കാര്യമെടുക്കാം. 1996ലെ നായനാർ സർക്കാരാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിന് മുൻകൈയെടുത്തത്. പിന്നീട് വി.എസ് സർക്കാരിൻ്റെ കാലത്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും നടക്കാതെ പോയത് അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അനുമതി നിഷേധിച്ചതുകൊണ്ട് മാത്രമാണ്. 2015ൽ യു.ഡി.എഫ് സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് നിശിതമായ വിമർശനം ഞങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല, മുതൽമുടക്കിൻ്റെ സിംഹപങ്കും വഹിക്കുന്ന കേരളത്തിന് 20 കൊല്ലം കഴിഞ്ഞേ നേരിട്ടുള്ള ലാഭത്തിൻ്റെ നക്കാപ്പിച്ച കിട്ടൂ. ഏതാണ്ട് 40 വർഷക്കാലം ഇങ്ങനെ തുച്ഛമായ ലാഭവിഹിതംകൊണ്ട് കേരളം തൃപ്തിയടയണം.

പക്ഷേ, ഇന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് ഞങ്ങള്‍ കൈക്കൊണ്ടത്. വികസന കാര്യത്തില്‍ രാഷ്ട്രീയ വേർതിരിവ് വേണ്ട എന്ന നയമാണ് കൈക്കൊണ്ടത്.
അത് പ്രകാരമാണ് 2016ല്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്,’ അദ്ദേഹം പറഞ്ഞു.

അദാനിയെ വിമർശിക്കുമ്പോഴും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെ ചെറുത്തപ്പോഴും കേരളത്തിൻ്റെ വികസനത്തിന് അത്യന്താപേക്ഷിതമായ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് തടസമുണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കരാർ പ്രകാരം 2045ൽ പൂർത്തീകരിക്കേണ്ട നിർമാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തീകരിക്കാനുള്ള ലക്ഷ്യമിട്ടാണ് ഇപ്പോൾ പ്രവർത്തനം. ഇതിൽ അദാനിയുമായി യോജിച്ചു പ്രവർത്തിക്കും. ആ രാഷ്ട്രീയ നിലപാടിനെ പ്രധാനമന്ത്രി പരിഹസിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരള വികസനത്തെ എങ്ങനെ തടസപ്പെടുത്താം എന്നുള്ളതാണ് മോദിയുടെയും നാഗ്പൂരിലെ ശിങ്കിടികളുടെയും ഗവേഷണം. കിഫ്ബിയെ തകർക്കാനുള്ള നടപടി തന്നെ ഏറ്റവും നല്ല ഉദാഹരണം. തന്റെ സ്വന്തക്കാരൻ അദാനിയുടെ പോർട്ട് ആയിരുന്നിട്ടുപോലും മൊത്തം ചെലവിന്റെ 10 ശതമാനം വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി നൽകാമെന്നു പറഞ്ഞിരുന്നതിൽ നിന്നുപോലും കേന്ദ്രം അവസാനം പിൻമാറി. അത് തിരിച്ചയ്ക്കേണ്ട വായ്പയായിട്ടാണ് കേന്ദ്രം നൽകുന്നത്. അങ്ങനെ നോക്കുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിൻ്റെ സഹായം വട്ടപ്പൂജ്യം ആണ്. എന്നിട്ടാണ് സ്റ്റേജിൽ നിന്നൊരു കോമാളി മുദ്രാവാക്യം മുഴക്കി കേന്ദ്ര സർക്കാരിനെ അഭിവാദ്യം ചെയ്തത്,’ തോമസ് ഐസക് വിമർശിച്ചു.

 

Content Highlight: The Prime Minister’s speech is more of a mockery than Rajiv Chandrasekhar’s antics: Thomas Isaac