തിരുവനന്തപുരം: മലയാളിയായ മദര്‍ ഏലീശ്വ വാകയിലിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമെന്ന് വത്തിക്കാന്‍. 2025 നവംബര്‍ എട്ടിന് മാര്‍പ്പാപ്പ ലിയോ പതിനാലാമനാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുക. ഭാരത കത്തോലിക്കാസഭയുടെ ആദ്യത്തെ സന്യാസിനിയായിരുന്നു മദര്‍ ഏലീശ്വ.
സന്യാസിനി സമൂഹമായ കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റിന്റെ സ്ഥാപക കൂടിയാണ് മദര്‍ ഏലീശ്വ. ഈ വര്‍ഷം ഏപ്രിലില്‍ മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച കാനോനികവും ദൈവശാസ്ത്രപരവുമായ അത്ഭുതങ്ങളെ വത്തിക്കാന്‍ അംഗീകരിച്ചിരുന്നു.
വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയും അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയും മദര്‍ ഏലീശ്വയുടെ അത്ഭുത പ്രവര്‍ത്തികള്‍ അംഗീകരിച്ച് ധന്യപദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു.
1831 ഒക്ടോബര്‍ 15ന് വരാപ്പുഴക്ക് സമീപം ഓച്ചന്തുരുത്ത് കുരിശിങ്കല്‍ കപ്പിത്താന്‍ കുടുംബത്തില്‍ തൊമ്മന്‍ – താണ്ട ദമ്പതികളുടെ എട്ട് മക്കളില്‍ ആദ്യ പുത്രിയായാണ് ഏലീശ്വ ജനിച്ചത്. ബാല്യം മുതല്‍ ആത്മീയതയില്‍ തത്പരയായിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തയായിരുന്നു.
1847ല്‍ വറീത് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അന്ന എന്ന മകളും പിറന്നിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. മറ്റൊരു വിവാഹജീവിതത്തിന് വിസമ്മതിച്ച ഏലീശ്വ, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പടെ സജീവമാവുകയായിരുന്നു.
ആത്മീയതയുമായി കൂടുതല്‍ അടുത്ത ഏലീശ്വ പിന്നീട് ഇറ്റാലിയന്‍ വൈദീകനായിരുന്ന ഫാ. ലെയോപോള്‍ഡ് ഒ.സി.ഡിയുടെ ശിഷ്യയായി. പിന്നീട് 1866 ഫെബ്രുവരി 13ന് തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കര്‍മലീത്ത മൂന്നാം സമൂഹത്തിന് രൂപം നല്‍കി.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ച ഏലീശ്വ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ബോര്‍ഡിംഗ് സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്‌കൂളും ബോര്‍ഡിംഗ് ഹൗസും പെണ്‍കുട്ടികള്‍ക്കായി അനാഥാലയവും സ്ഥാപിച്ചത് മദര്‍ എലീശ്വയായിരുന്നു. മദര്‍ ഏലിശ്വയ്ക്ക് ഒപ്പം സഹോദരി ത്രേസ്യയും മകള്‍ അന്നയും സന്യാസത്തിന്റെ വഴി സ്വീകരിച്ചിരുന്നു. 1913 ജൂലൈ 18നാണ് ഏലീശ്വ അന്തരിച്ചത്.
Content Highlight: The Pope will declare mother Eliswa as blessed.