10 കിലോ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ സി.സി.ടി.വിയില്‍ കുടുങ്ങി
Kerala News
10 കിലോ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ സി.സി.ടി.വിയില്‍ കുടുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th October 2022, 6:46 pm

കോട്ടയം: കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ സി.സി.ടി.വിയില്‍ കുടുങ്ങി. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ പഴക്കടയില്‍ നിന്ന് 10 കിലോ മാമ്പഴമാണ് പൊലീസുകാരന്‍ എടുത്തത്.

കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. രാവിലെ കടയുടമ എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ വ്യക്തമായതാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.

ഇടുക്കി എ.ആര്‍.ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശിഹാബാണ് മോഷ്ടാവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മുണ്ടക്കയം വണ്ടംപതാല്‍ സ്വദേശിയാണ് ശിഹാബ്. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. 600 രൂപയോളം വില വരുന്ന മാമ്പഴമാണ് പൊലീസുകാരന്‍ മോഷ്ടിച്ചത്.