ഷാരോണിന്റേത് കൊലപാതകമെന്ന് പൊലീസ്; അന്വേഷണ സംഘത്തിന് മുന്നില്‍ സുഹൃത്തിന്റെ കുറ്റസമ്മതം
Kerala News
ഷാരോണിന്റേത് കൊലപാതകമെന്ന് പൊലീസ്; അന്വേഷണ സംഘത്തിന് മുന്നില്‍ സുഹൃത്തിന്റെ കുറ്റസമ്മതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th October 2022, 5:56 pm

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഷാരോണിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സൃഹൃത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ കുറ്റസമ്മതം നടത്തി.

ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പാറശാല പൊലീസില്‍നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പെണ്‍കുട്ടിയെ സുദീര്‍ഘമായി ചോദ്യം ചെയ്തിരുന്നു. എട്ട് മണിക്കൂറോളമാണ് ഗ്രീഷമയെ ചോദ്യം ചെയ്തത്.

റൂറല്‍ എസ്.പി ഡി.ശില്‍പയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിനു പിന്നാലെ മൊഴി നല്‍കാന്‍ എത്തണമെന്ന് കാണിച്ച് പെണ്‍കുട്ടിക്ക് കത്ത് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ. ജോണ്‍സനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. റൂറല്‍ എസ്.പിയും എ.എസ്.പി സുല്‍ഫിക്കറും അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നുണ്ട്.

ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഷാരോണ്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത്.

CONTENT HIGHLIGHT:  The police said that the death of Sharon, a native of Parassala, was a murder