ഏഷ്യാനെറ്റ് ബഹിഷ്‌ക്കരിക്കാന്‍ പാര്‍ട്ടി ഇനിയെങ്കിലും തയ്യാറാകണം; കോടിയേരിയുടെ ഫേസ്ബുക്ക് പേജില്‍ സി.പി.ഐ.എം അനുഭാവികളുടെ പൊങ്കാല
Kerala
ഏഷ്യാനെറ്റ് ബഹിഷ്‌ക്കരിക്കാന്‍ പാര്‍ട്ടി ഇനിയെങ്കിലും തയ്യാറാകണം; കോടിയേരിയുടെ ഫേസ്ബുക്ക് പേജില്‍ സി.പി.ഐ.എം അനുഭാവികളുടെ പൊങ്കാല
ന്യൂസ് ഡെസ്‌ക്
Friday, 23rd October 2020, 3:24 pm

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.ഐ.എം പ്രതിനിധികളെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം അനുഭാവികള്‍.

ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധികളെ വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലാണ് അനുഭാവികള്‍ പൊങ്കാലയുമായി എത്തിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകനായ യാസിര്‍ എടപ്പാളിന്റെ ഫേസ്ബുക്ക് പോസ്റ്റ് സി.പി.ഐ.എം പ്രതിനിധി ഡോ. വി.പി.പി.മുസ്തഫ വായിച്ചതും അതില്‍ അശ്ലീല പദപ്രയോഗങ്ങള്‍ ഉണ്ടായെന്നും കാണിച്ചായിരുന്നു ചാനല്‍ അവതാരകനായ വിനു വി ജോണ്‍ രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാര ശൂന്യരെ ദയവ് ചെയ്ത് സി.പി.ഐ.എം പോലുള്ള ഉന്നത രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ചകളിലേക്ക് പറഞ്ഞുവിടരുതെന്ന് അവതാരകന്‍ വിനു വി ജോണ്‍ പ്രസ്താവനയും നടത്തിയിരുന്നു. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം.

എന്ത് കണ്ടിട്ടാണ് ഏഷ്യാനെറ്റിലേക്ക് വീണ്ടും സഖാക്കളെ അയക്കുന്നതെന്നും സഖാവ് മുസ്തഫയെ സംസ്‌ക്കാര ശൂന്യന്‍ എന്ന് വിളിച്ചപ്പോള്‍ നിങ്ങള്‍ക്ക് വേദനിച്ചുകാണില്ലെന്നും എന്നാല്‍ സഖാക്കള്‍ക്ക് വേദനിച്ചെന്നുമായിരുന്നു ഫേസ്ബുക്കില്‍ ചിലര്‍ പ്രതികരിച്ചത്.

സി.പി.ഐ.എം പ്രതിനിധികളെ ഏഷ്യാനെറ്റ് ചര്‍ച്ചയിലേക്ക് അയച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നും ഒരു മാസം ഇവിടെയെന്തെങ്കിലും സംഭവിച്ചിരുന്നോ എന്നുമാണ് ചിലരുടെ ചോദ്യം. പാര്‍ട്ടി പ്രതിനിധികള്‍ ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ ഇനിയും പങ്കെടുക്കുന്നതിനെ കുറിച്ച് പുനപരിശോധന നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കണമെന്നും മാധ്യമമേലാളന്മാരുടെ അട്ടഹാസവും പരിഹാസവും ഏറ്റുവാങ്ങേണ്ടവരല്ല നമ്മളെന്നുമാണ് ചിലര്‍ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് താങ്കള്‍ക്ക് എന്തുറപ്പാണ് തന്നതെന്ന് വിശദീകരിക്കണം, സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ ബലി കൊടുക്കരുത്
അപേക്ഷയാണ്.

അപവാദ പ്രചാരണങ്ങളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വെമ്പല്‍ കൊള്ളുന്ന ഏഷ്യാനെറ്റെന്ന വാര്‍ത്താ മാധ്യമത്തിന്റെ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്നത് പുന:പരിശോധിക്കണമെന്നും ഇവര്‍ പറയുന്നു.

‘തെറ്റ് പറ്റി സഖാവേ തിരുത്തണം, ഏഷ്യാനെറ്റില്‍ സഖാക്കള്‍ ചര്‍ച്ചക്ക് പോകരുത്, രാപകലില്ലാതെ ഈ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് സഖാക്കളുടെ മുഖത്തടിച്ചപോലെ ആയി ഏഷ്യാനെറ്റില്‍ വീണ്ടും ചര്‍ച്ചക്ക് പോകാം എന്നുള്ള പാര്‍ട്ടിയുടെ നിലപാട്’, എന്നാണ് ചിലര്‍ കുറിച്ചത്.

സി.പി.ഐ.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കുറഞ്ഞ സെക്രെട്ടറി എന്ന പദവി താങ്കള്‍ക്ക് തന്നെയായിരിക്കുമെന്നും മാധ്യമങ്ങളോടുള്ള മൃദു സമീപനം മുതല്‍ ഇങ്ങോട്ട് പറയാനുണ്ടെന്നും പാര്‍ട്ടി സ്വയം തിരുത്തുന്ന കാലം വരെ അനുഭവിക്കട്ടെയെന്നുമാണ് ചിലര്‍ പ്രതികരിച്ചത്.

എന്ത് ഉറപ്പാണ് ഏഷ്യാനെറ്റ് ചാനലിനു കൊടുത്തതെന്ന് താങ്കള്‍ പറയണമെന്നും സഖാക്കളെ നിലവാരമില്ലാത്തവര്‍ എന്ന് വിളിച്ചാല്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഉറപ്പായും പ്രതികരിക്കുമെന്നും നിവര്‍ത്തിയില്ലാത്തത് കൊണ്ടാണ് ഇത് പറയുന്നതെന്നുമാണ് ചിലര്‍ കമന്റില്‍ പറഞ്ഞത്.

മാന്യമായി പെരുമാറുകയോ ഉത്തരം പറയാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന് അറിഞ്ഞിട്ടും ഈ ചാനലില്‍ വീണ്ടും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് തെറ്റായ തീരുമാനമാണ്. ഏഷ്യാനെറ്റിന്റെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല എങ്കില്‍ സി.പി.ഐ.എം എന്ന പ്രസ്ഥാനത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് താങ്കള്‍ പറയണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിക്കണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി അണികള്‍ക്ക് വില കൊടുക്കാതെ സ്വയം തീരുമാനമെടുക്കുകയാണ് താങ്കളെന്നും ഏഷ്യാനെറ്റുകാരന്‍ സ്വന്തക്കാരനാണെങ്കില്‍ ഇനി ന്യായീകരിക്കാന്‍ അണികളെ കിട്ടില്ലെന്നുമാണ് ചിലര്‍ കോടിയേരിയുടെ പേജില്‍ പറയുന്നത്.

പാര്‍ട്ടിക്കെതിരെ ശത്രുത വെച്ചു പുലര്‍ത്തി ചാനല്‍ ചര്‍ച്ചയുടെ എല്ലാവിധ പതിവ് കീഴ്‌വഴക്കങ്ങളും ലംഘിച്ചു കൊണ്ട് കഴിഞ്ഞു പോയ ഒരു ചര്‍ച്ചയുടെ മേല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത പാനലിസ്റ്റിന്റെ അഭാവത്തില്‍ തികച്ചും ഏകപക്ഷീയമായി പ്രത്യേകമായ വിലയിരുത്തല്‍ നടത്തി ,
പാര്‍ട്ടിയെയും പങ്കെടുത്ത സഖാവിനെയും അപമാനിച്ച ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.

വിഷയത്തില്‍ ചാനലിനെതിരെയും പ്രസ്തുത അവതാരകനെതിരെയും നിയമപരമോ, രാഷ്ട്രീയമായോ സാധ്യമായ എല്ലാ നടപടികളുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം തയ്യാറാവണമെന്നാണ് ചിലരുടെ അഭ്യര്‍ത്ഥന.

സഖാവ് മുസ്തഫയെ കുറിച്ച് അപവാദം പറഞ്ഞ വിനുവിനെതിരെ ഒരു പ്രസ്താവന നടത്താന്‍ ധൈര്യമുണ്ടോയെന്നും അതോ അങ്ങയുടെയും മകന്റെയും മടിയില്‍ കനമുള്ളത് കൊണ്ട് ഭയമാണോ എന്നുമാണ് മറ്റു ചിലരുടെ ചോദ്യം.

ഏഷ്യാനെറ്റ് മാത്രമല്ല മാതൃഭൂമി ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടി പ്രതിനിധികളെ അയക്കരുതെന്നും ഇവരുടെ സമീപനം തികഞ്ഞ സി.പി.ഐ.എം ശത്രുതയാണെന്നുമാണ് ചില പ്രതികരണങ്ങള്‍.

വീണു കിട്ടുന്നതെന്തും വക്രീകരിച്ചു സി.പി.ഐ.എമ്മിനെതിരെ ഉപയോഗിക്കുകയാണ് ഈ ചാനലുകളിലെ വിനുവും, വേണുവും. മറ്റു ചാനലുകളിലും ഇത്തരം സി.പി.ഐ.എം ശത്രുത പച്ചയായി പ്രകടിപ്പിക്കുന്ന ചില ആങ്കര്‍മാരുണ്ട്. ഇവരൊക്കെ സി.പി.ഐ.എമ്മിനോട് പ്രത്യേക ഔദാര്യം കാണിക്കണമെന്നല്ല പറയുന്നത്. ന്യായമായ, മാന്യമായ സമീപനം ഉണ്ടാകണമെന്നു മാത്രമാണ്.

പാര്‍ട്ടിയുടെയോ, സര്‍ക്കാറിന്റെയോ വീഴ്ചകളെ, പോരായ്മകളെ വിമര്‍ശിക്കട്ടെ. ഡിബേറ്റുകളില്‍ പങ്കെടുക്കുന്ന സഖാക്കള്‍ക്കു ന്യായമായ സമയം അനുവദിക്കുകയും, നിരന്തര ഇടപെടലുകളിലൂടെ സമയം കവര്‍ന്നെടുക്കുന്നത് അവസാനിപ്പിക്കുകയും വേണം.

ഏഷ്യാനെറ്റുമായി പാര്‍ട്ടി വീണ്ടും സഹകരിക്കാന്‍ തയ്യാറായെങ്കിലും വിനു അയാളുടെ മുന്‍ സമീപനം തന്നെ തുടര്‍ന്നു വരുന്നതായാണ് കാണുന്നത്. എല്ലാ ചാനലുകളിലെയും എല്ലാ ആങ്കര്‍മാരും ഒരുപോലെയാണെന്നല്ല പറയുന്നത്. വിനു,നിഷ, വേണു, പരുത്തിക്കാട് അയ്യപ്പദാസ്, ഗോപി കൃഷ്ണന്‍ തുടങ്ങിയ ചിലരാണ് പ്രകടമായ സി.പി.ഐ.എം പിണറായിവിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നത്. ദൃശ്യമാധ്യമ മാനേജുമെന്റുകള്‍ക്കു അവരുടെ രാഷ്ട്രീയ നിലപാടു കാണും. പക്ഷെ ആങ്കര്‍മാരെ ഉപയോഗിച്ചുകൊണ്ട് മാധ്യമ മര്യാദക്ക് നിരക്കാത്ത നിലയില്‍ പാര്‍ട്ടിക്കുനേരെ കടന്നാക്രമണം നടത്തുന്ന ചാനലുകളുടെ കാര്യത്തില്‍ എന്തുചെയ്യാനാകുമെന്നു പാര്‍ട്ടി ആലോചിക്കണമെന്നും ചിലര്‍ കോടിയേരിയോട് ആവശ്യപ്പെടുന്നു.

സി.പി.ഐ.എമ്മിനേയും നേതാക്കളെയും പ്രതിനിധികളെയും അധിക്ഷേപിക്കാന്‍ വേണ്ടി മാത്രം ചര്‍ച്ച നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌ക്കരിക്കാന്‍ പാര്‍ട്ടി ഇനിയെങ്കിലും തയ്യാറാവണമെന്നും ബോയ്‌കോട്ട് ഏഷ്യാനെറ്റ് എന്ന ഹാഷ്ടാഗില്‍ ചിലര്‍ ആവശ്യപ്പെടുന്നത്.

പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സി.പി.ഐ.എം പോലുള്ള ഉന്നത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ചര്‍ച്ചകളിലേക്ക് പറഞ്ഞുവിടരുതെന്ന അവതാരകന്‍ വിനു വി ജോണിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഡോ.വി.പി.പി.മുസ്തഫ രംഗത്തെത്തിയിരുന്നു.

മന്ത്രി കെ.ടി.ജലീലിനെതിരായ തികച്ചും അടിസ്ഥാനരഹിതമായ ചര്‍ച്ചയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നടത്തിയിരുന്നതെന്നും, അങ്ങനെ ഒരു വിഷയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന്റെ, ഏഷ്യാനെറ്റിനെ അതിന് പ്രേരിപ്പിച്ചതിന്റെ രാഷ്ട്രീയം വിശദീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും വി.പി.പി.മുസ്തഫ പറഞ്ഞിരുന്നു.

‘മാന്യനായ ഒരു പ്രവാസിയെ കെ.ടി.ജലീല്‍ അന്യായമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍, സ്വാഭാവികമായും അവര്‍ മാന്യനായ പ്രവാസിയായി അവതരിപ്പിക്കുന്നയാള്‍ അത്തരത്തില്‍ ഒരു മാന്യനല്ലെന്നും ഒരു പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പോലും പറ്റിയ ആളല്ലെന്നും വിശദീകരിക്കേണ്ടത് സി.പി.ഐ.എമ്മിനെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയില്‍ എന്റെ ചുമതലയായിരുന്നു. അയാള്‍ എത്രമാത്രം സ്ത്രീവിരുദ്ധനാണ്, സാമൂഹ്യവിരുദ്ധനാണ് എന്നത് സ്ഥാപിച്ചിട്ടല്ലാതെ ഈ ചര്‍ച്ച തുടരാനാകുമോ?

യാസിര്‍ എടപ്പാളിന്റെ ശരിയായ മുഖം പ്രേക്ഷകര്‍ക്ക് മനസിലാകാന്‍ അയാളുടെ പോസ്റ്റുകളില്‍ ഒരെണ്ണം, അതും പൂര്‍ണമായല്ല ആദ്യത്തെ മൂന്നോ നാലോ വരികളെ ഞാന്‍ വായിച്ചിട്ടുള്ളൂ, ഇതാണ് ഉണ്ടായത്. ഏഷ്യാനെറ്റും വിനു വി ജോണും അവകാശപ്പെടുന്നത് അവര്‍ നിക്ഷ്പക്ഷ മാധ്യമമാണെന്നാണ്. പക്ഷെ അങ്ങനെ ഒരു ചര്‍ച്ചയാണോ നടത്തിയതെന്നും വി.പി.പി.മുസ്തഫ ചോദിക്കുന്നു.

ജൂലൈ 20 നാണ് ചാനല്‍ അവതാരകര്‍ ചര്‍ച്ചകളില്‍ പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് സി.പി.ഐ.എം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം ആരംഭിച്ചത്.

ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ വ്യക്തമാക്കാനും പാര്‍ട്ടി നിലപാടുകള്‍ അറിയിക്കാനും സമയം തരാത്ത തരത്തിലാണ് അവതാരകന്റെ സമീപനമെന്നായിരുന്നു സി.പി.ഐ.എം പറഞ്ഞിരുന്നത്.

അവതാരകന്‍ ഒരു സാമാന്യ മര്യാദ പോലും കാണിക്കാതെ പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറുന്നെന്നും സി.പി.ഐ.എം ആരോപിച്ചിരുന്നു.

സി.പി.ഐ.എം നേതാവ് പി.രാജീവ് പങ്കെടുത്ത ചര്‍ച്ച പതിമൂന്നു തവണയും എം.ബി രാജേഷ് സംസാരിക്കുമ്പോള്‍ പതിനേഴ് തവണയും സ്വരാജ് സംസാരിക്കുമ്പോള്‍ പതിനെട്ടു തവണയും അവതാരകന്‍ തടസ്സപ്പെടുത്തിയെന്ന് സി.പി.ഐ.എം അന്ന് പറഞ്ഞിരുന്നു.

പിന്നീട് ഈ മാസം 16ാം തിയതിയാണ് സി.പി.ഐ.എം പ്രതിനിധികള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചത്.

‘ഏഷ്യാനെറ്റ് അധികൃതര്‍ ഞങ്ങളെ വന്ന് കണ്ടിരുന്നു. അവരുമായി സംസാരിച്ചു. കുറച്ചുകാലം അവരുടെ പരിപാടികളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അത് ഞങ്ങള്‍ അവരുമായി സംസാരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള പരിപാടികളില്‍ ഞങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്യും’, എന്നായിരുന്നു കോടിയേരി പറഞ്ഞത്.

മാധ്യമങ്ങളോട് ശത്രുതയില്ലെന്നും ഇങ്ങോട്ട് സ്വീകരിക്കുന്ന നിലപാടിനനുസരിച്ചായിരിക്കും തങ്ങള്‍ അങ്ങോട്ടുള്ള നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സി.പി.ഐ.എം ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് പരിഗണിച്ച് സമീപിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: the party must boycott Asianet; CPIM supporter against Kodiyeri Balakrishnan