കാസർഗോഡ്: പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കിണറിൽ നിന്നും നിധി എടുക്കാൻ പോയ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച് മുസ്‌ലിം ലീഗ്. ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ പി. എം. മുനീര്‍ ഹാജി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
ഒരാഴ്ച മുമ്പാണ് ഇദ്ദേഹം കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാന്‍ ശ്രമിച്ചത്. കണ്ണൂരില്‍ സമാനമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിധി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റായ മുജീബ് സംഘത്തെ ഇവിടേക്ക് പറഞ്ഞയച്ചത്.
നിധി ലഭിച്ചാല്‍ എല്ലാവര്‍ക്കും ചേര്‍ന്ന് ഇത് പങ്കിടാമെന്ന് പറഞ്ഞായിരുന്നു കുഴിക്കാനിറങ്ങിയത്. എന്നാല്‍ കോട്ടയ്ക്ക് അകത്ത് നിന്ന് കുഴിക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. നാട്ടുകാരെ കണ്ടതോടെ കിണറിന് പുറത്ത് നിന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഉള്ളിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുന്‍പും ഇവര്‍ ഇവിടെയെത്തി നിധി അന്വേഷിച്ചിരുന്നുവെന്നാണ് വിവരം. പുരാവസ്തു വകുപ്പിന്റെ പരാതിയിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സി.പി.ഐ.എം, കോണ്‍ഗ്രസ് കക്ഷികളെല്ലാം മുജീബ് കമ്പാറിനെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാവശ്യപ്പെട്ട് പഞ്ചായത്തിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയിലാണ് നിധി തേടി പുരാവസ്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിൽ ഇറങ്ങിയ വൈസ് പ്രസിഡന്റ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശബ്ദം കേട്ടു വന്ന പരിസരവാസികളാണ് ആദ്യം സംഭവമറിയുന്നത്. നോക്കിയപ്പോൾ കിണറ്റില്‍ രണ്ടുപേർ മൺവെട്ടി ഉപയോഗിച്ച് കിളയ്ക്കുന്നതാണ് കണ്ടത്. നാട്ടുകാരെ കണ്ടതോടെ കിണറിന്റെ സമീപത്ത് നിന്നവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടി കുമ്പള പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
Content Highlight: The panchayat vice president who sought the treasure was removed from the Muslim League posts